FeaturedHome-bannerKeralaNews

മുതിർന്ന മാധ്യമപ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു

കോട്ടയം: മുതിർന്ന മാധ്യമപ്രവർത്തകൻ എ സഹദേവൻ അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കരൾ രോഗത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഹൃദയാഘാതത്തെ തുടർന്നാണ് ആരോഗ്യനില വഷളായത്. മാതൃഭൂമി, ഇന്ത്യാവിഷൻ, മനോരമ മീഡിയ സ്കൂൾ എന്നിവിടങ്ങളിൽ പ്രവര്‍ത്തിച്ചിരുന്നു.

മലയാള മാധ്യമരംഗത്ത് സിനിമ വിശകലനത്തിന്‍റെയും അവലോകനത്തിന്‍റെയും പുതുവഴികൾ തുറന്നിട്ട മാധ്യമപ്രവർത്തകനായിരുന്നു എ സഹദേവൻ. സിനിമയ്ക്കൊപ്പം പരിസ്ഥിതി, സ്ത്രീപക്ഷ എഴുത്ത് എന്നിവയെ ചേർത്തുപിടിച്ച സഹദേവൻ, ദൃശ്യമാധ്യമ രംഗത്തും തനതായ ശൈലിയിലൂടെ എന്നും വേറിട്ടുനിന്നു.

സിനിമയുടെ രസതന്ത്രമെഴുതി മലയാള മാധ്യമരംഗത്ത് തന്‍റെതായ ഒരിടം കൃത്യമായി അടയാളപ്പെടുത്തിയ പത്രപ്രവർത്തകൻ. ലോകസിനിമയുടെ രാഷ്ട്രീയം സൂക്ഷമതയോടെ പഠിച്ച് ആധികാരികതയോടെ അവതരിപ്പിച്ച മാധ്യമപ്രവർത്തകനായിരുന്നു എ സഹദേവൻ. ലോക സിനിമയിലെ മാറ്റങ്ങൾ ഉൾക്കൊണ്ട് ഇന്ത്യൻ സിനിമയിലും പരീക്ഷണങ്ങളുണ്ടായ കാലഘട്ടത്തിൽ മലയാളത്തിൽ അവയെ ഗൗരവത്തോടെ സമീപിച്ച മാധ്യമ പ്രവർത്തകർ വളരെ കുറവായിരുന്നു. അക്കാലത്താണ് സിനിമയെഴുത്തിന്‍റെ പുതിയ ഭാഷ സഹദേവൻ പരിചയപ്പെടുത്തുന്നത്. എല്ലാവരും സ്കൂപ്പുകൾക്കും രാഷ്ട്രീയ റിപ്പോർട്ടിംഗിനും പുറകേ പോയപ്പോൾ സിനിമയാണ് തന്‍റെ വഴിയെന്ന് സഹദേവനുറപ്പിച്ചു. മാതൃഭൂമിയിലെ ഔദ്യോഗിക നിയോഗ മനുസരിച്ച് മദ്രാസിലെത്തിയതോടെ സിനിമാ ബന്ധങ്ങൾ ഊഷ്മളമായി.

മുഖ്യധാരാ സിനിമകൾക്കൊപ്പം പരീക്ഷണ ചിത്രങ്ങളുടെ വേരുകൾ വരെ നേരിട്ട് കണ്ടറിഞ്ഞ് റിപ്പോർട്ട് ചെയ്യാൻ സഹദേവനായി. ലളിതവും മനോഹരവുമായ പ്രയോഗങ്ങൾ കൊണ്ടുളള വാർത്തയെഴുത്ത് ശൈലി സഹദേവനെ, വാരാന്തപ്പതിപ്പിന്‍റെയും പിന്നീട് മാതൃഭൂമിയുടെ സിനിമ പ്രസിദ്ധീകരണമായ ചിത്രഭൂമിയുടെയും ചുമതലക്കാരനാക്കി. അക്കാലത്ത് പ്രശസ്തരുടെ സാഹിത്യരചനകൾ കൊണ്ട് സമ്പന്നമായിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൽ, എം ടിക്കൊപ്പവും പിന്നീട് എം ടി ചുമതലയൊഴിഞ്ഞതിന് ശേഷവും സുപ്രധാന ചുമതലകളിൽ സഹദേവനുണ്ടായിരുന്നു. സിനിമയ്ക്കൊപ്പം സ്ത്രീപക്ഷ എഴുത്ത്, പരിസ്ഥിതി തുടങ്ങിയ മേഖലകളിലും സഹദേവൻ ശ്രദ്ധേയനായിരുന്നു.

എൺപതുകളുടെ അവസാനം സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് പട്ടാമ്പി കേന്ദ്രീകരിച്ച് സാറാ ജോസഫ് മാനുഷി എന്ന സംഘടന രൂപീകരിച്ചപ്പോൾ അവരുടെ പോരാട്ടങ്ങൾക്കൊപ്പം സഹദേവനും തൂലിക ചലിപ്പിച്ചു. മലമ്പുഴ അകമലവാരത്തെ വനംകൊളളയും നെല്ലിയാമ്പതി എസ്റ്റേറ്റുകളിലെ ഭൂമിപ്രശ്നവും പുറത്തെത്തിച്ച് പരിസ്ഥിതി നിലപാടും സഹദേവൻ വ്യക്തമാക്കിയിരുന്നു. സിനിമ നിരൂപണങ്ങളിലൂടെ ദൃശ്യഭാഷയും തനിക്കിണങ്ങുമെന്ന് തെളിയിച്ച സഹദേവൻ ഇന്ത്യാവിഷൻ വാർത്താ ചാനലിന്‍റെ അസോ.എഡിറ്ററായി ചുമതലയേറ്റു. വാർത്താ ഏകോപനത്തോടൊപ്പം 24 ഫ്രെയിംസ് എന്ന സിനിമാ നിരൂപണ പരിപാടിയെ ജനകീയമാക്കി സഹദേവൻ. പിന്നീട് ഓൺലൈൻ ചാനലുകൾക്കുൾപ്പെടെ നിരവധി മാധ്യമങ്ങളിൽ സഹദേവൻ ലോക സിനിമയുടെ രസതന്ത്രം കാഴ്ചക്കാർക്ക് മുന്നിലെത്തിച്ചു.

മലയാളത്തിൽ ലോകസിനിമയുടെ ആധികാരിക നിരൂപണത്തിന് കാമ്പുളള പത്തുപേരെയെടുത്താൽ അതിലൊന്ന് സഹദേവൻ തന്നെയായിരുന്നു. വാർത്തയിലും അവതരണത്തിലും കണിശത പുലർത്തിയ സഹദേവൻ വിദ്യാർത്ഥികൾക്കും സുഹൃത്തുകൾക്കും സൗമ്യതയുടെ ആൾരൂപം കൂടിയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker