‘വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇൻഡസ്ട്രി, തകർക്കരുത്’; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാഗതം ചെയ്ത് മോഹൻലാൽ

തിരുവനന്തപുരം: കുറ്റം ചെയ്ത ആളുകള്‍ ശിക്ഷിക്കപ്പെടണമെന്ന് നടന്‍ മോഹന്‍ലാല്‍. ഹേമ കമ്മിറ്റി വിവാദങ്ങള്‍ക്കിടെ ഒളിച്ചോടിപ്പോയതല്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാരണം കേരളത്തില്‍ എത്താന്‍ പറ്റാതെ വന്നതാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവേ ആണ് വിഷയത്തില്‍ മോഹന്‍ലാല്‍ ആദ്യമായി പ്രതികരിച്ചത്.
'മോഹൻലാൽ എവിടെയായിരുന്നുവെന്നും ഒളിച്ചോടിപ്പോയോ എന്നുമാണ് ചോദിക്കുന്നത്. ഞാൻ ഒരിടത്തേയ്ക്കും ഒളിച്ചോടിപ്പോയിട്ടില്ല. ഭാര്യയുടെ ചികിത്സയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു. കഴിഞ്ഞ 47 വർഷമായി നിങ്ങൾക്കൊപ്പം സഞ്ചരിക്കുന്നയാളാണ് ഞാൻ. സിനിമ സമൂഹത്തിന്റെ ഒരു ഭാഗം മാത്രമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്നത് സിനിമയിലും സംഭവിക്കും. ഞാൻ അതിനെ പ്രോത്സാഹിപ്പിക്കുകയല്ല. എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങൾ ഉണ്ടാകാറുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെയധികം സ്വാഗതാർഹമാണ്. ഞാൻ രണ്ടുവട്ടം ആ കമ്മിറ്റിയുടെ മുൻപിൽ പോയിരുന്ന് സംസാരിച്ചയാളാണ്. എന്നോട് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മറുപടി പറഞ്ഞു. എൻ്റെ സിനിമയെപ്പറ്റി ഞാൻ പറഞ്ഞു. എനിക്ക് അറിയാവുന്ന കാര്യങ്ങളാണ് ഞാൻ പറഞ്ഞത്.
അമ്മ എന്ന അസോസിയേഷന് ഒരു ട്രേഡ് യൂണിയൻ്റെ സ്വഭാവമല്ല, അതൊരു കുടുംബം പോലെയാണ്. അഞ്ഞൂറ് പേരുള്ളൊരു കുടുംബം. അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നു. രണ്ടുവട്ടമായി ഞാനാണ് പ്രസിഡൻ്റ്. എനിക്ക് ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കാനുള്ള വെെമുഖ്യം കാണിച്ചിരുന്നു. പ്രവർത്തനത്തിൻ്റെ ഭാഗമായി മുന്നോട്ട് പോകാമെന്ന് പറഞ്ഞാണ് അതിൽ നിന്നത്.
ഇപ്പോൾ എന്തുകൊണ്ട് ഞങ്ങളെല്ലാവരും മാറിയെന്ന് ചോദിച്ചാൽ, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തമാണ്. ഒരു കാര്യം മാത്രമല്ല ചൂണ്ടിക്കാണിച്ചിട്ടുള്ളത്. എന്തെക്കെയാണ് അതെന്ന് എന്നെക്കാളും നിങ്ങൾക്കറിയാം.
ഞങ്ങളെന്താണ് ചെയ്യേണ്ടത്. ഒരു ഇൻഡസ്ട്രി തകർന്നുപോകുന്ന കാര്യമാണിത്. പതിനായിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്നു. വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇൻഡസ്ട്രിയാണിത്. ഒരുപാട് നല്ല ആക്ടേഴ്സ് ഉണ്ടായിരുന്നു, ഉള്ള, ഉണ്ടാകാൻ പോകുന്ന ഇൻഡസ്ട്രിയാണിത്. സിനിമ ഇൻഡസ്ട്രിയെ തകർക്കരുത്', മോഹൻലാൽ പറഞ്ഞു.