EntertainmentNews

‘വിവാഹം വേണ്ട, കിടക്കയിൽ ഒരു പുരുഷനെ മതി’ തന്റെ വാക്കുകൾ അല്ലെന്ന് തബു, വ്യാജ വാർത്തയിൽ വിമർശനം

മുംബൈ:തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ പ്രസ്‌താവനകളിൽ പ്രതികരണവുമായി നടി തബു. കഴിഞ്ഞ ദിവസമാണ് തബുവിന്റെ പേരിൽ മോശം പ്രസ്‌താവന സോഷ്യൽ മീഡിയയിൽ നിറഞ്ഞതും മാധ്യമങ്ങൾ അത് വർത്തയാക്കിയതും. ഇതിന് പിന്നാലെ ഇപ്പോൾ ഇക്കാര്യം നിഷേധിച്ച് രംഗത്ത് വന്നിരിക്കുകയാണ് തബുവിന്റെ സോഷ്യൽ മീഡിയ ടീം. വിവാഹത്തെ കുറിച്ച് അഭിപ്രായം പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് തബുവിന്റെ പേരിൽ വാർത്തകൾ വന്നത്.

വിവാഹം വേണ്ടെന്നും, പകരം കിടക്കയിൽ ഒരു പുരുഷനെ മതിയെന്നും തബു പറഞ്ഞതായാണ് മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്‌തത്‌. ഇതിന് പിന്നാലെ താരത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്ന ടീം ഇത് നിഷേധിച്ച് രംഗത്ത് വരികയായിരുന്നു. പ്രസ്‌താവന പൂർണമായും കെട്ടിച്ചമച്ചതാണെന്ന് അവർ വ്യക്തമാക്കി.

‘തബുവിന്റെ പേരിൽ ചില മാന്യമല്ലാത്ത പ്രസ്‌താവനകൾ തെറ്റായി ആരോപിച്ച് നിരവധി വെബ്‌സൈറ്റുകളും സോഷ്യൽ മീഡിയ ഹാൻഡിലുകളും വാർത്ത നൽകുന്നുണ്ട്. അവൾർ ഒരിക്കലും ഈ പ്രസ്‌താവന നടത്തിയിട്ടില്ലെന്നും പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നത് ഗുരുതരമായ ധാർമ്മിക ലംഘനമാണെന്നും ഞങ്ങൾ ഇപ്പോൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു.’ താരത്തിന്റെ സോഷ്യൽ മീഡിയ ടീം അറിയിച്ചു.

കേവലം വാർത്തകൾ നിഷേധിക്കുക മാത്രമല്ല, ഇത്തരം തെറ്റായ പ്രസ്‌താവനകൾ പ്രചരിപ്പിക്കുന്നത് മൂലമുണ്ടാവുന്ന ധാർമ്മികമായ പ്രത്യാഘാതങ്ങളെയും അവർ ഓർമ്മപ്പെടുത്തി. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ നിന്നും കൃത്യമായ നടപടി ഉണ്ടാവണമെന്നാണ് നടിയുടെ സോഷ്യൽ മീഡിയ ടീം ഇപ്പോൾ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

‘ഈ വെബ്‌സൈറ്റുകൾ കെട്ടിച്ചമച്ച പ്രസ്‌താവനകൾ ഉടനടി നീക്കം ചെയ്യണമെന്നും അവരുടെ പ്രവൃത്തികൾക്ക് ഔപചാരികമായി മാപ്പ് പറയണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു’ എന്നായിരുന്നു അവർ ആവശ്യപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഇത്തരം വ്യാജ വാർത്തകൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ചർച്ചകൾ സജീവമാണ്.

ബോളിവുഡിലെ മുൻനിര താരമായ തബുവിന് പോലും ഇക്കാര്യത്തിൽ രക്ഷയില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. നിരവധി വെബ്‌സൈറ്റുകളാണ് ഈ പ്രസ്‌താവന തബുവിന്റെ പേരിൽ വാർത്ത നൽകിയത്. ഇതോടെയാണ് താരത്തിന്റെ ടീം വിഷയത്തിൽ ഇടപെട്ടത്. തബുവിന് മോശം പ്രതിച്ഛായ സൃഷ്‌ടിക്കാൻ വേണ്ടിയാണ് ഇത്തരം പ്രസ്‌താവനകൾ അവരുടെ പേരിൽ ആരോപിക്കുന്നതെന്നാണ് ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, മുഖ്യധാരാ സിനിമകളിലും സ്വതന്ത്ര സിനിമകളിലും ഒരുപോലെ വേഷമിട്ടിട്ടുള്ള തബു രാജ്യത്തെ മികച്ച നടിമാരിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. 53കാരിയായ താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വിവാഹത്തെ കുറിച്ച് അവരുടെ പേരിൽ പ്രചരിച്ച വിവാദ പ്രസ്‌താവന വളരെ വേഗത്തിൽ ആളുകൾക്ക് ഇടയിൽ എത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker