കുത്തിവയ്പ്പുകളോട് വിട പറയാം; പ്രമേഹ രോഗത്തിന് ഇനി ഗുളികയും! ചരിത്ര നിമിഷം
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി പ്രമേഹ രോഗത്തിന് കുത്തിവയ്പ്പിന് പകരം ഉപയോഗിക്കാവുന്ന ഗുളിക ഇന്ത്യന്‍ വിപണിയില്‍ എത്തി. 35 വര്‍ഷത്തെ ഗവേഷണത്തിന്റെ ഫലമായാണ് സെമാഗ്ലൂട്ടൈഡ് എന്ന മരുന്ന് ഗുളിക രൂപത്തില്‍ എത്തിയത്. റിബല്‍സെസ് എന്നാണ് ഗുളികയുടെ പേര്. ഈ ഗുളിക ഇന്ന് രാവിലെയാണ് ഇന്ത്യന്‍ വിപണിയിലെത്തിയത്. ഇതോടെ റിബല്‍സെസ് ഉപയോഗിക്കുന്ന ആറാമത്തെ രാജ്യമായി ഇന്ത്യ.
അമേരിക്കയിലാണ് റെബല്‍സിസ് ആദ്യമായി വികസിപ്പിക്കുന്നത്. ഇന്‍സുലിന്‍ കണ്ടുപിടിച്ച സമയം മുതല്‍ മരുന്ന് വിപണിയിലെത്തിച്ച നോവോ നോര്‍ഡിസ്‌ക് തന്നെയാണ് റിബല്‍സെസിന്റെ ഉത്പാദകര്‍. ലോകം മുഴുവന്‍ ഏറ്റവും കൂടുതല്‍ ഇന്‍സുലിന്‍ വിതരണം ചെയ്യുന്നത് നോവോ നോര്‍ഡിസ്‌കാണ്. നൊബേല്‍ പുരസ്‌കാരം വരെ ലഭിച്ചേക്കാവുന്ന കണ്ടുപിടത്തമാണ് പ്രമേഹത്തിന്റെ ഗുളികയെന്ന് ഡോ.ജ്യോതിദേവ് പറഞ്ഞു.
പല വിദേശരാജ്യങ്ങളിലും റിബല്‍സെസിന്റെ ക്ലിനിക്കല്‍ പരീക്ഷണം നടന്നിട്ടുണ്ട്. ഇന്ത്യയിലും പരീക്ഷണം നടത്തിയ ശേഷമാണ് മരുന്നിന് ഡിസിജിഐ അനുമതി ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ റിബല്‍സെസിന് ഇന്ത്യയില്‍ ഡിസിജിഐയുടെ അനുമതി ലഭിച്ചിരുന്നതാണ്. എന്നാല്‍ മറ്റ് സാങ്കേതിക തടസങ്ങള്‍ കാരണം വിപണിയില്‍ എത്തുന്നത് വൈകുകയായിരുന്നു.
ആന്റിബയോട്ടികള്‍ പോലുള്ള മറ്റ് മരുന്നുകള്‍ കുത്തിവയ്പ്പായി എടുത്താലും ഗുളിക രൂപത്തിലും കഴിക്കാന്‍ സാധിക്കുന്നതായിരുന്നു. എന്നാല്‍ പ്രമേഹ രോഗത്തിനുള്ള കുത്തിവയ്പ്പ് ഇത്തരത്തില്‍ കഴിക്കാന്‍ സാധിക്കുന്ന രൂപത്തില്‍ ലഭ്യമായിരുന്നില്ല. അതിന്റെ പ്രധാന കാരണം ഈ മരുന്ന് പ്രൊട്ടീനായതുകൊണ്ടാണ്.പ്രോട്ടീന്‍ കഴിക്കുമ്പോള്‍ അത് ദഹിച്ചുപോകും. അതുകൊണ്ട് തന്നെ മരുന്ന് രക്തത്തിലേക്ക് എത്തില്ല. എന്നാല്‍ നിലവില്‍ വിപണിയിലെത്തിയിരിക്കുന്ന റിബല്‍സെസ് ഗുളികയില്‍ പ്രൊട്ടീന്‍ സ്നാക്ക് എന്ന പദാര്‍ത്ഥത്തിനൊപ്പമാണ് സംയോജിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ദഹനപ്രക്രിയയെ എല്ലാം അതിജീവിച്ച് മരുന്ന് രക്തത്തിലേക്ക് എത്തും.
സെമാഗ്ലൂട്ടൈഡ് തന്നെയാണ് കുത്തിവയ്പ്പായി നല്‍കുന്നതും. അതുകൊണ്ട് തന്നെ ഗുളിക രൂപത്തിലുള്ള ഈ മരുന്നിനും കുത്തിവയ്പ്പിന്റെ അതേ ഫലപ്രാപ്തിയാകും ലഭിക്കുകയെന്ന് ഡോ.ജ്യോതിദേവ് ട്വന്റിഫോറിനോട് പറഞ്ഞു. പ്രമേഹത്തിനൊപ്പം വരുന്ന മറ്റ് അനുബന്ധ രോഗങ്ങള്‍ക്ക് കൂടി ഈ മരുന്ന് ഫലപ്രദമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി. പ്രമേഹത്തിന്റെ മരുന്ന് ശരീരത്തിലെ പഞ്ചസാര ആവശ്യമായ അളവിലും താഴെ പോകുന്നതിന് കാരണമാകാറുണ്ട്. എന്നാല്‍ റെബല്‍സിസ് ഇത് താഴെ പോകുന്നത് തടഞ്ഞ് വേണ്ട അളവില്‍ നിയന്ത്രിക്കുമെന്ന് ജ്യോതിദേവ് പറയുന്നു.
മൂന്ന് മില്ലി ഗ്രാം, ഏഴ് മില്ലി ഗ്രാം, പതിനാല് മില്ലിഗ്രാം എന്നീ അളവുകളിലാണ് മരുന്ന് വരുന്നത്. രോഗിയിലെ പ്രമേഹത്തിന്റെ അളവ് അനുസരിച്ചാണ് മരുന്നിന്റെ അളവും നിശ്ചയിക്കുന്നത്. മരുന്ന് കഴിക്കുന്നതിനും ചില ചിട്ടകളുണ്ട്. ഒപ്പം കുടിക്കേണ്ട വെള്ളത്തിന്റെ അളവ്, മരുന്ന് കഴിച്ച ശേഷം എത്ര മണിക്കൂറിന് ശേഷം ഭക്ഷണം കഴിക്കണം, തുടങ്ങിയ കാര്യങ്ങള്‍ രോഗിക്ക് വിശദീകരിച്ച് നല്‍കിയ ശേഷമേ ആരോഗ്യ വിദഗ്ധന്‍ കൃത്യമായ പ്രിസ്‌ക്രിപ്ഷനോടെ മരുന്ന് എഴുതുകയുള്ളു.
നിരവധി രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന റിബല്‍സെസ് ഇന്ത്യയില്‍ കുത്തിവയ്പ്പ് ആയ ജി.എല്‍പി1 ന്റെ അതേ നിരക്കിലാകും വിപണിയിലെത്തുക. ചൈന കഴിഞ്ഞാല്‍ ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ പ്രമേഹബാധിതരുള്ളത്. അതുകൊണ്ട് തന്നെ സാധാരണക്കാരനും താങ്ങാന്‍ സാധിക്കുന്ന വിലയില്‍ വേണം മരുന്നിന്റെ വില ക്രമീകരിക്കാന്‍ എന്ന ഡോക്ടര്‍മാരുടെ തുടര്‍ച്ചയായ അഭ്യര്‍ത്ഥന പരിഗണിച്ചാണ് വില ക്രമീകരിച്ചിരിക്കുന്നത്.