കൊച്ചി:ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി നടി ശ്വേത മേനോൻ. തനിക്ക് മലയാളം ഇൻഡസ്ട്രിയിൽ നിന്ന് മോശമായ അനുഭവം ഉണ്ടായിട്ടില്ലെന്നും നോ പറയേണ്ട സമയത്ത് അത് പറയുന്നയാളാണ് താനെന്നും ശ്വേത മേനോൻ പറഞ്ഞു. കാസ്റ്റിങ്ങ് കൗച്ച് ഉണ്ടെന്ന് താൻ വിശ്വസിക്കുന്നുവെന്നും എന്നാൽ തനിക്ക് വർക്ക് ഇല്ലാത്തതുകൊണ്ട് ഇപ്പോഴത്തെ കാര്യം അറിയില്ലെന്നും നടി കൂട്ടിച്ചേർത്തു.
‘എൻ്റെയടുത്ത് ആരും ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് ബുദ്ധിമുട്ട് ഒന്നും ഉണ്ടായിട്ടില്ലെങ്കിലും ഫെെറ്റ് ചെയ്ത ഒരാളാണ് ഞാൻ. നാലഞ്ച് കേസുകൾ നടക്കുന്നുണ്ട്. എനിക്ക് ഈ ഇൻഡസ്ട്രിയിൽ നിന്ന് മോശമായ അനുഭവം ഉണ്ടായിട്ടില്ല. കാരണം നോ പറയേണ്ട സമയത്ത് അത് പറയുന്നയാളാണ് ഞാൻ.
നേരിട്ട അനുഭവം പങ്കുവെച്ചുകൊണ്ട് ബംഗാളി നടി ഇന്ന് മുന്നോട്ട് വന്നു. ഇനിയും ഒരുപാട് പേർ മുന്നോട്ട് വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അത്ര മോശം ഇൻഡസ്ട്രി ഒന്നുമല്ല ഇത്. നമ്മൾ എങ്ങനെ കെെകാര്യം ചെയ്യുന്നു എന്നതിന് അനുസരിച്ചിരിക്കും. പവർ ഗ്രൂപ്പിൽ ചിലപ്പോൾ പെണ്ണുങ്ങളും ഉണ്ടാകും. എന്നെ എത്രയോ തവണ മാറ്റിനിർത്തിയിട്ടുണ്ട്. എനിക്ക് വരാനുള്ള സിനിമ എനിക്ക് വരും.
എനിക്ക് ബുദ്ധിമുട്ടേണ്ടി വന്നിട്ടില്ല. ഞാൻ നായികയായിട്ടാണ് വന്നത്. എല്ലാവരും എന്നോട് നന്നായാണ് പെരുമാറിയത്.
സിനിമയെ സിനിമയായി മാത്രമേ കാണുന്നുള്ളൂ. അമ്മ അല്ലെങ്കിൽ ഫെഫ്ക എന്നെ പിന്തുണയ്ക്കും എന്നല്ല ചിന്തിക്കുന്നത്. എന്നാൽ എനിക്കൊരു പ്രശ്നം ഉണ്ടായ സമയത്ത് ബി. ഉണ്ണികൃഷ്ണൻ ചേട്ടനേയും ഇടവേള ബാബു ചേട്ടനേയും വിളിച്ച സമയത്ത് സഹായം ലഭിച്ചിട്ടുണ്ട്’, ശ്വേത മേനോൻ പറഞ്ഞു.
ബംഗാളി നടി പറഞ്ഞതുപോലെ രഞ്ജിത്ത് പെരുമാറിയെന്ന് കരുതിയിട്ടുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അങ്ങനെ പറയാനാകില്ലെന്ന് നടി പ്രതികരിച്ചു. ഇത് തനിക്ക് ഷോക്കായിരുന്നുവെന്നും നടി പറഞ്ഞു.
‘രഞ്ജിത്ത് ഏട്ടനൊപ്പം രണ്ട് ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. പാലേരി മാണിക്യമാണ് അവസാനത്തേത്. പുള്ളി എന്നെ ആൺകുട്ടിയെപ്പോലെയാണ് കണ്ടിരുന്നത്. അവർ എൻ്റെ സെറ്റിൽ ഉണ്ടായിരുന്നില്ല. ആ സമയത്ത് ഞാനും മെെഥിലിയുമാണ് പെണ്ണായിട്ട് സെറ്റിലുണ്ടായിരുന്നത്. വർഷങ്ങൾക്ക് ശേഷം ആ നടി ഇങ്ങനെ പ്രതികരിക്കുന്നുവെങ്കിൽ അവരെ വെെകാരികമായി എന്തെങ്കിലും ബാധിച്ചിട്ടുണ്ടാകും. അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ കൊടുക്കണം. ‘, ശ്വേത മേനോൻ പറഞ്ഞു