കൊച്ചി: മാധ്യമവാര്‍ത്തകള്‍ തന്നെയും കുടുംബത്തെയും ആത്മഹത്യയുടെ വക്കിലെത്തിച്ചുവെന്ന് സ്വര്‍ണ്ണക്കടത്തു കേസില്‍ ആരോപണ വിധേയയായ സ്വപ്‌ന സുരേഷ്. 24 ന്യൂസ് ചാനലാണ് സ്വപ്‌നയുടെ ശബ്ദരേഖ പുറത്ത് വിട്ടത്. താന്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിട്ടില്ലെന്ന് സ്വപ്‌ന വിശദീകരിക്കുന്നു. തന്നെ യു എ ഇ കോണ്‍സുലേറ്റില്‍ നിന്നും പിരിച്ചുവിട്ടിട്ടില്ല. താന്‍ രാജിവെച്ചതിന് ശേഷം അവര്‍ക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ട്.
ഡിപ്ലോമാറ്റിക് ബാഗേജിന്റെ ക്ലിയറന്‍സ് താമസിച്ചപ്പോള്‍ അതിന്റെ കാരണം അന്വേഷിക്കാന്‍ തന്നോട് ആവശ്യപ്പെട്ടത് കോണ്‍സുലേറ്റ് ജനറലിന്റെ ഓഫീസില്‍ നിന്നാണെന്നും അവര്‍ പറയുന്നു. കോണ്‍സുലേറ്റിലെ കാര്‍ഗോ ഡിപ്പാര്‍ട്ട്‌മെന്റില്‍ താന്‍ ജോലി ചെയ്തിട്ടില്ല. കോണ്‍സുലേറ്റിന്റെ നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ് ചെയ്തതെന്നും സ്വപ്‌ന പറയുന്നു.
കോണ്‍സുലേറ്റ് ജനറലിന്റെ നിര്‍ദ്ദേശപ്രകാരം താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥനായ രാമമൂര്‍ത്തിയെ ഒരു പ്രാവശ്യം വിളിച്ചിരുന്നു. മറ്റൊരു ബന്ധവും തനിക്ക് ഇതുമായി ഇല്ലെന്നും സ്വപ്‌ന പറയുന്നു. തന്നെ ബോണ്‍ ക്രിമിനലെന്നും പ്രോസ്റ്റിറ്റിയൂട്ടെന്നും മാധ്യമങ്ങള്‍ വിളിച്ചുവെന്നും സ്വപ്‌ന സുരേഷ് പറയുന്നു. ജോലിയില്ലാത്ത അനിയന്‍, രോഗിയായ അമ്മ, രണ്ട് മക്കള്‍ എന്നിവരുമായി വാടകവീട്ടില്‍ കഴിയുന്ന ഒരു പാവമാണ് താനെന്നും അവര്‍ പറഞ്ഞു.
യു എ ഇ കോണ്‍സുലേറ്റ് ജനറലിന്റെ അഡ്മിനിസ്‌ട്രേറ്റിവ് സെക്രട്ടറി എന്ന നിലയില്‍ ഉള്ള ജോലികള്‍ മാത്രമാണ് താന്‍ ചെയ്തിരുന്നത്. ചിത്രങ്ങളില്‍ താന്‍ നിന്നത് മുഖ്യമന്ത്രിയുടെ പുറകിലായിരുന്നില്ല. അവിടെ ഉണ്ടായിരുന്ന യു എ ഇ കോണ്‍സുലേറ്റ് ജനറലിന്റെ സെക്രട്ടറി എന്ന നിലയില്‍ അദ്ദേഹത്തിന്റെ സമീപത്ത് തന്നെ ഉണ്ടാകുക എന്നത് തന്റെ ജോലിയാണ്. ജോലിയുടെ ഭാഗമായിട്ട് മാത്രമേ മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ ആയവരുമായി ബന്ധപ്പെട്ടിട്ടുള്ളൂ എന്നും സ്വപ്‌ന കൂട്ടിച്ചേര്‍ത്തു.
സ്‌പേസ് പാര്‍ക്കില്‍ ജോലികിട്ടിയിട്ടും താന്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ ജോലി താന്‍ തുടര്‍ന്നത് യുഎഇ എന്ന രാജ്യത്തോടുള്ള സ്‌നേഹം കൊണ്ട് മാത്രമാണ്. താന്‍ ജനിച്ച് വളര്‍ന്നത് ആ രാജ്യത്താണെന്നും സ്വപ്‌ന പറഞ്ഞു. താനും തന്റെ കുടുംബവും ആത്മഹത്യ ചെയ്യുമെന്നും അതിന്റെ ഉത്തരവാദികള്‍ ആരോപണമുന്നയിച്ച ഓരോരുത്തരുമായിരിക്കുമെന്നും സ്വപ്‌ന പറഞ്ഞു. സ്വര്‍ണ്ണക്കടത്ത് കേസ് ശരിക്കും അന്വേഷിച്ച് തെളിയിക്കണമെന്നും സ്വപ്‌ന ആവശ്യപ്പെട്ടു.