തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും കോടതി എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 21 വരെയാണ് കസ്റ്റഡിയില്‍ വിട്ടത്. പത്ത് ദിവസത്തെ കസ്റ്റഡിയായിരുന്നു എന്‍ഐഎ ആവശ്യപ്പെട്ടത്.
കേസില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ എഫ്ഐആറാണ് എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചത്. സ്വര്‍ണക്കടത്ത് പണം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് സംശയിക്കുന്നതായി എന്‍ഐഎ, എഫ്ഐആറില്‍ വ്യക്തമാക്കിയിരുന്നു. പ്രാഥമിക പരിശോധനയില്‍ ഇക്കാര്യങ്ങളുണ്ടെന്നും എന്‍ഐഎ വിശദീകരിച്ചു.
പ്രതികള്‍ വ്യാജരേഖ നിര്‍മിച്ചു എന്നത് എന്‍ഐഎയുടെ മറ്റൊരു പ്രധാന കണ്ടെത്തലാണ്. യുഎഇയുടെ എംബ്ലം പോലും ഇവര്‍ വ്യാജമായി നിര്‍മിച്ചു എന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. വ്യാജമായി നിര്‍മിച്ച എംബ്ലം പതിച്ച ഡിപ്ലോമാറ്റിക് ബാഗുകളിലാണ് സ്വര്‍ണം കടത്തിയിരുന്നതെന്നും എന്‍ഐഎ വ്യക്തമാക്കി.