കെ ടി ജലീലിനെതിരായ ‘ബോംബ്’ ഉടൻ, ഷാജ് ഫ്രോഡ്, വിജയ് സാഖറെയ്ക്കും പങ്ക്’, ആഞ്ഞടിച്ച് സ്വപ്ന
കൊച്ചി: മുൻമന്ത്രി കെ ടി ജലീലിനെതിരായ വെളിപ്പെടുത്തൽ ഉടനുണ്ടാകുമെന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. പൊലീസ് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണ്. എല്ലാം ഉടൻ തുറന്ന് പറയുമെന്നും സ്വപ്ന കൊച്ചിയിൽ അഭിഭാഷകനെ കണ്ട് തിരികെ പോകവേ സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ക്രമസമാധാനച്ചുമതലയുള്ള എഡിജിപി നാലോ അഞ്ചോ മണിക്കൂർ എന്തിനാണ് ഷാജ് കിരണിനെപ്പോലെ ഒരു ഫ്രോഡിനൊപ്പം ചിലവഴിച്ചതെന്ന് സ്വപ്ന സുരേഷ് ചോദിക്കുന്നു. മുൻ വിജിലൻസ് മേധാവി എം ആർ അജിത് കുമാർ എന്തിനാണ് 36 തവണ ഷാജ് കിരണിനെ വിളിച്ചത്? പൊലീസ് തനിക്ക് പിന്നാലെ എവിടെപ്പോയി, എന്തിന് പോയി എന്നെല്ലാം ചോദിച്ച് കയറിയിറങ്ങി നടക്കുകയാണെന്നും, അതിനാലാണ് കേന്ദ്രസംരക്ഷണം ആവശ്യപ്പെട്ടതെന്നും സ്വപ്ന.
”എഡിജിപി ലോ ആന്‍റ് ഓർഡർ ഒരു ഫ്രോഡിനൊപ്പം സമയം ചെലവഴിക്കുന്നു. വിജിലൻസ് മേധാവി ഇതേ ആളെ എന്‍റെ ഓഫീസിലേക്ക് ഒരു സന്ദേശവാഹകനെപ്പോലെ അയക്കുന്നു. ഇതിന്‍റെയെല്ലാം അർത്ഥമെന്താണ്? ഇതെല്ലാം കഴിഞ്ഞും കേരളാ പൊലീസ് എന്നെ സംരക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കണോ? എനിക്കിപ്പോൾ ഗാർഡുകൾ മാത്രമേയുള്ളൂ. എനിക്ക് ഫിറ്റ്സ് വന്ന് വീഴുമ്പോൾ പിടിക്കാൻ ആരെങ്കിലും വേണ്ടേ?”, എന്ന് സ്വപ്ന സുരേഷ്.