കൊച്ചി:സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി സ്വപ്ന സുരേഷിന്റെ മൊഴി പുറത്ത്. യു.എ.ഇ കോണ്‍സുലേറ്റില്‍ അലാവുദ്ദീന്‍ എന്നയാള്‍ക്ക് ജോലി ശരിയാക്കാന്‍ ശിപാര്‍ശ ചെയ്യാന്‍ മന്ത്രി കെ.ടി. ജലീല്‍ വിളിച്ചതായി സ്വപ്ന സുരേഷ്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള പ്രത്യേക ) കോടതിയില്‍ നല്കിയ കുറ്റപത്രത്തിനൊപ്പമുള്ള മൊഴിയിലാണ് ഇക്കാര്യമുള്ളത്.
പല ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ജലീല്‍ പലതവണ വിളിച്ചിട്ടുണ്ട്. റമദാനില്‍ ഭക്ഷ്യക്കിറ്റ് വിതരണം, അലാവുദ്ദീന്‍ എന്നയാള്‍ക്ക് കോണ്‍സുലേറ്റില്‍ ജോലിക്ക്, ദുബൈയിലുള്ള ഒരാളെ ഇന്ത്യയിലേക്ക് നാടുകടത്താന്‍ നേരിട്ട് ഇടപെടണമെന്ന് കോണ്‍സുലേറ്റിനോട് ആവശ്യപ്പെടാന്‍, കോവിഡുകാലത്ത് ഭക്ഷ്യക്കിറ്റ് വിതരണത്തിന് സഹായം തേടി തുടങ്ങിയ കാര്യങ്ങള്‍ക്കാണ് മന്ത്രി ബന്ധപ്പെട്ടതെന്നും സ്വപ്ന പറയുന്നു.
എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഔദ്യോഗികബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രിയുമായോ കുടുംബവുമായോ അടുപ്പം ഉണ്ടായിരുന്നില്ല. കേരള സന്ദര്‍ശനത്തിന് ഷാര്‍ജ ഭരണാധികാരി വന്നപ്പോള്‍ അവരുടെ ആചാരപ്രകാരം എങ്ങനെയാണ് സ്വീകരിക്കുന്നതെന്ന് ഭാര്യക്ക് പറഞ്ഞുകൊടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. തന്റെ പിതാവ് മരിച്ചപ്പോള്‍ ശിവശങ്കറിന്റെ ഫോണില്‍നിന്ന് വിളിച്ച് മുഖ്യമന്ത്രി അനുശോചനവും അറിയിച്ചു. ഒരിക്കല്‍പോലും മുഖ്യമന്ത്രിയെ ഫോണില്‍ അങ്ങോട്ട് വിളിച്ചിട്ടില്ലെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
എൻഫോഴ്സ്മെന്റ് ഡയറക്ടർ ഉദ്യോഗസ്ഥര്‍ ഒരുഫോണ്‍ നമ്പര്‍ കാണിച്ച് ഇത് ആരുേടതാണെന്ന് ചോദിച്ചപ്പോള്‍ ഇത് ഉന്നത വിദ്യാഭ്യാസമന്ത്രി കെ.ടി. ജലീലിെന്റതാണെന്ന് സ്വപ്ന വ്യക്തമാക്കി. യു.എ.ഇ കോണ്‍സുലേറ്റിലെ സെക്രട്ടറി എന്നനിലയില്‍ മന്ത്രി ജലീലുമായി ഔദ്യോഗികബന്ധം മാത്രമാണ് ഉണ്ടായിരുന്നത്. അമേരിക്ക ആസ്ഥാനമായ എ.ആര്.വി ലാബ്സ് എന്ന സ്ഥാപനത്തിന്റെ ഉല്പന്നങ്ങളുടെ പശ്ചിമേഷ്യയിലെ വിതരണത്തില്‍ കോണ്‍സുല്‍ ജനറല്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നതായും മൊഴിയിലുണ്ട്.