തിരുവനന്തപുരത്ത് തട്ടമിട്ടതിന്റെ പേരില്‍ വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയതായി ആരോപണം
തിരുവനന്തപുരം: തട്ടമിട്ട് സ്‌കൂളില്‍ എത്തിയതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനിയ്ക്ക് ടി.സി നല്‍കി പറഞ്ഞു വിട്ടതായി ആരോപണം. തിരുവനന്തപുരം മേനങ്കുളത്തുള്ള ജ്യോതി നിലയം പബ്ലിക് സ്‌കൂളിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷംഹാന ഷാജഹാനെയാണ് ടിസി നല്‍കി പറഞ്ഞ് വിട്ടത്. തട്ടമിട്ട് ഈ കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു തന്നെ പുറത്താക്കിയതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു.
ഏഴാം ക്ലാസുവരെ കവടിയാറെ നിര്‍മ്മലാ ഭവനിലായിരുന്നു ഷംഹാന പഠിച്ചിരുന്നത്. പിന്നീട് കുടുംബം കണിയാപുരത്തിനടുത്തുള്ള കഠിനംകുളത്തേക്ക് താമസം മാറിയതോടെ കുട്ടിയെ ജ്യോതി നിലയം സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. പരീക്ഷയും ഇന്റര്‍വ്യൂവും പാസയ ശേഷമാണ് കുട്ടിക്ക് അഡ്മിഷന്‍ ലഭിച്ചത്. അഡ്മിഷനും ഇന്റര്‍വ്യൂവിനും പോയ സമയം തലയില്‍ ഷാള്‍ ധരിച്ചിരുന്നു. ആപ്പോഴൊന്നും സ്‌കൂളില്‍ തട്ടം അനുവദനീയമല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കുട്ടിയുടെ അമ്മ ഷാമില പറഞ്ഞു. സ്‌കൂളിലെത്തിയ ആദ്യ ദിവസം തന്നെ ഷംഹാനയോട് തട്ടം മാറ്റാന്‍ പറഞ്ഞു. ആദ്യം കാര്യമെന്തെന്ന് മനസിലായില്ല. വെള്ളിയാഴ്ച വീണ്ടും സ്‌കൂളിലെത്തിയപ്പോള്‍ തട്ടമിട്ട് സ്‌കൂള്‍ കോമ്പൗണ്ടില്‍ കയറാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.
പഠനം തുടരുന്നില്ലെങ്കില്‍ ഫീസ് തിരികെ വാങ്ങി പൊയ്‌ക്കോളാനാണ് അവര്‍ പറഞ്ഞതെന്നും മാതാവ് പറഞ്ഞു. ടിസിയ്ക്ക് അവര്‍ ആവശ്യപ്പെട്ടതു പ്രകാരം അപേക്ഷ നല്‍കിയപ്പോള്‍ കാരണം എഴുതേണ്ട കോളത്തില്‍ എഴുതിയത് തട്ടമിട്ട് ക്ലാസില്‍ വരാന്‍ അനുവദിക്കാത്തതുകൊണ്ട് ഞങ്ങള്‍ പോകുന്നുവെന്നാണ്. പക്ഷേ ടിസിയില്‍ അവര്‍ ‘ബെറ്റര്‍ ഫെസിലിറ്റീസ്’ എന്ന് തിരുത്തിയെന്നും മാതാവ് പറഞ്ഞു. എന്നാല്‍ കുട്ടിയുടെയും രക്ഷിതാക്കളുടെയും താത്പര്യപ്രകാരമാണ് ടിസി വാങ്ങിപ്പോയതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം.