മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി ആക്രമിച്ച കേസിലെ പ്രതിപിടിയില്‍. മഹാരാഷ്ട്രയിലെ താനെയിൽ വച്ച് ഇന്ന് പുലർച്ചെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ആക്രമണം നടന്ന സെയ്ഫ് അലി ഖാന്റെ വസതിയിൽ നിന്ന് 35 കിലോമീറ്റർ അകലെ കാസർവാഡാവലിയിലെ ഹിരാനന്ദാനി എസ്റ്റേറ്റിന് സമീപത്ത് വെച്ചാണ് മുഹമ്മദ് അലിയാൻ, വിജയ് ദാസ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന പ്രതി പിടിയിലായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.
താനെയിലെ ഒരു ബാറിൽ ഹൗസ് കീപ്പിംഗ് സ്റ്റാഫായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഏത് പേരാണ് യഥാർത്ഥം എന്നതില്‍ പൊലീസിന് ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇയാളുടെ പശ്ചാത്തലം ഉള്‍പ്പെടെ പൊലീസ് വിശദമായി അന്വേഷിച്ച് വരികയാണ്. വ്യാഴാഴ്ച പുലര്‍ച്ചെയോടെയായിരുന്നു താരത്തിന് കുത്തേറ്റത്. സുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് ബാന്ദ്രയിലെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി മോഷണം പ്രതിരോധിക്കാന്‍ ശ്രമിച്ച സെയ്ഫ് അലി ഖാനെ കുത്തുകയായിരുന്നു.
സെയ്ഫിനെ കുത്തിയ പ്രതിയെ പിടികൂടിയതായുള്ള അഭ്യൂഹങ്ങള്‍ നേരത്തേയും ഉണ്ടായിരുന്നെങ്കിലും ഇന്ന് പുലർച്ചെയാണ് യഥാർത്ഥ പ്രതിയെ പിടികൂടിയതെന്നും ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. കഴിഞ്ഞ കുറേകാലമായി മുംബൈയില്‍ ബാർ ജീവനക്കാരനായിരുന്ന ഇയാള്‍ നിലവില്‍ താനെയില്‍ മെട്രോ നിർമ്മാണ തൊഴിലാളികള്‍ക്കൊപ്പം താമസിച്ച് വരികയായിരുന്നു. ലേബർ ക്യാമ്പില്‍ വെച്ചാണ് ഇയാളെ പിടികൂടിയതെന്നാണ് സൂചന.
സെയ്ഫ് അലി ഖാനെ കുത്തിയതുമായി ബന്ധപ്പെട്ട് ഇന്നലെ വൈകീട്ട് ഛത്തീസ്ഗഢില്‍നിന്ന് ഒരാളെ പോലീസ് പിടികൂടിയിരുന്നു. മുംബൈ പൊലീസ് പുറത്തുവിട്ട ഫോട്ടോയുമായി സാമ്യമുള്ള ഇയാളെ ആർ പി എഫ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് ആക്രമണവുമായി ബന്ധമില്ലെന്ന് മനസ്സിലാക്കിയതോടെ വെറുതെ വിട്ടു. പ്രതി കൈവശം വെച്ചിരിക്കുന്നത് വ്യാജ തിരിച്ചറിയില്‍ രേഖയായതിനാല്‍ അക്രമി ഇന്ത്യക്കാരനാണോ ബംഗ്ലദേശ് പൗരനാണോ എന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം, ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സെയ്ഫ് അലി ഖാന്‍ സുഖം പ്രാപിച്ച് വരികയാണ്. നട്ടെല്ലിന് സമീപത്തും കഴുത്തിലുമടക്കം ശരീരത്തില്‍ ആറിടത്തായിട്ടാണ് പരിക്കേറ്റത്. നട്ടെല്ലിന് സമീപത്ത് നിന്നും 2.5 ഇഞ്ച് നീളമുളള കത്തിയുടെ ഭാഗം ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ നീക്കം ചെയ്യുകയായിരുന്നു. നട്ടെല്ലിന് സമീപത്തെ മുറിവ് ഒരു 2 മില്ലി മീറ്റര്‍ കൂടി ആഴത്തില്‍ ആയിരുന്നെങ്കില്‍ വലിയ അപകടമായി മാറിയേനെയെന്നാണ് താരത്തെ ചികിത്സിക്കുന്ന ലീലാവതി ആശുപത്രിയിലെ ഡോ. നിതിന്‍ നാരായണ്‍ പ്രതികരിച്ചത്.