CricketNewsSports

മില്ലറെ പുറത്താക്കുമ്പോൾ സൂര്യയുടെ കാൽ ബൗണ്ടറി ലൈനിൽ തട്ടി? വിവാദം കൊഴുക്കുന്നു

ബാര്‍ബഡോസ്: ട്വന്റി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ സൂര്യകുമാര്‍ യാദവ് ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലറെ പുറത്താക്കാന്‍ എടുത്ത ക്യാച്ചിനെച്ചൊല്ലി വിവാദം. ഹാര്‍ദിക് പാണ്ഡ്യയെറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തില്‍ ബൗണ്ടറി ലൈനില്‍നിന്നു മനോഹരമായ ക്യാച്ചെടുത്താണ് സൂര്യകുമാര്‍ യാദവ് മില്ലറെ മടക്കിയത്. ഡേവിഡ് മില്ലറുടെ പുറത്താകലോടെ ദക്ഷിണാഫ്രിക്കയുടെ വിജയ പ്രതീക്ഷകളും ഇല്ലാതായിരുന്നു. വിജയത്തിലെത്താന്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒരോവറില്‍ 16 റണ്‍സ് വേണ്ടപ്പോഴായിരുന്നു മില്ലറുടെ പുറത്താകല്‍.

ക്യാച്ചെടുക്കുമ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ ഷൂസ് ബൗണ്ടറി ലൈനില്‍ തട്ടുന്നുണ്ടെന്നാണ് ഒരു വിഭാഗം ആളുകളുടെ കണ്ടെത്തല്‍. മില്ലറുടെ ഷോട്ടില്‍ സിക്‌സര്‍ നല്‍കേണ്ടതായിരുന്നെന്നാണ് സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ അടക്കം പങ്കുവച്ച് ഇവര്‍ അവകാശപ്പെടുന്നത്. പാണ്ഡ്യയുടെ ഫുള്‍ ടോസ് പന്ത് മില്ലര്‍ അടിച്ചപ്പോള്‍ ബൗണ്ടറി ലൈനിനു സമീപത്തുനിന്ന് ലോങ് ഓണില്‍ സൂര്യകുമാര്‍ യാദവ് പിടിച്ചെടുക്കുകയായിരുന്നു.

ബൗണ്ടറിയിലേക്കു കയറും മുന്‍പ് സൂര്യ പന്ത് പുറത്തേക്ക് എറിഞ്ഞു, പിന്നീട് ഗ്രൗണ്ടിലേക്കു തിരിച്ചെത്തി വീണ്ടും പിടിച്ചെടുത്തു. ലോകകപ്പിലെ എക്കാലത്തെയും മികച്ച ക്യാച്ചുകളിലൊന്നായാണ് ഇതിനെ കമന്റേറ്റര്‍മാര്‍ വിശേഷിപ്പിച്ചത്. ലോങ് ഓണില്‍ ബൗണ്ടറി റോപ് നേരത്തേ തീരുമാനിച്ച ഇടത്തുനിന്നും നീങ്ങിക്കിടന്നതായാണു ചിലരുടെ കണ്ടെത്തല്‍. അംപയര്‍ കൂടുതല്‍ ആംഗിളുകളില്‍ ദൃശ്യങ്ങള്‍ പരിശോധിച്ചു തീരുമാനമെടുക്കണമായിരുന്നെന്നും ഇവര്‍ വാദിക്കുന്നു.

ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ഏഴു റണ്‍സ് വിജയമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം കിരീടനേട്ടമാണിത്. 2007ല്‍ എം.എസ്. ധോണിക്കു കീഴിലായിരുന്നു ഇന്ത്യയുടെ ആദ്യ വിജയം. ധോണിക്കു ശേഷം ലോകകപ്പ് ഉയര്‍ത്തുന്ന ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് ശര്‍മ. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 176, ദക്ഷിണാഫ്രിക്ക 20 ഓവറില്‍ എട്ടു വിക്കറ്റിന് 169. അര്‍ധ സെഞ്ചറിയുമായി ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നട്ടെല്ലായ വിരാട് കോലിയാണ് കളിയിലെ താരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button