![](https://breakingkerala.com/wp-content/uploads/2023/04/suresh-kumar.jpg)
കൊച്ചി: ജൂണ്‍ ഒന്നുമുതല്‍ സംസ്ഥാനത്തെ എല്ലാ സിനിമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കുന്ന തരത്തിലേക്ക് സമരത്തിന് ഒരുങ്ങുകയാണ് സിനിമ സംഘടനകള്‍. സിനിമയിലെ എല്ലാ മേഖലയിലും പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജി.എസ്.ടിക്ക് ഒപ്പമുള്ള വിനോദ നികുതി പിന്‍വലിക്കുക, താരങ്ങളുടെ വലിയ പ്രതിഫലം വെട്ടിക്കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നേരത്തേ വാര്‍ത്താ സമ്മേളനത്തില്‍ നിര്‍മാതാവ് സുരേഷ് കുമാര്‍ തുറന്നടിച്ചിരുന്നു.
100 കോടി രൂപ ഷെയര്‍ വന്ന ഒരു സിനിമ കാണിച്ചുതരുമോ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ സുരേഷ് കുമാര്‍ താരങ്ങളെ വെല്ലുവിളിച്ചു. തങ്ങളുടെ പടം 100 കോടി ക്ലബ്ബില്‍ കയറിയെന്ന് പറയുന്നത് നിര്‍മാതാക്കളല്ലെന്നും താരങ്ങള്‍ അവരെക്കൊണ്ട് പറയിപ്പിക്കുന്നതാണെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. അല്ലാതെ സ്വന്തം ഗതികേട് അറിയുന്ന നിര്‍മാതാക്കള്‍ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”കഴിഞ്ഞ വര്‍ഷം 200 സിനിമകള്‍ ഇറങ്ങിയതില്‍ ആകെ 24 സിനിമകള്‍ മാത്രമാണ് ഓടിയത്. വിജയശതമാനം എന്നു പറയുന്നത് വെറും 12 ശതമാനം മാത്രമാണ്. 176 ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു. 650 – 700 കോടിക്കിടയിലാണ് സിനിമ രംഗത്ത് കഴിഞ്ഞ വര്‍ഷം നിര്‍മാതാക്കള്‍ക്ക് സംഭവിച്ച നഷ്ടം. പല നിര്‍മാതാക്കളും നാടുവിട്ടുപോകേണ്ട ഗതികേടിലാണ്. ഒരു രീതിയിലും ഒരു നിര്‍മാതാവിന് സിനിമയെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ മലയാള സിനിമ.
ഏറ്റവും വലിയ പ്രശ്‌നം നടീനടന്‍മാരുടെ പ്രതിഫലമാണ്. നമുക്ക് ചിന്തിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള പ്രതിഫലമാണ് താരങ്ങള്‍ വാങ്ങുന്നത്. അമിതമായ പ്രതിഫലമാണ് താരങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കുന്നത്. താരങ്ങള്‍ പ്രതിഫലം കുറയ്ക്കാതെ ഇനി മുന്നോട്ടുപോകാന്‍ സാധിക്കില്ല.” – സുരേഷ് കുമാര്‍ വ്യക്തമാക്കി.
ഇതോടെ ജൂണ്‍ ഒന്നു മുതല്‍ സിനിമയുടെ ചിത്രീകരണവും റിലീസും അടക്കം ഒന്നും നടക്കാത്ത രീതിയില്‍ സമരത്തിന് ഒരുങ്ങുകയാണ് നിര്‍മാതാക്കളുടെ സംഘടന. 100 കോടി ക്ലബ്ബ് എന്നൊക്കെ പറയുന്നതില്‍ വാസ്തവമില്ലെന്നും നിര്‍മാതാക്കളുടെ സംഘടന വെള്ളിത്തിര എന്ന പേരില്‍ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിലൂടെ ചിത്രങ്ങളുടെ ഓരോ മാസത്തെയും കണക്കുകള്‍ പുറത്തുവിടുമെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.
എല്ലാമാസവും സിനിമകളുടെ റിലീസ് സംബന്ധിച്ച് അവലോകനം നടത്തും. കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോകുകയാണെങ്കില്‍ വേണ്ടിവന്നാല്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാവരുടെയും യഥാര്‍ത്ഥ പ്രതിഫലത്തിന്റെ കണക്കുകള്‍ പുറത്തുവിടുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.