തൃശൂര്‍: തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനുശേഷം തൃശൂര്‍ ലൂര്‍ദ് മാതാവിന്‍റെ പള്ളിയിലെത്തി മാതാവിന് സ്വര്‍ണ്ണ കൊന്ത സമര്‍പ്പിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. തൃശൂരിലെ മുരളീമന്ദിരത്തിലെത്തി കെ കരുണാകരന്‍റെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് സുരേഷ് ഗോപി തൃശൂരിലെ ലൂര്‍ദ് പള്ളിയിലെത്തിയത്. തുടര്‍ന്ന് ലൂര്‍ദ് മാതാവിന് സ്വര്‍ണ കൊന്ത സമര്‍പ്പിച്ചു. തുടര്‍ന്ന് പൂമാലയും സമര്‍പ്പിച്ചു. ഇതിനുശേഷം പള്ളിയിലെ താഴത്തെ നിലയിലുള്ള ഭൂഗര്‍ഭ ആരാധാന കേന്ദ്രലേക്ക് പോയി.
തുടര്‍ന്ന് അവിടെ വെച്ച് പാട്ടു പാടികൊണ്ട് സുരേഷ് ഗോപി മാതാവിന് ആരാധന നടത്തി. നന്ദിയാൽ പാടുന്നുദൈവമേ എന്ന എന്ന പാട്ടാണ് സുരേഷ് ഗോപി പാടിയത്. തെരഞ്ഞെടുപ്പ് വിജയത്തിലെ നന്ദി അറിയിച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ ലൂര്‍ദ് പള്ളിയിലെ സന്ദര്‍ശനം. തെരഞ്ഞെടുപ്പിനുശേഷം വീണ്ടും വരുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് മകളുടെ വിവാഹത്തോടനുബന്ധിച്ച് സുരേഷ് ഗോപി ലൂര്‍ദ് മാതാവിന് സ്വര്‍ണ കിരീടം സമര്‍പ്പിച്ചിരുന്നു. സ്വര്‍ണ കിരീടത്തിന്‍റെ തൂക്കം നോക്കണമെന്ന ആവശ്യം ഉള്‍പ്പെടെ ഉയര്‍ന്നത് വിവാദവും ആയിരുന്നു.
നന്ദി എന്ന് പറയുന്നത് ഹൃദയത്തിലാണുള്ളതെന്നും അത് ഉല്‍പന്നങ്ങളില്‍ അല്ലെന്നുമാണ് സ്വര്‍ണ കൊന്ത സമര്‍പ്പിച്ചശേഷം സുരേഷ് ഗോപി പ്രതികരിച്ചത്. ഭക്തിപരമായ നിര്‍വഹണത്തിന്‍റെ മുദ്രയാണ് സ്വര്‍ണ കൊന്തയെന്നും സുരേഷ് ഗോപി പറഞ്ഞു.