ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് സുപ്രീം കോടതിയുടെ താക്കീത്. രാഷ്ട്രീയം കോടതിക്ക് പുറത്തുമതിയെന്ന് സുപ്രീം കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നതിനെതിരെ കേരളം നല്‍കിയ അപേക്ഷ തീര്‍പ്പാക്കിയാണ് കോടതിയുടെ പ്രതികരണം.
വെള്ളം തുറന്നുവിടുന്നതില്‍ പരാതിയുണ്ടെങ്കില്‍ മേല്‍നോട്ട സമിതിയാണ് നടപടി സ്വീകരിക്കേണ്ടത്. സമിതി നടപടി എടുക്കാത്തത് കേരളത്തിന്റെ അംഗത്തിന്റെ പരാജയമാണ്. മറ്റുള്ളവരെ കുറ്റപ്പെടുത്താതെ സ്വന്തം അംഗത്തെ കുറ്റപ്പെടുത്തുവെന്നും സുപ്രീം കോടതി വിമര്‍ശിച്ചു.
അണക്കെട്ടിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടര്‍ച്ചയായി അപേക്ഷകളുമായി വരുന്നത് അംഗീകരിക്കാനാവില്ല. വെള്ളം തുറന്നുവിടുന്നതില്‍ പരാതിയുണ്ടെങ്കില്‍ മേല്‍നോട്ട സമിതിയെ അറിയിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു.
വെള്ളം തുറന്നുവിടുന്നതിനു മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്നായിരുന്നു കോടതിയില്‍ കേരളം ആവശ്യപ്പെട്ടത്. 24 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കണം. രാത്രിയില്‍ വെള്ളം തുറന്നുവിടുന്നതു മൂലം വെള്ളപ്പൊക്കവും അതുമായി ബന്ധപ്പെട്ട ദുരിതങ്ങളും ഉണ്ടാകുന്നതായും ചൂണ്ടിക്കാട്ടി. മേല്‍നോട്ട സമിതി ഇക്കാര്യത്തില്‍ മൗനം പാലിക്കയാണെന്നും കേരളം ആരോപിച്ചു.