ചെന്നൈ: സനാതനധർമ്മത്തിനെതിരായ പരാമർശത്തിൽ എടുത്ത കേസുകളുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നൽകിയ ഹർജി പരിഗണിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി. ഹർജി പരിഗണിക്കുന്നത് അടുത്ത വർഷത്തിലേക്ക് മാറ്റി. പരാമർശത്തിൽ വിവിധ സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്‌ഐആറുകൾ ഒരു സ്റ്റേഷന് കീഴിൽ ആക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് ഉദയനിധിയുടെ ഹർജി.
നേരത്തെ ഹർജി പരിഗണിച്ച കോടതി കേസിലെ മറ്റ് കേസിലെ പ്രതികളോട് മറുപടി നൽകാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവർ ഇതുവെര മറുപടി നൽകിയില്ലെന്നാണ് സ്റ്റാലിന്റെ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി പറയുന്നത്. 2025 ഫെബ്രുവരിയിൽ ആണ് ഇനി കേസ് പരിഗണിക്കുക. തിയതി കോടതി പിന്നീട് അറിയിക്കും.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും ഉൾപ്പെട്ട ബെഞ്ചിന് മുൻപാകെയാണ് ഉദയനിധി ഹർജി നൽകിയിരിക്കുന്നത്. സനാതനധർമ്മവുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഉദയനിധിയ്‌ക്കെതിരെ മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ, കർണാടക, ബിഹാർ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ കേസ് നിലനിൽക്കുന്നുണ്ട്.
ഔദ്യോഗിക തിരക്കുകൾക്കിടെ തുടർ നടപടികൾക്കായി ഇവിടങ്ങളിൽ എത്തുന്നത് ബുദ്ധിമുട്ടാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉദയനിധി ഹർജി നൽകിയിരിക്കുന്നത്. അതേസമയം വിചാരണ വേളയിൽ ഉദയനിധി നേരിട്ട് ഹാജരാകേണ്ട എന്ന നേരത്തെയുള്ള ഉത്തരവിൽ സുപ്രീംകോടതി മാറ്റം വരുത്തിയിട്ടില്ല.
കഴിഞ്ഞ വർഷം സെപ്തംബറിൽ ആയിരുന്നു പൊതുപരിപാടിയിൽവച്ച് സനാതനധർമ്മത്തിനെതിരെ ഉദയനിധി സ്റ്റാലിൻ പരാമർശം നടത്തിയത്. സനാതനധർമ്മം മഹാമാരിയാണെന്ന് ആയിരുന്നു ഉദയനിധിയുടെ പരാമർശം. സംഭവം വലിയ പ്രതിഷേധത്തിന് കാരണം ആയിരുന്നു.