
ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യാപക പരാതികള്‍ ഉയര്‍ന്നുവരുന്നതിനിടെ ഇതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന ആവശ്യമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്. സാമൂഹിക മാധ്യമ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കാന്‍ സുപ്രീംകോടതി ഇപ്പോള്‍ വീണ്ടും കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഹാസ്യനടന്‍ സമയ് റെയ്ന രണ്‍വീര്‍ അലഹബാദിയ എന്നിവരുടെ ഷോയിലെ അശ്ലീല പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ തുടര്‍ച്ചയായ ആവശ്യം. ബിജെപി എംപി നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാര്‍ലമെന്ററി കമ്മിറ്റിയും നിലവിലുള്ള നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് ഐടി മന്ത്രാലയത്തോട് നിര്‍ദേശിച്ചിരുന്നു.
‘സെന്‍സര്‍ഷിപ്പിലേക്ക് നയിക്കുന്ന ഒരു നിയന്ത്രണ സംവിധാനവും ഞങ്ങള്‍ക്ക് ആവശ്യപ്പെടുന്നില്ല…. അദ്ദേഹത്തിന്റെ നര്‍മ്മത്തിന്റെ ഗുണനിലവാരം നോക്കൂ.. നര്‍മ്മം എന്നത് മുഴുവന്‍ കുടുംബത്തിനും ആസ്വദിക്കാന്‍ കഴിയുന്ന ഒന്നാണ്, ആരേയും ലജ്ജിപ്പിക്കുന്ന ഒന്നാകരുത്. വൃത്തിക്കെട്ട ഭാഷ ഉപയോഗിക്കുന്നത് ഒരു കഴിവല്ല’ രണ്‍വീര്‍ അലഹബാദിയയുമായി ബന്ധപ്പെട്ട കേസിനിടെ ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
സെന്‍സര്‍ഷിപ്പിലേക്ക് നയിക്കാത്ത വളരെ പരിമിതമായ നിയന്ത്രണ നടപടികളെ കുറിച്ച് ചിന്തിക്കണം. അതിന് ചില നിയന്ത്രണ ഘടകങ്ങള്‍ ഉണ്ടായിരിക്കണം. എന്തെങ്കിലും ചെയ്യേണ്ടതുണ്ട്. ഇത് സംബന്ധിച്ച് ആരോഗ്യകരമായ സംവാദം ബന്ധപ്പെട്ടവര്‍ നടത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയുടെ നിര്‍ദേശത്തോട് യോജിച്ചു. ‘എന്നെ ചിരിപ്പിക്കാന്‍ നിങ്ങള്‍ അശ്ലീലത ഉപയോഗിക്കുകയാണെങ്കില്‍, നിങ്ങള്‍ ഒരു നല്ല ഹാസ്യനടനല്ല’ എന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇതുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി കമ്മിറ്റിയില്‍ ഭരണ-പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാരും ഇന്‍ഫ്‌ളുവന്‍സര്‍മാരുടെ അശ്ലീല പരാമര്‍ശങ്ങളില്‍ ആശങ്ക പ്രകടിപ്പിക്കുകയും കര്‍ശന നടപടിയുടെ ആവശ്യകത ചൂണ്ടിക്കാട്ടുകയും ചെയ്തിട്ടുണ്ട്.
അഭിപ്രായ സ്വാതന്ത്ര്യം എന്ന ഭരണഘടനാപരമായ അവകാശം ദുരുപയോഗം ചെയ്തുകൊണ്ടാണ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ അശ്ലീലവും അക്രമാസക്തവുമായ ഉള്ളടക്കം പ്രദര്‍ശിപ്പിക്കുന്നതെന്നാണ് ഐടി മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാട്ടുന്നത്.
നിലവിലെ നിയമപരമായ വ്യവസ്ഥകളും പുതിയ നിയമ ചട്ടക്കൂടിന്റെ ആവശ്യകതയും പരിശോധിക്കുന്ന പ്രക്രിയയിലാണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതിയടക്കമുള്ള വിവിധ ജുഡീഷ്യല്‍ സ്ഥാപനങ്ങളില്‍ നിന്നും ഭരണപ്രതിപക്ഷ അംഗങ്ങളും ഒരുപോലെ നിയന്ത്രണം ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍.
പ്രിന്റ്, ഇലക്ട്രോണിക് മീഡിയകളുടെ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്ന നിലവിലെ നിയമം സോഷ്യല്‍ മീഡിയകളെ നിയന്ത്രിക്കുന്നതിന് അപര്യാപ്തമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.