തിരുവനന്തപുരം: വിലക്കയറ്റത്തെ പിടിച്ചുകെട്ടാനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സമഗ്രമായ ഇടപെടല്‍. സപ്ലൈകോയും വകുപ്പ് മന്ത്രി ജിആര്‍ അനിലും ആവിഷ്‌കരിച്ചിരിക്കുന്ന നൂതനമായ പദ്ധതികള്‍ പ്രകാരം പരമാവധി കുറഞ്ഞവിലയില്‍ ഭക്ഷ്യവസ്തുക്കള്‍ സാധാരണക്കാരിലെത്തും. മൊബൈല്‍ മാവേലി സ്റ്റോര്‍ വഴിയാണ് ഭക്ഷ്യധാന്യ വിതരണം നടക്കുന്നത്.
സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് തിരുവനന്തപുരം പാളയം മാര്‍ക്കറ്റിനു സമീപം ഭക്ഷ്യ- പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജിആര്‍ അനില്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടിയും സന്നിഹിതനായിരുന്നു.
കയ്യൂരില്‍ സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ ഫ്ലാഗ് ഓഫ് എം രാജഗോപാലന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. പൊതുജനങ്ങളുടെ സമീപത്തേക്ക് ഭക്ഷ്യവസ്തുക്കള്‍ കുറഞ്ഞവിലയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സപ്ലൈകോ ആരംഭിച്ച സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ ചൊവ്വാഴ്ചയാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
എല്ലാ ജില്ലകളിലും അഞ്ച് വാഹനങ്ങളിലാണ് സഞ്ചരിക്കുന്ന മാവേലി സ്റ്റോര്‍ തയ്യാറാക്കിയിരിക്കുന്നത്. രണ്ട് ദിവസങ്ങളിലായി അമ്പത് കേന്ദ്രങ്ങളില്‍ മാവേലി സ്റ്റോര്‍ എത്തും. ഒരു താലൂക്കിലെ പത്ത് കേന്ദ്രങ്ങളിലേക്കാണ് ഒരു മൊബൈല്‍ മാവേലി സ്റ്റോര്‍ എത്തുക. മലയോരം, തീരപ്രദേശം, ആദിവാസി ഊരുകള്‍ തുടങ്ങിയ പ്രദേശങ്ങള്‍ക്ക് മുന്‍ഗണനയുണ്ട്.
ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ തിരുവനന്തപുരം ജില്ലയിലാണ് മാവേലി സ്റ്റോര്‍ സഞ്ചരിക്കുക. ഡിസംബര്‍ 2,3 തീയതികളില്‍ കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും, 4,5 തീയതികളില്‍ പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലും എത്തും. 6,7 തീയതികളില്‍ ആലപ്പുഴ, തൃശ്ശൂര്‍ ജില്ലകളിലും ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളില്‍ 8,9 തീയതികളിലാണ് വിതരണം.
സംസ്ഥാനത്തെ അഞ്ച് മേഖലകളിലുള്ള 52 ഡിപ്പോകളിലാണ് സാധനങ്ങള്‍ ഇതിനായി സംഭരിച്ചിരിക്കുന്നത്. മാവേലി ഔട്ട്ലെറ്റുകളിലെ സബ്സിഡി വിതരണത്തെ ബാധിക്കാത്ത രീതിയിലായിരിക്കും സാധനങ്ങളുടെ വിതരണം നടക്കുക.