EntertainmentKeralaNews

സാരി കൊണ്ട് മറച്ചാലും വസ്ത്രം മാറുമ്പോൾ ഒളിഞ്ഞ് നോക്കും; അനുഭവം പങ്കുവെച്ച് നടി സുലക്ഷണ

ചെന്നൈ:സിനിമാ രം​ഗത്തെ സ്ത്രീ സുരക്ഷ ഇന്ന് വലിയ ചർച്ചാ വിഷയമാണ്. ഷൂട്ടിം​ഗ് സെറ്റുകളിൽ ടോയ്ലറ്റ് സൗകര്യം ഉറപ്പു വരുത്തുക, പരാതി പരിഹാര സെൽ രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നടിമാർ ഉന്നയിക്കുന്നത്. ഇവയിൽ മിക്ക ആവശ്യങ്ങളും ഇപ്പോൾ നടപ്പാക്കുന്നുമുണ്ട്. പഴയ കാലത്തെ സിനിമാ രം​ഗത്ത് ഇതായിരുന്നില്ല സാഹചര്യം. നടിമാർക്ക് വസ്ത്രം മാറാൻ പോലുമുള്ള സൗകര്യം ഇല്ലായിരുന്നു. അക്കാലഘട്ടത്തിലെ നിരവധി നടിമാർ ഇതേക്കുറിച്ച് തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇപ്പോഴിതാ പഴയകാല നടി സുലക്ഷണയുടെ തുറന്ന് പറച്ചിലാണ് ശ്രദ്ധ നേടുന്നത്. ഷൂട്ടിം​ഗ് സ്ഥലത്ത് വെച്ച് വസ്ത്രം മാറുന്നത് പഴയ കാലത്ത് ബുദ്ധിമുട്ടായിരുന്നെന്ന് സുലക്ഷണ പറയുന്നു. സാരി കെട്ടി മറച്ച സ്ഥലത്ത് നിന്നാണ് വസ്ത്രം മാറിയിരുന്നത്. ഉയരത്തിൽ സാരി കൊണ്ട് മറയ്ക്കും. കാരണം ചിലർ മുകളിൽ കയറി നോക്കും. അല്ലെങ്കിൽ കാറിന് ഒരു വശത്ത് നിന്ന് വസ്ത്രം മാറും. ആരെങ്കിലും വരുന്നുണ്ടോ എന്ന് നോക്കാൻ മറുവശത്ത് ഒരാളെ നിർത്തുമായിരുന്നെന്നും സുലക്ഷണ ഓർത്തു. ​ഗലാട്ട തമിഴ് ചാനലിനോടാണ് പ്രതികരണം.

എൺപതുകളിൽ തെന്നിന്ത്യൻ സിനിമകളിൽ സജീവമായിരുന്ന നടിയാണ് സുലക്ഷണ. 450 ലേറെ സിനിമകളിൽ സുലക്ഷണ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ​ ​ഗോപി കൃഷ്ണനെയാണ് സുലക്ഷണ വിവാഹം ചെയ്തത്. പിന്നീടിവർ പിരിഞ്ഞു. ഇതേക്കുറിച്ചും സുലക്ഷണ സംസാരിച്ചു.

18ാം വയസ്സിലാണ് വിവാഹം ചെയ്യുന്നത്. 22ാം വയസ്സിൽ വിവാഹ മോചനം നേടി. പ്രണയവിവാഹമായിരുന്നു. ഒളിച്ചോടി വരില്ല, വീട്ടിൽ വന്ന് കല്യാണക്കാര്യം സംസാരിക്കാൻ പറഞ്ഞു. 18 വയസ്സിൽ ജീവിതത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. വിവാഹമോചനം വിധിയാണെന്ന് കരുതുന്നെന്നും സുലക്ഷണ വ്യക്തമാക്കി.

വീട്ടുജോലികൾ മാത്രം ചെയ്യേണ്ടവരല്ല സ്ത്രീകളെന്നും സുലക്ഷണ വ്യക്തമാക്കി. ഷൂട്ടിം​ഗ് കഴിഞ്ഞ് വന്നും ഞാൻ വീട്ട് ജോലി ചെയ്യുമായിരുന്നു. എന്നിട്ട് ഭക്ഷണം വൈകിയാൽ എന്താണ് പറയുകയെന്ന് ചിന്തിക്കാമല്ലോ. വരുന്നതേ ഒമ്പതര മണിക്കാണ്. ഭക്ഷണവും വൈകിയാണോ ഉണ്ടാക്കുന്നതെന്ന് ചോദിക്കും. രാവിലെ മുതൽ ജോലി ചെയ്യുകയാണെന്ന പരി​ഗണന ഉണ്ടാവില്ല. നമ്മൾ അസാധാരണ മനുഷ്യരാണെന്നാണ് അവരുടെ ചിന്ത.

24 മണിക്കൂറും നമ്മുടെ കൈകൾ ജോലി ചെയ്യുമെന്ന് കരുതും. പക്ഷെ നമ്മളും സാധാരണക്കാരാണ്. നമ്മുടെ വികാരങ്ങളെയും മാനിക്കണമെന്നും സുലക്ഷണ പറയുന്നു. സിനിമാ നടിമാർക്ക് പൊതുവെ സമൂഹത്തിൽ ബഹുമാനം ലഭിക്കുന്നില്ലെന്നും സുലക്ഷണ അഭിപ്രായപ്പെട്ടു. മറ്റെല്ലാ ജോലികളെയും പോലെയാണ് അഭിനയവും. എന്തിനാണ് മറ്റൊരു രീതിയിൽ കാണുന്നതെന്ന് സുലക്ഷണ ചോദിക്കുന്നു.

എന്റെ പ്രൊഫഷനെ കുറ്റം പറഞ്ഞാൽ എനിക്ക് ദേഷ്യം വരും. ഈ പ്രൊഫഷനാണ് എനിക്ക് ഭക്ഷണം തന്നത്. എല്ലാ കാലഘട്ടത്തിലും എന്നെ തുണച്ചത് സിനിമയാണ്. എന്റെ കുട്ടികളെ പഠിപ്പിക്കാൻ കഴിഞ്ഞു. ഇപ്പോൾ ഞാൻ ജീവിക്കുന്നതും ഈ ജോലി കൊണ്ടാണ്. പലപ്പോഴും സ്ത്രീകൾ തന്നെയാണ് സ്ത്രീകളെ കുറ്റം പറയുന്നതെന്നും സുലക്ഷണ ചൂണ്ടിക്കാട്ടി.

സിനിമയില്ലായിരുന്നെങ്കിൽ മറ്റെന്തെങ്കിലും ജോലി ചെയ്തേനെ. സാമ്പത്തികമായ സ്വാതന്ത്ര്യം എപ്പോഴും ആവശ്യമാണെന്നും സുലക്ഷണ വ്യക്തമാക്കി. ബാലതാരമായി അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന നടി ആദ്യമായി നായികാ വേഷം ചെയ്യുന്നത് സുബോധ്യം എന്ന സിനിമയിലാണ്. സിനിമകളിൽ നിന്ന് പിന്നീട് 12 വർഷത്തോളം സുലക്ഷണ മാറി നിന്നു. പിന്നീട് സീരിയൽ രം​ഗത്തേക്കും കടന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker