ന്യൂഡൽഹി:രാജ്യത്തെ സംബന്ധിച്ച് വളരെ നിർണായകമായ റിപ്പോർട്ട് പുറത്ത് വിട്ട് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ. രാജ്യത്ത് യുവാക്കൾക്കിടയിലെ ആത്മഹത്യാ നിരക്ക് ചർച്ചയാകുന്ന ഘട്ടത്തിലാണ് വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യയെ സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ ചൂണ്ടിക്കാണിക്കുന്ന റിപ്പോർട്ടാണ് നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ പുറത്ത് വിട്ടിരിക്കുന്നത്.
ഇവരുടെ പുതിയ റിപ്പോർട്ട് പ്രകാരം രാജ്യത്തെ വിദ്യാർത്ഥികൾക്കിടിയിലെ ആത്മഹത്യ നിരക്ക് ഇന്ത്യയിൽ ജനസംഖ്യാ വളർച്ചാ നിരക്കിനെ മറികടന്നിരിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നു. ബുധനാഴ്ച്ച നടന്ന ഐസി3ൻ്റെ വാർഷികത്തിലും 2024 എക്സ്പോയിലുമാണ് ഞെട്ടിക്കുന്ന ഈ റിപ്പോർട്ട് എൻസിആർബി പുറത്ത് വിട്ടത്. “വിദ്യാർത്ഥി ആത്മഹത്യ: ഇന്ത്യയെ തുടച്ചു നീക്കുന്നു”എന്ന റിപ്പോർട്ടിലാണ് ഈ കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ മൊത്തം ആത്മഹത്യ നിരക്ക് രണ്ട് ശതമാനം വെച്ച് ഓരോ വർഷവും വർദ്ധിക്കുമ്പോൾ വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യാ നാല് ശതമാനമാണ് വർദ്ധിക്കുന്നതെന്ന ഗൗരവമായ വിവരവും റിപ്പോർട്ടിലുണ്ട്. ആത്മഹത്യയുടെ ദേശീയ ശരാശരിയുടെ ഇരട്ടിയാണ് കഴിഞ്ഞ രണ്ട് ദശകത്തിനിടെയുള്ള വിദ്യാർത്ഥി ആത്മഹത്യകളുടെ നിരക്ക്. കഴിഞ്ഞ 20 വർഷത്തിനിടെ നാല് ശതമാനമാണ് വിദ്യാർത്ഥി ആത്മഹത്യയുടെ വാർഷിക നിരക്കിൽ വർദ്ധനവുണ്ടായിട്ടുള്ളത്.
2022ൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ ആകെ കണക്ക് പരിശോധിച്ചാൽ അതിൽ 53 ശതമാവും പുരുഷന്മാരായ വിദ്യാർത്ഥികളാണ്. എന്നാൽ 2021നും 2022നും ഇടയിലുള്ള കാലഘട്ടത്തിൽ പുരുഷ വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്ക് ആറ് ശതമാനമായി കുറപ്പോൾ സ്ത്രീ വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്ക് ഏഴ് ശതമാനമായി വർദ്ധിച്ചെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.
തുടർച്ചയായ വിദ്യാർത്ഥി ആത്മഹത്യകളും ശരാശരി കണക്കും ജനസംഖ്യാ വളർച്ചാ നിരക്കിനെയും ഇന്ത്യയിലെ മുഴുവൻ ആത്മഹത്യാ നിരക്ക് വർദ്ധിച്ചതായും റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിൽ 0-24 വയസിന് ഇടയിൽ പ്രായമുള്ളവരുടെ ജനസംഖ്യ 582 മില്ല്യണിൽ നിന്ന് 581 മില്ല്യണായി കുറഞ്ഞെങ്കിലും വിദ്യാർത്ഥികളുടെ ആത്മഹത്യകളുടെ എണ്ണം 6,654 ൽ നിന്ന് 13,044 എന്ന നിലയിലേക്ക് വർദ്ധിച്ചിട്ടുണ്ട്.