ന്യൂഡല്‍ഹി: ഇന്ത്യയിൽ പ്രമേഹ രോഗികളുടെ എണ്ണം വൻതോതിൽ വർധിക്കുന്നതായി പഠനം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്- ഇന്ത്യ ഡയബറ്റീസ് (ICMR-INDIAB) നടത്തിയ സർവേയിൽ 10 കോടിയിലധികം ആളുകള്‍ക്ക് ഇന്ത്യയില്‍ പ്രമേഹമുള്ളതായി കണ്ടെത്തി. 13.6 കോടി ആളുകള്‍ പ്രീഡയബെറ്റിക് ആണെന്നും 31.5 കോടി ആളുകള്‍ക്ക് ഉയർന്ന രക്തസമ്മർദം ഉണ്ടെന്നും ഈ പഠനത്തില്‍ പറയുന്നുണ്ട്. മെറ്റബോളിക് നോണ്‍-കമ്മ്യൂണിക്കബിള്‍ ആയ അസുഖങ്ങളുടെ (എന്‍സിഡി) വ്യാപനം സംബന്ധിച്ച് ഇത്തരത്തിലൊരു പഠനം നടത്തുന്നത് ആദ്യമാണ്. രാജ്യത്തെ തന്നെ ഏറ്റവും വലിയ സര്‍വേകളില്‍ ഒന്നാണിത്.
25.4 കോടി ആളുകളില്‍ പൊണ്ണത്തടി, 35.1 കോടി ആളുകളില്‍ അടിവയറ്റിലെ പൊണ്ണത്തടി, 21.3 കോടി ആളുകള്‍ക്ക് ഉയര്‍ന്ന കോളസ്‌ട്രോള്‍ (ഹൈപ്പര്‍കൊളസ്‌ട്രോലീമിയ), 18.5 കോടി ആളുകള്‍ക്ക് ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ ചീത്ത കൊളസ്‌ട്രോള്‍ ഉണ്ടെന്നും സര്‍വേയില്‍ കണ്ടെത്തി. ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കേരളം, പുതുച്ചേരി, ഗോവ, സിക്കിം, പഞ്ചാബ് എന്നിവിടങ്ങളില്‍ ഇത്തരം അസുഖങ്ങളുടെ വ്യാപനം കൂടുതലാണെന്നാണ് പഠനം പറയുന്നത്.
2008-നും 2020-നും ഇടയില്‍ നടത്തിയ സര്‍വേയില്‍ 1,13,043 ആളുകള്‍ പങ്കെടുത്തു. ഇവരില്‍ 33,537 പേര്‍ നഗരവാസികളും 79,506 പേര്‍ ഗ്രാമവാസികളുമാണ്. ഇന്ത്യയുടെ വടക്കുഭാഗത്തും തെക്കുഭാഗത്തുമാണ് ഏറ്റവും ഉയര്‍ന്ന പ്രമേഹക്കണക്കെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. മധ്യഭാഗത്തും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും അസുഖവ്യാപനം കുറവാണെന്നാണ് പഠനത്തില്‍ പറയുന്നത്. ‘ദി ലാന്‍സെറ്റ് ഡയബെറ്റിസ് ആന്‍ഡ് എന്‍ഡോക്രൈനോളജി’ എന്ന ജേണലില്‍ വ്യാഴാഴ്ചയാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്.
പ്രമേഹ രോഗികളെക്കാളധികം പ്രീ-ഡയബെറ്റിസ് ഉള്ളവര്‍ രാജ്യത്തുണ്ടെന്നുള്ളതാണ് കൂടുതല്‍ ആശങ്കാജനകം. ഇതിനര്‍ഥം വരുംവര്‍ഷങ്ങളില്‍ പ്രമേഹരോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുമെന്നാണ്.2019 ൽ 7.4 കോടി പ്രമേഹരോഗികളായിരുന്നു രാജ്യത്തുണ്ടായിരുന്നത്. കഴിഞ്ഞ നാല് വർഷം കൊണ്ടാണ് ഇവരുടെ എണ്ണത്തില്‍ വന്‍കുതിച്ചുചാട്ടമുണ്ടായത്.
ജനസംഖ്യാടിസ്ഥാനത്തില്‍ നടത്തിയ ക്രോസ്-സെക്ഷണല്‍ സര്‍വേയില്‍ 20 വയസ്സിനു മുകളിലുള്ളവരില്‍ പൊണ്ണത്തടി ഏറ്റവും കൂടുതലുള്ളത് സ്ത്രീകളിലാണെന്ന് കണ്ടെത്തി. ലിപിഡ് പാരാമീറ്ററുകള്‍ പരിശോധിച്ചാല്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍ മാത്രമേ പുരുഷന്മാരില്‍ ഗണ്യമായി കൂടുയിട്ടുള്ളൂ എന്ന് കാണാം. ഹൈപ്പര്‍കൊളസ്‌ട്രോലീമിയ, കുറഞ്ഞ എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍, ഉയര്‍ന്ന എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നിവ സ്ത്രീകളിലാണ് വ്യാപകമായി കൂടിയിട്ടുള്ളത്.
ഇന്ത്യയില്‍ പ്രീ-ഡയബറ്റിസ് ബാധിതര്‍ ഏറ്റവുമധികമുള്ളത് മധ്യ, വടക്ക് ഭാഗങ്ങളിലാണ്. പഞ്ചാബ്, ജാര്‍ഖണ്ഡ്, ഏതാനും വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ്. എന്നാല്‍, പ്രീ-ഡയബെറ്റീസിന്റെ വ്യാപനകാര്യത്തില്‍ നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ വലിയ വ്യത്യാസമില്ല എന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.