വാഷിംഗ്ടൺ: ദിവസേന കഞ്ചാവ് വലിക്കുന്ന അമേരിക്കക്കാരുടെ എണ്ണം മദ്യം കഴിക്കുന്നവരേക്കാൾ കൂടുതലാണെന്ന് പഠനം. നാഷണൽ സർവേ ഓൺ ഡ്രഗ് യൂസ് ആൻഡ ഹെൽത്ത് നാല് പതിറ്റാണ്ടുകളായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജേണൽ അഡിക്ഷനിലാണ് പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് വാദം ഉയർത്തിയിട്ടുള്ളത്.
2022-ൽ, സർവേയിൽ പ്രതിദിനം 17.7 ദശലക്ഷം പേരാണ് ദിവസേന കഞ്ചാവ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇക്കാലയളവിൽ പ്രതിദിന മദ്യപാനികളുടെ എണ്ണം 14.7 ദശലക്ഷമാണ്. രണ്ടിലും കൂടുതൽ വ്യാപകമായി ഉപയോഗിക്കുന്ന ലഹരി പദാർത്ഥമായി മദ്യം ഇപ്പോഴും തുടരുന്നുവെന്നും പഠനം വിശദമാക്കുന്നു.
1992നും 2022നും ഇടയിൽ കഞ്ചാവ് പ്രതിദിനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 15 ഇരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. 1979 മുതലാണ് പഠനം ആരംഭിച്ചത്. കഞ്ചാവ് നിഷിദ്ധ വസ്തുവായി കാണുന്ന രീതിയിൽ വലിയ മാറ്റമുണ്ടായതായാണ് മരുന്ന് ആവശ്യങ്ങൾക്കായി കഞ്ചാവ് നിർമ്മിക്കുന്ന ഇ ഒ കെയറിലെ ചീഫ് മെഡിക്കൽ ഓഫീസറായ ഡോ ബ്രൂക്ക് വോർസ്റ്റർ വിശദമാക്കുന്നത്.
അമേരിക്കയിലെ 24 സംസ്ഥാനങ്ങളിലാണ് ഉല്ലസിക്കാനായുള്ള കഞ്ചാവിന്റെ ഉപയോഗം നിയമ വിധേയമാക്കിയിട്ടുള്ളത്. 38 സംസ്ഥാനങ്ങളിൽ മരുന്ന് ആവശ്യത്തിനായുള്ള കഞ്ചാവ് ഉപയോഗത്തിനും അനുമതിയുണ്ട്. അരനൂറ്റാണ്ടിലേറെക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായാണ് നിരോധിത മയക്കുമരുന്നായ ഹെറോയിന് തുല്യമായ ഷെഡ്യൂളിൽ 1ൽ നിന്ന് ഷെഡ്യൂൾ3 ലേക്ക് കഞ്ചാവിനെ നീക്കിയതിനെ വിലയിരുത്തുന്നത്.
കഞ്ചാവ് ഉപയോഗം മറ്റ് നിരോധിത മയക്കുമരുന്നുകളിലേക്കുള്ള പടിവാതിലാണെന്ന ദശാബ്ദങ്ങളായുള്ള ധാരണയിൽ മാറ്റം വരുന്നതാണ് നിലവിലെ കണക്കുകൾ വിശദമാക്കുന്നതെന്നാണ് പഠനം അവകാശപ്പെടുന്നത്. എന്നാൽ ചെറുപ്രായത്തിലുള്ളവർ കഞ്ചാവ് ഉപയോഗിക്കുന്നത് ആസക്തിയിലേക്ക് നയിക്കുമെന്നുള്ള മുന്നറിയിപ്പും പഠനം മുന്നോട്ട് വയ്ക്കുന്നുണ്ട്.