KeralaNews

വിദ്യാര്‍ഥിനികളെ അടിവസ്ത്രമഴിച്ച് പരീക്ഷയെഴുതിച്ചു: അഞ്ച് വനിതാ ജീവനക്കാര്‍ അറസ്റ്റില്‍

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രമഴിപ്പിച്ചശേഷം നീറ്റ് പരീക്ഷയെഴുതിച്ച സംഭവത്തില്‍ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന ആയൂര്‍ മാര്‍ത്തോമ്മാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജിയിലെ ജീവനക്കാരായ എസ്.മറിയാമ്മ, കെ.മറിയാമ്മ, സെക്യൂരിറ്റി ഏജന്‍സിയിലെ ജീവനക്കാരായ ഗീതു, ജ്യോത്സന, ബീന എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ട് കസ്റ്റഡിയിലെടുത്ത ഇവരെ വിശദമായി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

അന്വേഷണസംഘം ചൊവ്വാഴ്ച കോളജില്‍ എത്തി പരിശോധന നടത്തിയിരുന്നു. കൊല്ലം റൂറല്‍ എസ്പി കെ.ബി.രവിയും കോളജിലെത്തിയിരുന്നു. ജീവനക്കാരെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടു കോളജ് ജീവനക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേരെ അറസ്റ്റ് ചെയ്തത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നാല് സ്ത്രീകളാണ് കുട്ടികളെ വസ്ത്രമഴിപ്പിച്ച് പരിശോധിച്ചതെന്ന് കണ്ടെത്തി. ഇവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

ദേഹപരിശോധനയുടെ ചുമതല സ്വകാര്യ ഏജന്‍സിക്കായിരുന്നു. നാലു വീതം പുരുഷന്മാരെയും സ്ത്രീകളെയുമാണ് ഇവര്‍ നിയോഗിച്ചത്. ദേഹപരിശോധനാ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്തു. കഴിഞ്ഞ ദിവസം പരാതി നല്‍കിയ ശൂരനാട്, കുളത്തൂപ്പുഴ സ്വദേശിനികള്‍ക്കു പുറമെ മൂന്നു വിദ്യാര്‍ഥിനികള്‍ കൂടി ചടയമംഗലം പൊലീസില്‍ പരാതി നല്‍കി.

വനിതാ കമ്മിഷന്‍ അംഗങ്ങളും കോളജിലെത്തി. കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടെന്ന് കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍ അറിയിച്ചു. കോളജിന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. കുട്ടികള്‍ വലിയ മാനസിക പീഡനത്തിന് ഇരയായി. സംസ്ഥാന മനുഷ്യാവകാശ, യുവജന കമ്മിഷനുകളും കേസെടുത്തിരുന്നു.

അതിനിടെ, കോളജില്‍ കെഎസ്‌യു നടത്തിയ പ്രതിഷേധത്തിനിടെ സംഘര്‍ഷമുണ്ടായി. കോളജിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി. കോളജിനുള്ളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരും കോളജിനു പുറത്ത് എബിവിപി പ്രവര്‍ത്തകരും പ്രതിഷേധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button