‘ഈ രാജ്യക്കാരുമായി പ്രണയവും ലൈംഗികബന്ധവും വേണ്ട’ ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം

വാഷിംഗ്ടണ്‍ ഡി.സി: ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി അമേരിക്കയിലെ ട്രംപ് ഭരണകൂടം രംഗത്ത്. ചൈനയില്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചൈനക്കാരുമായി പ്രണയത്തിലാകുകയോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ചാര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ആശങ്കകളാണ് പുതിയ നിര്‍ദേശത്തിന് കാരണം. നയതന്ത്രജ്ഞര്‍, അവരുടെ കുടുംബാംഗങ്ങള്‍, സുരക്ഷാ അനുമതികളുള്ള കോണ്‍ട്രാക്ടര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിര്‍ദേശം ബാധകമായിരിക്കും.
യുഎസിന് ചൈനയുടെ തലസ്ഥാനമായ ബീജിങില്‍ എംബസിയും ഗ്വാങ്ഷൂ, ഷാങ്ഹായ്, ഷെന്‍യാങ്, വുഹാന്‍, ഹോങ്കോങ് എന്നിവിടങ്ങളില്‍ കോണ്‍സുലേറ്റുകളും ഉണ്ട്. അതേസമയം, ചൈനയ്ക്കു പുറത്ത് ജോലി ചെയ്യുന്ന യുഎസ് ഉദ്യോഗസ്ഥര്‍ക്കു പുതിയ നിര്‍ദേശം ബാധകമല്ലെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ചൈനീസ് പൗരന്മാരുമായി മുന്‍കാലങ്ങളില്‍ ബന്ധമുള്ളവര്‍ക്ക് ഇളവിന് അപേക്ഷിക്കാം. എന്നാല്‍ അപേക്ഷ തള്ളിപ്പോയാല്‍ ജോലി അല്ലെങ്കില്‍ പ്രണയം ഇവയില്‍ ഏത് വേണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് തീരുമാനിക്കാം എന്നാണ് റിപ്പോര്‍ട്ട്.
ജനുവരിയില്‍ യുഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ രഹസ്യമായാണ് പുതിയ നിര്‍ദേശം ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചതെന്നാണ് വിവരം. വിവിധ മേഖലകളില്‍ യുഎസും ചൈനയുമായുള്ള ബന്ധം വഷളായിരിക്കെയാണ് യുഎസ് തങ്ങളുടെ ഉദ്യോഗസ്ഥര്‍ക്കു പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ ഇന്ത്യയും ചൈനയും ഏകാധിപത്യത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന ആഹ്വാനവുമായി ചൈനീസ് വിദേശകാര്യ മന്ത്രി രംഗത്ത് വരികയും ചെയ്തിരുന്നു.