KeralaNews

ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് റോഡില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

എറണാകുളം: ജില്ലയിൽ ഓക്സിജന്‍ വിതരണത്തിനായുള്ള വാഹനങ്ങള്‍ക്ക് റോഡില്‍ തടസ്സം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ജില്ലാ പോലീസ് മേധാവി, റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതിന്‍റെ ഭാഗമായി ട്രാഫിക് സിഗ്നലുകള്‍, ജംഗ്ഷനുകള്‍, ടോള്‍ പ്ലാസകള്‍ എന്നിവിടങ്ങളില്‍ ഫ്രീ ലെഫ്റ്റ് മാര്‍ഗത്തിന് തടസ്സം സൃഷ്ടിക്കുന്നവരുടെയും നാലുവരിപാതയില്‍ റൈറ്റ് ട്രാക്കില്‍ തടസ്സം സൃഷ്ടിക്കുന്നവരുടെയും മോട്ടോര്‍ വാഹന ലൈസന്‍സ് റദ്ദാക്കുന്നതിന് പുറമേ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടിയും സ്വീകരിക്കും. സുഗമമായ ഓകിസിജന്‍ വിതരണം ഉറപ്പാക്കുന്നതിനായി ജില്ലയില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ പരിശോധന ശക്തമാക്കി. അടിയന്തര സേവനത്തിനായുള്ള വാഹനങ്ങളുടെ തൊട്ടുപുറകെ വാഹനങ്ങള്‍ പായിക്കുന്നവര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കും.

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ വിതരണം തടസ്സമില്ലാതെ നടത്തുന്നതിനായാണ് ഓക്സിജന്‍ സിലിന്‍ഡറുകള്‍, ദ്രവീകൃത ഓക്സിജന്‍ കൊണ്ടുപോകുന്ന ക്രയോജനിക് ടാങ്കറുകള്‍ എന്നിവയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നത്. ഓക്സിജന്‍ വിതരണ വാഹനങ്ങള്‍ക്ക് ബീക്കണ്‍ ലൈറ്റ്, സൈറണ്‍ എന്നിവ ഉപയോഗിക്കാം.നിശ്ചിത വേഗതയ്ക്ക് മുകളില്‍ സഞ്ചരിക്കാന്‍ സാധ്യമല്ലാത്ത ഓക്സിജന്‍ സിലിന്‍ഡറുകളുമായി പോകുന്ന വാഹനങ്ങള്‍ക്ക് നാലുവരിപാതകളിലും ട്രാഫിക് സിഗ്നലുകളിലെ ഫ്രീലെഫ്റ്റ് മാര്‍ഗത്തിലും തടസ്സം സൃഷ്ടിച്ചാല്‍ ഓക്സിജന്‍ വിതരണത്തെ സാരമായി ബാധിക്കുമെന്ന് എന്‍ഫോഴ്സ്മെന്‍റ് ആര്‍.ടി.ഒ ഷാജി മാധവന്‍ പറഞ്ഞു. നാലുവര പാതകളിലെ റൈറ്റ് ട്രാക്ക് അടിയന്തര സേവനങ്ങള്‍ക്കായുള്ള വാഹനങ്ങള്‍ക്കായി ഒഴിച്ചിടണം. ആംബുലന്‍സുകള്‍, ഓക്സിജന്‍ വാഹനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങളുമായി പോകുന്ന വാഹനങ്ങള്‍ എന്നിവയ്ക്ക് നിരത്തില്‍ മുന്തിയ പരിഗണന നല്‍കാന്‍ മറ്റ് വാഹന ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം.

ജില്ലയിലെ കോവിഡ് ചികിത്സക്കാവശ്യമായ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നതിനായി ജില്ലാ ഭരണ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ’ ഓക്സിജൻ വാർ റൂം’ പ്രവർത്തനമാരംഭിച്ചു. ആവശ്യമുള്ള കേന്ദ്രങ്ങളിലേക്ക് യഥാസമയം ഓക്സിജൻ എത്തിക്കുക എന്ന ദൗത്യം ഫലപ്രദമായി നിറവേറ്റാനാണിതെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു.

ആശുപത്രി ചികിത്സ ആവശ്യമുള്ളവർക്ക് അതിനുള്ള സൗകര്യം ഉറപ്പു വരുത്തുന്നതിനുള്ള ഷിഫ്റ്റിംഗ് കൺട്രോൾ റൂം, ഡാറ്റാ സെന്റർ എന്നിവയും പ്രവർത്തനം തുടങ്ങി.കലൂർ മെട്രോ സ്റ്റേഷൻ കെട്ടിടത്തിലാണ് രണ്ട് വാർ റൂമുകളും പ്രവർത്തിക്കുക. 80 ഓളം പേർ ഇവിടെ ജോലി ചെയ്യുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker