കൊച്ചി: സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം കര്‍ഷകര്‍ക്ക് കൊടുത്തുതീര്‍ക്കാത്തതുമായി ബന്ധപ്പെട്ട നടന്‍ ജയസൂര്യയുടെ വിമര്‍ശനത്തിന് മറുപടിയുമായി മന്ത്രിമാരായ പി. പ്രസാദും പി. രാജീവും. സംസ്ഥാന സര്‍ക്കാരിന്റെ വിഹിതം എല്ലാവര്‍ക്കും കൊടുത്തുതീര്‍ത്തിട്ടുണ്ടെന്നും കേന്ദ്രവിഹിതത്തിലാണ് കാലതാമസമുണ്ടാകുന്നതെന്നുമാണ് ഇരുവരും ചൂണ്ടിക്കാട്ടുന്നത്.
അടുത്തതവണ സമാനമായ സാഹചര്യം ഉണ്ടാകാതിരിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് പി. രാജീവ്, ജയസൂര്യ വിമര്‍ശനം ഉന്നയിച്ച കളമശ്ശേരിയിലെ കാര്‍ഷികോത്സവവേദിയില്‍ തന്നെ മറുപടി നല്‍കിയിരുന്നു. അതേസമയം, ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഏറ്റവും കൂടുതല്‍ പ്രയാസങ്ങളുണ്ടാക്കിയതെന്നും ഇനിയും പണംകൊടുക്കാനുള്ളവര്‍ക്ക് പത്തുദിവസത്തിനകം കൊടുത്തുതീര്‍ക്കുമെന്ന് കാനറാ ബാങ്ക് അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നുമായിരുന്നു പി. പ്രസാദ് പ്രതികരിച്ചത്.
‘സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ള സ്റ്റേറ്റ് ഇന്‍സെന്റീവും ഹാന്‍ഡിലിങ് ചാര്‍ജും എല്ലാവര്‍ക്കും കൊടുത്തുകഴിഞ്ഞിട്ടുണ്ട്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് ഏറ്റവും വലിയ പ്രശ്‌നവും പ്രയാസവും ഉണ്ടാക്കിയത്. ഇനിക്കൊടുക്കാനുള്ളത് ഏതാണ്ട് 240 കോടിയോളം രൂപയാണ്. അതില്‍ 138 കോടി രൂപ നല്‍കാമെന്ന് കാനറാ ബാങ്കുമായി പ്രത്യേകം ധാരണയിലെത്തി അവര്‍ ആ പണം നല്‍കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്’, പി. പ്രസാദ് പറഞ്ഞു.
‘പാലക്കാട് എട്ടിടത്ത് അവധിദിവസങ്ങളില്‍കൂടി പ്രത്യേകമായി ക്യാമ്പ് തുറന്ന് കാനറാ ബാങ്കില്‍ അക്കൗണ്ട് തുറന്ന് പണം നല്‍കി. കുട്ടനാട് മേഖലയില്‍ മിക്കവാറും എല്ലാവരും അക്കൗണ്ട് എടുത്തത് കാനറാ ബാങ്കിലാണ്. ബാങ്ക് തുറക്കുന്ന ദിവസം ബാങ്ക് അവധിയായതുകൊണ്ടുമാത്രമാണ്. കാനറാ ബാങ്കിന്റെ ജനറല്‍ മാനേജറോട് നേരിട്ട് സംസാരിച്ചപ്പോള്‍ പറഞ്ഞത് പരമാവധി എട്ടുദിവസത്തിനുള്ളില്‍ അക്കൗണ്ടുള്ള ഇടങ്ങളിലെല്ലാം പണം കൊടുത്തുതീര്‍ക്കാന്‍ പറ്റും എന്നവര്‍ പറഞ്ഞിരിക്കുന്നത്’, അദ്ദേഹം വ്യക്തമാക്കി.
‘വായ്പയുടെ കാര്യത്തില്‍ സാങ്കേതിക പ്രശ്നം വന്നതുകൊണ്ട് സംഭരിച്ച നെല്ലിന്റെ പണം കൃത്യസമയത്ത് നല്‍കാന്‍ സാധിച്ചില്ല എന്ന വിമര്‍ശനം ശരിയാണ്. എങ്കില്‍പ്പോലും കേന്ദ്രസര്‍ക്കാരിന്റെ പൈസക്ക് കാത്തുനില്‍ക്കാതെ 2,200 കോടി രൂപ ഇപ്പോള്‍ തന്നെ വിതരണംചെയ്തു കഴിഞ്ഞു. സാമ്പത്തികമായി ഞെരുക്കമുണ്ടെങ്കില്‍പ്പോലും കേരളത്തിന്റെ വിഹിതം എല്ലാവര്‍ക്കും ഇതിനകം തന്നെ നല്‍കി കഴിഞ്ഞിട്ടുണ്ട്.
അടുത്തതവണ ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാന്‍ ഇപ്പോള്‍ തന്നെ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. എടുക്കുമ്പോള്‍ തന്നെ കര്‍ഷകന് പണം കൊടുക്കുന്ന രൂപത്തില്‍ ക്രമീകരണം നടത്തിയിട്ടുണ്ട്’, എന്നായിരുന്നു രാജീവിന്റെ പ്രതികണം.