ഇംഫാൽ: സംഘർഷം തുടരുന്നതിനിടെ മണിപ്പൂരിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്ത് സുരക്ഷാ സേന. സ്നൈപ്പർ റൈഫിളുകൾ, പിസ്റ്റളുകൾ, ഗ്രനേഡുകൾ തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ട്. സംഭവത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നപ്പോൾ ഏവരുടേയും ശ്രദ്ധപതിഞ്ഞത് ആയുധങ്ങളിലേക്കായിരുന്നില്ല, പകരം കൂട്ടത്തിലുള്ള മറ്റൊന്നിലേക്കായിരുന്നു. ഇലോൺ മസ്കിന്റെ സ്റ്റാര്‍ലിങ്കിന്റേത് എന്ന് സംശയിക്കപ്പെടുന്ന ഒരു ഉപകരണമായിരുന്നു ഇത്.
ഈ മാസം 13-ന് ഈസ്റ്റ് ഇംഫാലിൽ ഇന്ത്യൻ സൈന്യവും ആസാം റൈഫിൾസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ ഉൾപ്പെടെയുള്ളവ കണ്ടെത്തിയത്. ചുരാചന്ദ്പുർ, ചന്ദേൽ, ഇംഫാൽ ഈസ്റ്റ്, കാഗ്പോക്പി എന്നിവിടങ്ങളിൽനിന്നുള്ള മണിപ്പൂർ പോലീസും തിരച്ചിലിന് സഹായിച്ചു. തിരച്ചിലിൽ കണ്ടെത്തിയ വസ്തുക്കൾ ദിമാപുർ ആസ്ഥാനമായ സ്പിയർ കോർപ്സ് സംഘം എക്സിലൂടെ പുറത്തുവിട്ടു. ഈ ചിത്രങ്ങളിലൊന്നിലാണ് ആയുധങ്ങൾക്കൊപ്പം സ്റ്റാർലിങ്ക് ലോഗോയോടുകൂടിയ ഇന്റർനെറ്റ് ഉപകരണവും ഉള്ളത്.
നിലവിൽ മണിപ്പൂരിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ട അവസ്ഥയാണുള്ളത്. ഈ സാഹചര്യം നിലനിൽക്കേയാണ് ഇത്തരമൊരു ഉപകരണം സൈന്യം കണ്ടെത്തിയിരിക്കുന്നത്.
അതേസമയം ഇത് യഥാർത്ഥ സ്റ്റാർ ലിങ്ക് ഉപകരണമാണോ എന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇന്ത്യയിൽ പ്രവർത്തിക്കാനുള്ള ലൈസൻസ് സ്റ്റാർലിങ്കിനില്ല എന്നതും ശ്രദ്ധിക്കേണ്ട വസ്തുതയാണ്. നിരവധി പേരാണ് സ്റ്റാർലിങ്ക് ഉടമ ഇലോൺ മസ്കിനെ ടാഗ് ചെയ്തുകൊണ്ട് എക്സിലൂടെ ഈ ചിത്രങ്ങൾ പങ്കുവെച്ചത്. സ്റ്റാർലിങ്ക് ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും ചിലർ അഭിപ്രായപ്പെട്ടു.
എന്നാൽ ഇക്കാര്യം നിഷേധിച്ചുകൊണ്ട് പിന്നീട് സാക്ഷാൽ മസ്ക് തന്നെ രംഗത്തെത്തി. ഇന്ത്യക്ക് മേലേയുള്ള സ്റ്റാർലിങ്ക് സാറ്റലൈറ്റ് ബീം ഓഫ് ചെയ്തുവെച്ചിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ത്യയുടെ മ്യാൻമർ അതിർത്തിയിൽനിന്നോ ബംഗ്ലാദേശ് അതിർത്തിയിൽനിന്നോ കടത്തിക്കൊണ്ടുവന്നതാകാം ഈ ഉപകരണമെന്നും ചർച്ചകളുണ്ട്.