എസ്.എസ്.എല്‍.സി ചോദ്യ പേപ്പര്‍ ചോരാന്‍ സാധ്യയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷ ചോദ്യ പേപ്പര്‍ ചോരാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രണ്ട് ജില്ലകളില്‍ ചോദ്യ പേപ്പര്‍ ചോരാന്‍ സാധ്യതയുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സ്‌കൂളുകളില്‍ ചോദ്യ പേപ്പറുകള്‍ സൂക്ഷിക്കുകയാണെങ്കില്‍ ചോരാനുള്ള സാധ്യത കൂടുതലാണെന്നാണെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ ജില്ലകളിലാണ് ഇതിനുളള സാധ്യത.
എന്നാല്‍ രണ്ടാഴ്ച മുമ്പ് നല്‍കിയ ഈ റിപ്പോര്‍ട്ട് പോലീസ് സൃഷ്ടിച്ച പ്രതിസന്ധി മറച്ചു വയ്ക്കാനാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. എസ്എസ്എല്‍സി പരീക്ഷ നടത്തിപ്പിനുള്ള സുരക്ഷയൊരുക്കാന്‍ തയ്യാറാകാതിരുന്ന പോലീസ് സ്വന്തം ഭാഗം ന്യായീകരിക്കുന്നതിനാണ് ചോര്‍ച്ചാ ഭീഷണി റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ആക്ഷേപം. നേരത്തെ പോലീസിനെ വിശ്വസിച്ചു പരീക്ഷയുടെ സമയ ക്രമം മാറ്റിയ വിദ്യാഭ്യാസ വകുപ്പ് വെട്ടിലാകുകയായിരുന്നു.
ഫെബ്രുവരി മാസം അവസാനമാണ് പുതിയ തീരുമാനം റദ്ദാക്കി മുന്‍ വര്‍ഷങ്ങളിലേത് പോലെ ബാങ്കുകളെ ആശ്രയിക്കാന്‍ തീരുമാനിച്ചത്. നേരത്തെ സ്‌കൂളുകളില്‍ പ്രത്യേക സ്ട്രോങ് റൂമുകള്‍ നിര്‍മ്മിച്ച് ചോദ്യപേപ്പറുകള്‍ സൂക്ഷിക്കാനായിരുന്നു തീരുമാനം. എല്ലാ സ്‌കൂളുകളിലും ഇതിനായി സിസിടിവി ക്യാമറകള്‍ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി സ്ട്രോങ് റൂമുകള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ സ്‌കൂളുകള്‍ക്ക് സുരക്ഷ നല്‍കാന്‍ പോലീസ് തയ്യാറായില്ല. സുരക്ഷ ഒരുക്കണമെങ്കില്‍ ഫീസിനത്തില്‍ ആറ് കോടി രൂപ നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ വകുപ്പ് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫീസ് കുറയ്ക്കാന്‍ പോലീസ് തയ്യാറായില്ല. ആറ് കോടി രൂപ നല്‍കാനാകില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിലപാടെടുത്തു. ഇതോടെ സ്‌കൂളുകളിലെ സ്ട്രോങ് റൂമുകളില്‍ ചോദ്യ പേപ്പര്‍ സൂക്ഷിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
ബാങ്കുകളിലെയും ട്രഷറികളിലെയും ലോക്കറുകളില്‍ ചോദ്യ പേപ്പര്‍ സൂക്ഷിച്ചിരുന്നപ്പോള്‍ ഉച്ചയ്ക്ക് ശേഷമായിരുന്നു പരീക്ഷകള്‍ നടത്തിയിരുന്നത്. ഒരു പ്രദേശത്ത് ഒരു ബാങ്കിലായിരിക്കും വിവിധ സ്‌കൂളുകളിലെ ചോദ്യ പേപ്പറുകള്‍ സൂക്ഷിക്കുക. ഇവിടെയെത്തി പോലീസ് സുരക്ഷയോടെ ചോദ്യ പേപ്പറുകള്‍ സ്വീകരിച്ച് പരിശോധിച്ച് ഉറപ്പു വരുത്തി സ്‌കൂളുകളില്‍ എത്തിക്കാന്‍ മണിക്കൂറുകള്‍ വേണ്ടി വരും. ഉച്ചയ്ക്ക് ശേഷമാണ് പരീക്ഷയെങ്കില്‍ ചോദ്യ പേപ്പറുകള്‍ ശേഖരിച്ച് പരിശോധിച്ച് അതത് സ്‌കൂളുകളില്‍ എത്തിക്കാന്‍ ആവശ്യമായ സമയം ലഭിക്കും. ഇതിനായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ നിയോഗിക്കുന്ന സംഘങ്ങള്‍ രാവിലെ എട്ടു മണി മുതല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയായിരുന്നു പതിവ്. പരീക്ഷ സമയത്തിനും ഒരു മണിക്കൂര്‍ മുമ്‌ബെങ്കിലും ചോദ്യ പേപ്പറുകള്‍ സ്‌കൂളുകളില്‍ എത്തുമായിരുന്നു.
പരീക്ഷ രാവിലെയായി നിശ്ചയിച്ചതോടെ കൃത്യ സമയത്ത് ചോദ്യ പേപ്പറുകള്‍ എത്തിക്കാന്‍ കഴിയുമോ എന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. 9.45 ന് തുടങ്ങുന്ന പരീക്ഷയ്ക്ക് 8.45ന് മുമ്പ് സ്‌കൂളുകളില്‍ ചോദ്യ പേപ്പറുകള്‍ എത്തിക്കണമെങ്കില്‍ പുലര്‍ച്ചെ നാലു മണിയോടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടി വരും. ഇതിനെതിരെ അദ്ധ്യാപക സംഘടനകള്‍ സര്‍ക്കാരിനു പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂളുകളില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ച ശേഷമായിരുന്നു ടൈംടേബിള്‍ തയ്യാറാക്കി പ്രസിദ്ധീകരിച്ചത്. ഫീസിനത്തില്‍ വന്‍ തുക ആവശ്യപ്പെട്ട് സൃഷ്ടിച്ച പ്രതിസന്ധി വിവാദമാകുമെന്ന് ഉറപ്പായപ്പോഴാണ് സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് അധ്യാപക സംഘടനകള്‍ ആരോപിക്കുന്നത്.