തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാഫലം നാളെ (മെയ് 19) പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ വൈകിട്ട് മൂന്ന് മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ആയിരിക്കും ഫലപ്രഖ്യാപനം നടത്തുക. മെയ് 25 നാണ് പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കുക.
4,19,362 റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് ഈ വര്‍ഷം എസ്എസ്എൽസി പരീക്ഷ എഴുതിയത്. ഇതിൽ 2,13,801 പേര്‍ ആൺകുട്ടികളും 2,05,561 പേര്‍ പെൺകുട്ടികളുമാണ്. സർക്കാർ സ്‌കൂളുകളിലായി ആകെ 1,40,703 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 72,031 ആൺകുട്ടികളും 68,672 പെൺകുട്ടികളുമാണ്. എയിഡഡ് സ്കൂളുകളിൽ ആകെ 2,51,567 കുട്ടികളാണ് പരീക്ഷ എഴുതിയത്. 1,27,667 ആൺകുട്ടികളും 1,23,900 പെൺകുട്ടികളുമാണ്. അൺ എയിഡഡ് സ്കൂളുകളിൽ ആകെ 27,092 കുട്ടികൾ പരീക്ഷ എഴുതി. 14,103 ആൺകുട്ടികളും 12,989 പെൺകുട്ടികളുമാണുള്ളത്.
സർക്കാർ മേഖലയിൽ 1,170 സെന്ററുകളും എയിഡഡ് മേഖലയിൽ 1,421പരീക്ഷ സെന്ററുകളും അൺ എയിഡഡ് മേഖലയിൽ 369 പരീക്ഷ സെന്ററുകളും അടക്കം മൊത്തം 2,960 പരീക്ഷാ സെന്ററുകളാണ് സജ്ജീകരിച്ചിരുന്നത്. ഗൾഫ് മേഖലയിൽ 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും ഇക്കൊല്ലം പരീക്ഷ എഴുതിയിരുന്നു.