പത്ത് പാരസെറ്റമോളിന് 420 രൂപ, ദിവസത്തില്‍ 10 മണിക്കൂര്‍ പവര്‍കട്ട്; ശ്രീലങ്കയില്‍ പ്രതിസന്ധി രൂക്ഷം
കൊളംബോ: സാമ്പത്തിക, ഇന്ധന പ്രതിസന്ധികള്‍ക്ക് പിന്നാലെ, ശ്രീലങ്കയില്‍ ദിവസവും പത്ത് മണിക്കൂര്‍ പവര്‍കട്ട്. താപനിലയങ്ങളില്‍ ഉത്പാദനം ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്ന് ഏഴ് മണിക്കൂറായിരുന്ന പവര്‍കട്ട് പത്ത് മണിക്കൂറായി നീട്ടുകയായിരുന്നു. രാജ്യത്ത് ഡീസല്‍ വില്‍പന നിലച്ചതോടെ 22 ദശലക്ഷം ആളുകളാണ് കടുത്ത പ്രതിസന്ധിയിലായത്. നിലവില്‍ ശ്രീലങ്കയില്‍ ഒരിടത്തും ഡീസല്‍ ലഭ്യമല്ലെന്നാണ് വിവരം. ഇന്ധനമില്ലാത്തതിനാല്‍ താപനിലയങ്ങള്‍ നിശ്ചലമായി.
പെട്രോള്‍ വിതരണം നടക്കുന്നുണ്ടെങ്കിലും അതിനും ക്ഷാമം നേരിടുകയാണ്. പമ്പുകള്‍ സംഘര്‍ഷ മേഖലകളായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അറ്റകുറ്റപ്പണികള്‍ക്കായി ഗാരേജിലുള്ള ബസുകളില്‍ നിന്നുള്ള ഇന്ധനം ഉപയോഗിച്ചാണ് മറ്റ് ബസുകളുടെ സര്‍വ്വീസ് നടത്തുന്നതെന്ന് ഗതാഗത മന്ത്രി ദിലും അമുനുഗമ വ്യക്തമാക്കി.
ഇന്ധന ലോഡ് രാജ്യത്ത് എത്തിച്ചേര്‍ന്നെങ്കിലും നല്കാന്‍ പണമില്ലാത്തതിനാല്‍ ഇറക്കാന്‍ സാധിച്ചിട്ടില്ല. പ്രശ്‌നത്തിന് ഉടന്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അങ്ങനെ സംഭവിച്ചാല്‍, പവര്‍കട്ടിന്റെ ദൈര്‍ഘ്യം കുറയ്ക്കാനാകുമെന്നും സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് ചെയര്‍മാന്‍ എംഎംസി ഫെര്‍ഡിനാന്‍ഡോ പറഞ്ഞു.
പവര്‍ കട്ടുകള്‍ നീണ്ടതോടെ കൊളംബോ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ വ്യാപാരം രണ്ട് മണിക്കൂര്‍ മാത്രമാക്കി പരിമിതപ്പെടുത്തി. ഓഫീസുകളില്‍ അത്യാവശ്യമല്ലാത്ത ജീവനക്കാരോട് വീട്ടില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. രാജ്യത്ത് പാചകവാതകത്തിനും കടുത്ത ദൗര്‍ലഭ്യമാണ് അനുഭവപ്പെടുന്നത്. പാചക വാത ഏജന്‍സികള്‍ക്ക് മുന്നില്‍ പുലര്‍ച്ചെ നാലുമുതല്‍ നൂറുകണക്കിന് ആളുകള്‍ വരി നില്‍ക്കുന്ന അവസ്ഥയുണ്ട്.
അവശ്യ ജീവന്‍ രക്ഷാ മരുന്നുകള്‍ തീര്‍ന്നതിനാല്‍ നിരവധി സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ള ചികിത്സകള്‍ നിര്‍ത്തിവെച്ചു. പത്ത് പാരസെറ്റാമോള്‍ ഗുളികയ്ക്ക് 420 രൂപയാണ് വില. എത്ര വില കൊടുത്താലും ചിലയിടങ്ങളില്‍ അരിയും പാല്‍പ്പൊടിയും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കിട്ടാനില്ല. ക്ഷാമവും, വിലക്കയറ്റവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
അതേസമയം, പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ വായ്പകള്‍ ആവശ്യപ്പെട്ടിട്ടുള്ളതായും, ഐഎംഎഫില്‍ നിന്നും സഹായം തേടിയതായും ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.