എന്റെ പ്രിയപ്പെട്ട മഞ്ജു എന്നെ നീ തോല്‍പ്പിച്ചു കളഞ്ഞല്ലോ….. ഞാന്‍ നിനക്കായി കേട്ട പഴികള്‍, നിനക്കായി അനുഭവിച്ച വേദനകള്‍, നിനക്കായി കേട്ട അപവാദങ്ങള്‍;ചര്‍ച്ചയായി ശ്രീകുമാര്‍ മേനോന്റെ കുറിപ്പ്
കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോന് എതിരെ നടി മഞ്ജു വാരിയര്‍ നല്‍കിയ പരാതിയില്‍ റജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിന് കാരണം നടിയുടെ മറുപടി വൈകിയതിനാല്‍. ‘ഒടിയന്‍’ സിനിമയ്ക്കു ശേഷമുള്ള സൈബര്‍ ആക്രമണത്തിലായിരുന്നു പരാതി. സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തിയെന്നായിരുന്നു ആരോപണം. തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികളാണു റദ്ദാക്കിയത്. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടും 4 വര്‍ഷത്തോളം മഞ്ജു നിലപാട് അറിയിച്ചിരുന്നില്ല. തൃശ്ശൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടര്‍നടപടികളാണ് റദ്ദാക്കിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. എന്നാല്‍, ഇതടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തല്‍.
സമൂഹമാധ്യമങ്ങളിലൂടെ ശ്രീകുമാര്‍ ദുഷ്പ്രചാരണം നടത്തിയെന്നും തന്നെ മോശക്കാരിയാണെന്നു വരുത്താന്‍ ശ്രമിച്ചുവെന്നുമാണു കേസില്‍ മഞ്ജു മൊഴി നല്‍കിയത്. ശ്രീകുമാര്‍ അപകടത്തില്‍പ്പെടുത്തുമെന്നു ഭയപ്പെടുന്നതായി മഞ്ജു ഡിജിപിക്കു നേരത്തേ പരാതി നല്‍കിയിരുന്നു. താന്‍ ഒപ്പിട്ടു നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗിക്കുന്നതായും ആരോപിച്ചു. പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണു മഞ്ജു പരാതി കൈമാറിയത്. മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക് പോസ്റ്റിട്ടിരുന്നു. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ഇതേത്തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനി വരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു സംവിധായകനെതിരെ കേസെടുത്തിരുന്നത്. വിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനിന്ന മഞ്ജു വാര്യര്‍ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക.
ശ്രീകുമാര്‍ മേനോനില്‍ നിന്നും താന്‍ ഭീഷണി നേരിടുന്നതായും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി താന്‍ ഒപ്പിട്ടു നല്‍കിയ ലെറ്റര്‍ ഹെഡും രേഖകളും തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഉപയോഗിക്കുന്നു എന്നും മഞ്ജുവിന്റെ പരാതിയില്‍ പറഞ്ഞിരുന്നു. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന പ്രചാരണങ്ങളും അത് മൂലം നേരിടുന്ന അപമാനവും ശ്രീകുമാര്‍ മേനോന്‍ ഓര്‍ഗനൈസ് ചെയ്തതായും മഞ്ജു ആരോപിച്ചു.
2019ല്‍ അന്നത്തെ ഡിജിപി ലോക്നാഥ് ബഹ്റയെ നേരില്‍ക്കണ്ടാണ് മഞ്ജു വാര്യര്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ പരാതി നല്‍കിയത്. മഞ്ജു വാര്യര്‍ നല്‍കിയ പരാതി അന്വേഷിക്കാന്‍ ഒരു പ്രത്യേക സംഘത്തെ ഡിജിപി നിയോഗിക്കുകയും ചെയ്തു. പരാതിക്ക് ഫേസ്ബുക്കില്‍ മറുപടിയുമായി ശ്രീകുമാര്‍ മേനോന്‍ പരസ്യമായി എത്തുകയും ചെയ്തു.
മഞ്ജു വാര്യര്‍ എനിക്കെതിരേ നല്‍കിയ പരാതിയെക്കുറിച്ച് ഞാന്‍ അറിഞ്ഞിട്ടുള്ളത് മാധ്യമ വാര്‍ത്തകളില്‍ നിന്നു മാത്രമാണെന്നും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. മാത്രമല്ല നിരവധി കാര്യങ്ങള്‍ പറയാതെ പറയുന്ന പോസ്റ്റില്‍ എനിക്കും മഞ്ജുവിനും അറിയുന്ന ‘എല്ലാ സത്യങ്ങളും’ അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുമെന്നും പറഞ്ഞു വച്ചു. അത്തരമൊരു കേസിനാണ് നാടകീയ അന്ത്യമുണ്ടാകുന്നത്.
പരാതി നല്‍കിയ ശേഷവും മഞ്ജുവിനെ കടന്നാക്രമിക്കുകയായിരുന്നു ശ്രീകുമാര്‍ മേനോന്‍. അതുകൊണ്ട് തന്നെ മഞ്ജു കേസ് കടുപ്പിക്കുമെന്നായിരുന്നു ഏവരും കരുതിയത്. കേസ് റദ്ദാക്കുമ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത് ശ്രീകുമാര്‍ മേനോന്റെ പഴയ പോസ്റ്റാണ്. ഒടിയന്‍ സിനിമയ്ക്ക് ശേഷമാണ് മഞ്ജുവും ശ്രീകുമാര്‍ മേനോനും തമ്മില്‍ പ്രശ്‌നം തുടങ്ങുന്നത്. അതിന് ശേഷമായിരുന്നു കേസും എത്തിയത്.
എന്റെ പ്രിയപ്പെട്ട മഞ്ജു….നീ എന്താണ് ഈ ചെയ്തുകൊണ്ടിരിക്കുന്നത് ? നിനക്കറിയാമല്ലോ നിന്റെ സുഹൃത്തുക്കളും ബന്ധുക്കളും ആയ എത്രപേര്‍ എത്രപ്രാവശ്യം പറഞ്ഞു. കാര്യം കഴിഞ്ഞാല്‍ ഉപകാരം ചെയ്തവരെ ചവിട്ടി മെതിച്ചു പോകുന്നവളാണ് നീയെന്ന്.(ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ നമ്മള്‍ ഒരു നാള്‍ ഷൂട്ട് ചെയ്യുമ്പോള്‍ എനിക്ക് വന്ന നിന്റെ ഒരു ആത്മാര്‍ഥ സുഹൃത്തിന്റെ ഫോണ്‍കോള്‍ ഞാന്‍ ഓര്‍മിപ്പിക്കുന്നു ഒരു ഉദാഹരണമായി). സ്നേഹപൂര്‍വവും നിര്‍ബന്ധപൂര്‍വവുമുള്ള സമ്മര്‍ദ്ദങ്ങളും, ഭീഷണികളും അതിജീവിച്ചുകൊണ്ട് നിനക്ക് കൂട്ടായി നിന്ന എന്നെ നീ തോല്‍പ്പിച്ചു കളഞ്ഞല്ലോ. ഞാന്‍ നിനക്കായി കേട്ട പഴികള്‍, നിനക്കായി അനുഭവിച്ച വേദനകള്‍, നിനക്കായി കേട്ട അപവാദങ്ങള്‍. നിന്റെ കൂടെ, പറഞ്ഞ വാക്ക് കാക്കുവാന്‍ ഉറച്ചു നിന്നപ്പോള്‍ ഉണ്ടായ ശത്രുക്കള്‍, നഷ്ടപ്പെട്ട ബന്ധങ്ങള്‍. എന്റെ ബുദ്ധിയിലും സ്നേഹത്തിലും നീ ഉണ്ടാക്കിക്കൂട്ടിയ നേട്ടങ്ങള്‍, എല്ലാം നീ എത്ര വേഗമാണ് മറന്നത്.
വീട്ടില്‍ നിന്നിറങ്ങി വന്നപ്പോള്‍ എന്റെ ബാങ്കില്‍ 1500 രൂപയേ ഉള്ളൂവെന്ന് പറഞ്ഞ് ആശങ്കപ്പെട്ടിരുന്ന നിന്റെ കൈയിലേക്ക് കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ വരാന്തയില്‍ വച്ച് ആദ്യ പരസ്യത്തിന്റെ അഡ്വാന്‍സായി 25 ലക്ഷം രൂപയുടെ ചെക്ക് വച്ച് തന്നപ്പോള്‍ ഗുരുവായൂരപ്പന്‍ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാര്‍ എന്ന് പറഞ്ഞ് തേങ്ങിക്കരഞ്ഞതും നീ മറന്നു. നിന്റെ അമ്മ ഇടയ്ക്ക് നിന്റെ മുമ്പില്‍ വച്ചുതന്നെ എന്നോട് പറയുമായിരുന്നല്ലോ നീ ആരെ മറന്നാലും ശ്രീകുമാറിനെ മറക്കരുത് എന്ന്. ശ്രീകുമാര്‍ സഹായിക്കുവാന്‍ ഇല്ലായിരുന്നുവെങ്കില്‍ തന്റെ മകളുടെ ഗതി എന്താവുമായിരുന്നു എന്ന് അലോചിച്ചുകൊണ്ട് ഉറക്കമില്ലാതിരുന്ന രാത്രികളെ കുറിച്ച് നിന്റെ അമ്മ എന്നോട് പറഞ്ഞിരുന്നതും നീ മറന്നു അല്ലേ.
അല്ലെങ്കിലും ഉപകാരസ്മരണ ഇല്ലായ്മയും, മറവിയും ‘അപ്പോള്‍ കാണുന്നവനെ അപ്പാ ‘എന്ന് വിളിക്കുന്ന നിന്റെ സ്വഭാവവും കൂടപ്പിറപ്പാണെന്ന് എനിക്ക് പറഞ്ഞു തന്നത് ഞാന്‍ ഏറെ ബഹുമാനിക്കുന്ന ദിവംഗദനായ നിന്റെ അച്ഛനാണ്. സ്വര്‍ഗസ്ഥനായ അദ്ദേഹവും എന്നെപ്പോലെ ഇപ്പോള്‍ ദുഖിക്കുന്നുണ്ടാവും. എന്നാലും മഞ്ജു…. കഷ്ട്ടം അതെ, മാത്യു സാമുവല്‍ ഒരുപാട് കാലമായിട്ടുള്ള എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങളുടെ സൗഹൃദം മഞ്ജുവിനെ അലോസരപ്പെടുത്തുന്നത് എന്തിനാണ് ?!. കല്യാണ്‍ ജൂവല്ലേഴ്സ് തൃശൂര്‍ പോലിസില്‍ കൊടുത്ത പരാതിയിലും ഇപ്പോള്‍ നിങ്ങള്‍ തിരുവനന്തപുരത്ത് ഡിജിപിക്ക് കൊടുത്ത പരാതിയിലും എന്റെയും മാത്യു സാമുവലിന്റെയും പേര് ഒരുപോലെ പരാമര്‍ശിച്ചതില്‍ എനിക്ക് തോന്നിയ സാമ്യത ഒരു യാദൃച്ഛികത ആയിരിക്കാം അല്ലേ മഞ്ജു…?.
നീ കാരണം എന്റെ ശത്രുക്കളായ കുറേ മഹത് വ്യക്തികള്‍, ഇപ്പോള്‍ പെട്ടെന്ന് നിന്റെ മിത്രങ്ങളായതും എന്നാല്‍ എന്റെ ശത്രുക്കളായി തന്നെ തുടരുന്നതും മറ്റൊരു യാദൃശ്ചികത ആവാം അല്ലേ ? ഈ വാര്‍ത്ത വന്നതിനുശേഷം നിരന്തരമായി ബന്ധപെട്ടുകൊണ്ടിരിക്കുന്ന മാധ്യമ സുഹൃത്തുക്കളുടെയും, മറ്റ് സുഹൃത്തുക്കളുടെയും അറിവിലേക്കായി. ഞാന്‍ നിയമം അനുസരിക്കുന്ന ഒരു സാധാരണ പൗരനാണ്. മഞ്ജു വാര്യര്‍ എനിക്കെതിരേ നല്‍കിയ പരാതിയെക്കുറിച്ച് ഞാന്‍ അറിഞ്ഞിട്ടുള്ളത് മാധ്യമ വാര്‍ത്തകളില്‍ നിന്നു മാത്രമാണ്. ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുകയും എനിക്കും മഞ്ജുവിനും അറിയുന്ന ‘എല്ലാ സത്യങ്ങളും’ അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്യും. ഈ അവസരത്തില്‍ ഈ കുറിച്ചതിനപ്പുറം എനിക്കൊന്നും പറയാനില്ല.