KeralaNews

ന്യൂസ് അവറിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നാക്ക് എന്ത് പറയുമെന്ന് ആര്‍ക്കും വിശ്വസിക്കാന്‍ പറ്റില്ല; വിനു വി. ജോണിനും റോയ് മാത്യുവിനുമെതിരെ ശ്രീകണ്ഠന്‍ നായര്‍

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിന്റെ വെള്ളിയാഴ്ചത്തെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കെതിരെ 24 ന്യൂസ് മേധാവി ശ്രീകണ്ഠന്‍ നായര്‍. ഇന്ത്യയില്‍ നിലവിലിരിക്കുന്ന ഒരു നിയമവ്യവസ്ഥയും അംഗീകരിക്കാത്ത പരാമര്‍ശമാണ് ന്യൂസ് അവറിലുണ്ടായതെന്ന് ശ്രീകണ്ഠന്‍ നായര്‍ കുറ്റപ്പെടുത്തി. മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു 24 ന്യൂസിലെ സഹിന്‍ ആന്റണിയ്ക്കും കുടുംബത്തിനുമെതിരായ അധിക്ഷേപം.

ആ ടെലിവിഷന്‍ ചര്‍ച്ചയിലെ പരാമര്‍ശങ്ങള്‍ തന്നെ അത്ഭുതപ്പെടുത്തി. അതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അത് നിയമവിരുദ്ധമാണെന്നത് കൊണ്ട് തന്നെ തങ്ങള്‍ സംപ്രേഷണം ചെയ്യുന്നില്ലെന്നും ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു. റോയ് മാത്യു സ്ത്രീത്വത്തോട് വലിയ ആദരവുണ്ടെന്ന് നാഴികയ്ക്ക് നാല്‍പത് വട്ടം ടിവിയില്‍ കയറിയിരുന്ന് പറയുന്ന പത്രപ്രവര്‍ത്തകനാണെന്ന് അദ്ദേഹം പരിഹസിച്ചു.

‘പിന്നെ ന്യൂസ് അവറിന്റെ അവതാരകന്‍ എന്ന് പറയുന്ന വിനു വി ജോണ്‍ എന്ന് പറയുന്ന ആള്‍. ന്യൂസ് അവറിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ നാക്ക് എന്ത് പറയുമെന്ന് ഒരു മാനേജ്മെന്റിനും വിശ്വസിക്കാന്‍ പറ്റില്ല, ആ തരത്തിലാണ് അദ്ദേഹം പറയുക,’ ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.

സഹിന്‍ ആന്റണിയും മോന്‍സനും ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതും കേക്ക് മുറിക്കുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ നടന്ന ചാനല്‍ ചര്‍ച്ചയില്‍ സഹിന്‍ ആന്റണിയ്ക്കും കുടുംബത്തിനുമെതിരെ അധിക്ഷേപകരമായ പരാമര്‍ശമാണ് അവതാരകനായ വിനു വി. ജോണും പാനലിസ്റ്റായ റോയ് മാത്യുവും നടത്തിയത്.

ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സഹിന്‍ ആന്റണിയുടെ ഭാര്യ അഡ്വ. മനീഷ രാധാകൃഷ്ണന്‍ പറയുന്നു. അഭിഭാഷകയെന്ന നിലയില്‍ പരാതിയുമായി ഏതറ്റം വരെയും പോകുമെന്നും, ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും മനീഷ ട്വന്റി ഫോറിനോട് പറഞ്ഞു.

‘കുറേ ദിവസങ്ങളായി എന്റെ മകളുടെ പിറന്നാള്‍ ആഘോഷം എന്ന പേരില്‍ ഒരു ദൃശ്യം പ്രചരിക്കുന്നു. എന്നാല്‍ അത് എന്റെ മകളുടെ പിറന്നാള്‍ ആഘോഷമല്ല. പ്രവാസി മലയാളി ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ആന്വല്‍ മീറ്റ് ജനുവരിയില്‍ ബോള്‍ഗാട്ടിയില്‍ വച്ച് സംഘടിപ്പിച്ചിരുന്നു. എന്റെ ഭര്‍ത്താവും മാധ്യമപ്രവര്‍ത്തകനുമായ സഹിന്‍ ആന്റണിയെ ആദരിക്കുന്ന ചടങ്ങായിരുന്നു അവിടെ നടന്നത്,’ മനീഷ പറയുന്നു.

ആ ദിവസം സഹിന്‍ ആന്റണിയുടെ പിറന്നാള്‍ കൂടിയായിരുന്നു. ചടങ്ങിന്റെ അവതാരക അപ്രതീക്ഷിതമായി പിറന്നാളിന്റെ കാര്യം സ്റ്റേജില്‍ അനൗണ്‍സ് ചെയ്യുകയും, സഹിന്റെ പിറന്നാള്‍ അവിടെ വച്ച് ആഘോഷിക്കാന്‍ പോവുകയാണെന്നും അനൗണ്‍സ് ചെയ്തു. അങ്ങനെയാണ് അവിടെ വച്ച് കേക്ക് മുറിക്കുന്നത്. വേദിയില്‍ കേക്ക് കണ്ടപ്പോള്‍ തങ്ങളുടെ മകള്‍ അവിടേക്ക് ഓടിക്കയറുകയായിരുന്നുവെന്നും മനീഷ കൂട്ടിച്ചേര്‍ത്തു.

തന്റെ കുട്ടിയുടെ പിറന്നാള്‍ ആഘോഷമെന്ന നിലയില്‍ കുട്ടിയുടെ മുഖം വ്യക്തമാകുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയെല്ലാം ജൂവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം പൊലീസില്‍ പരാതി നല്‍കിയെന്നും മനീഷ പറഞ്ഞു. ബാലാവകാശ കമ്മീഷനിലും, വനിതാ കമ്മീഷനിലും പരാതി നല്‍കുമെന്നും മനീഷ പറഞ്ഞു. അതേസമയം പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് റോയ് മാത്യു രംഗത്തെത്തി. പരാമര്‍ശം നാക്ക് പിഴയായിരുന്നെന്നും ഖേദം പ്രകടിപ്പിക്കുന്നെന്നും റോയ് മാത്യു പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button