KeralaNews

നടിയെ ആക്രമിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം; എഡിജിപി ശ്രീജിത്തിന് ചുമതല

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ അന്വേഷണം നടത്തുന്നതിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു. ഡിവൈഎസ്‌പി ബൈജു പൗലോസ് തലവനായുള്ള സംഘമാണ് അന്വേഷണം നടത്തുക. എഡിജിപി ശ്രീജിത്ത് പുതിയ സംഘത്തിന് നേതൃത്വം നൽകും. ക്രൈം ബ്രാഞ്ച് ഐജി ഫിലിപ്പും നെടുമ്പാശേരി പൊലീസ് സ്റ്റേഷൻ സ്റ്റേഷൻ എസ്എച്ച്ഒയും സംഘത്തിലുണ്ട്.

നേരത്തെ കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയിരുന്ന ഡിജിപി ബി സന്ധ്യ ഫയർ ഫോഴ്സ് മേധാവിയായ സാഹചര്യത്തിലാണ് പുതിയ സംഘം. ഐ ജി ദിനേന്ദ്ര കശ്യപ് കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയ സാഹചര്യത്തിലാണ് ഐജി ഫിലിപ്പിനെ പുതിയ സംഘത്തിൽ ഉൾപ്പെടുത്തിയത്. ചേരാനെല്ലൂർ എഎസ്ഐ ബിനു കെ വിയും അന്വേഷണ സംഘത്തിലെ പുതിയ അംഗമാണ്.

കേസിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴി എടുക്കാൻ കോടതി അനുമതി നൽകിയിരുന്നു. എറണാകുളം സിജെഎം കോടതിയാണ് അനുമതി നൽകിയത്. ഇതിനായി ഒരു മജിസ്ട്രേറ്റിനെ കോടതി ചുമതലപ്പെടുത്തും. സംവിധായകന് സമൻസ് അയച്ച ശേഷം ഒരു തീയതി തീരുമാനിച്ചാകും രഹസ്യമൊഴി രേഖപ്പെടുത്തുക. അതേസമയം, നടിയെ ആക്രമിച്ച കേസിൽ സംസ്ഥാനസ‍ർക്കാർ നൽകിയ രണ്ട് ഹർജികൾ നാളെ ഹൈക്കോടതി ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. നാളെ ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് ഈ ഹർജികൾ ഹൈക്കോടതി പരിഗണിക്കുക. 

കേസ് അട്ടിമറിക്കാനും വിചാരണ തടസ്സപ്പെടുത്താനും നടൻ ദിലീപടക്കമുളളവർ ശ്രമിക്കുന്നതിന്‍റെ ശബ്ദരേഖകളടക്കമാണ് സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തയിടെ പുറത്തുവിട്ടത്. കേസിൽ പ്രോസിക്യൂഷന് കച്ചിത്തുരുമ്പായേക്കാവുന്ന തെളിവുകളാണ് ഇതെന്നാണ് കണക്കുകൂട്ടൽ. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ ഫോണിന്‍റെ മെമ്മറി കാർഡ് ഇതുവരെ അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല. എന്നാൽ ഈ ആക്രമണദൃശ്യങ്ങൾ ദിലീപ് കണ്ടു, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്തു – ഇത് രണ്ടും തെളിയിക്കുന്ന ശബ്ദരേഖകളും അതിന് ശേഷം ഇക്കാര്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ബാലചന്ദ്രകുമാർ ദിലീപിനെ വിളിച്ചപ്പോൾ പാടില്ലെന്ന് പറഞ്ഞ് ദിലീപ് ബാലചന്ദ്രകുമാറിനെ തിരുവനന്തപുരത്ത് കാണാൻ വന്നുവെന്നും, ഇതിന് തെളിവായി വാട്സാപ്പിൽ അയച്ച ഓഡിയോ മെസ്സേജും സംവിധായകൻ പുറത്തുവിട്ടിരുന്നു.

”ബാലൂ, എന്‍റെ ഫോണും വാട്സാപ്പുമെല്ലാം പൊലീസ് ടാപ്പ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഫോണിൽ സംസാരിക്കുന്നത് സേഫല്ല. അതുകൊണ്ട് നേരിട്ട് വന്നിരിക്കുകയാണ്. ഞാൻ കാത്തിരിക്കുകയാണ്”, എന്ന് പറയുന്ന ഓഡിയോ സന്ദേശവും, നേരിട്ട് കാണാൻ കാത്തിരിക്കുകയാണെന്നുള്ള ടെക്സ്റ്റ് മെസ്സേജും ബാലചന്ദ്രകുമാർ പുറത്തുവിട്ടിരുന്നു. 

അതിനാലാണ് ബാലചന്ദ്രകുമാറിന്‍റെ രഹസ്യമൊഴിയെടുക്കാൻ അന്വേഷണസംഘം എറണാകുളം സിജെഎം കോടതിയിൽ അപേക്ഷ നൽകിയത്. ഇതിന് തുടർച്ചയായി ദിലീപിനെയും ഒന്നാം പ്രതി പൾസർ സുനി എന്ന് വിളിക്കുന്ന സുനിൽകുമാറിനേയും വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം.

ഇതിനിടെ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിക്കുന്നതും ആലോചിക്കുന്നുണ്ട്. അന്വേഷണമേൽനോട്ടച്ചുമതലയും ഒരു ഉന്നത ഉദ്യോഗസ്ഥനെ തന്നെ ഏൽപിക്കും. നിലവിലെ അവസ്ഥയിൽ ഈ മാസം ഇരുപതിനകം വിചാരണക്കോടതിയിൽ തുടരന്വേഷണ റിപ്പോ‍ർട്ട് നൽകാനാകില്ല. ഈ സാഹചര്യത്തിൽ വിചാരണ നിർത്തിവെച്ച് തുടരന്വേഷണത്തിന് കൂടുതൽ സമയം തേടാനാണ് പ്രോസിക്യൂഷൻ നീക്കം. ഇതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ തന്നെ സുപ്രീംകോടതിയെ ഇന്നലെ സമീപിച്ചത്.

 

നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ അടുത്ത മാസം പൂർത്തിയാക്കാനാണ് സുപ്രീം കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ തന്നെ വിചാരണക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന സർക്കാരിന്‍റെ നീക്കം. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തുടരന്വേഷണം അനിവാര്യമാണെന്നും അതിനാൽ വിസ്താരത്തിന് കൂടുതൽ സമയം അനുവദിക്കണമെന്നുമാണ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker