
തിരുവനന്തപുരം: ലേഖന വിവാദത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി. കേന്ദ്രത്തിന്റെയും അന്താരാഷ്ട്ര ഏജൻസിയുടെയും ഡേറ്റ അവലംബമാക്കിയാണ് ലേഖനമെന്നും ഇതിന് വിരുദ്ധമായ കണക്കുകൾ കിട്ടിയാൽ തന്റെ നിലപാടുകൾ തിരുത്താൻ തയാറാണെന്നും തരൂർ പറഞ്ഞു.
താൻ പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമായ വിവരങ്ങൾ എവിടെനിന്ന് ലഭിച്ചു എന്നകാര്യം ലേഖനത്തിൽതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഗ്ലോബൽ സ്റ്റാർട്ട്-അപ് ഇക്കോ സിസ്റ്റം റിപ്പോർട്ടും ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങിനെയും അടിസ്ഥാനമാക്കിയാണ് ലേഖനം. ഇതുരണ്ടും സിപിഎമ്മിന്റേത് അല്ലല്ലോ? വേറെ സ്രോതസിൽനിന്ന് വേറെ വിവരങ്ങൾ ലഭിച്ചാൽ അതും പരിശോധിക്കാൻ തയ്യാറാണ്. കേരളത്തിനുവേണ്ടി മാത്രമാണ് സംസാരിക്കുന്നത്. വേറെ ആർക്കും വേണ്ടിയല്ല- മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെ പ്രതിരോധത്തിലാക്കുംവിധം ലേഖനമെഴുതിയ തരൂരിനുനേരേ സംസ്ഥാനത്ത് വലിയപ്രതിഷേധം ഉയർന്നിരുന്നു. കോൺഗ്രസ് സംസ്ഥാനനേതൃത്വം ലേഖനത്തെ തള്ളിപ്പറഞ്ഞിരുന്നു. പാർട്ടി ദേശീയ ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ തരൂരിനെ ഫോണിൽവിളിച്ച് സംസാരിച്ചു. പെട്ടിക്കടകൾപോലും സംരംഭമായി കേരളം എണ്ണുകയാണെന്ന സംസ്ഥാനനേതൃത്വത്തിന്റെ വാദവും മറ്റുഡേറ്റകളും വേണുഗോപാൽ ചൂണ്ടിക്കാട്ടിയതോടെ ഇത് പരിശോധിക്കുമെന്ന് തരൂർ മറുപടിനൽകി.