FeaturedHome-bannerKeralaNewsPolitics

ഒന്ന് മിണ്ടാതിരിക്കണം,മര്യാദ കാണിക്കണം’; സഭയിൽ ഭരണപക്ഷത്തെ ശാസിച്ച് സ്‌പീക്കർ എ.എൻ.ഷംസീർ

തിരുവനന്തപുരം: മുഖ്യമന്ത്രിയേയും ഭരണപക്ഷത്തേയും പ്രതിപക്ഷം കടന്നാക്രമിക്കുകയും തുടര്‍ന്ന് ഇരുകൂട്ടരും സഭക്കുള്ളില്‍ ബഹളം തുടരുകയും ചെയ്തതോടെ നടപടികള്‍ വേഗം പൂര്‍ത്തിയാക്കി തിങ്കളാഴ്ച സഭ പിരിഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ സംസാരിക്കുന്നതിനിടെ ബഹളം തുടര്‍ന്ന ഭരണപക്ഷത്തെ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ശാസിക്കുകയും ചെയ്തു.

‘‘ദയവു ചെയ്ത് മിണ്ടാതിരിക്കുക. ബഹുമാനപ്പെട്ട മുഖ്യമന്ത്രി സംസാരിക്കുമ്പോൾ അവർ അനങ്ങിയിട്ടില്ല. ഭരണപക്ഷം നിശബ്ദമായിരിക്കണം, പ്ലീസ്’ – സ്പീക്കർ ആവശ്യപ്പെട്ടു.കെ.എസ്.യു. പ്രവര്‍ത്തക മിവ ജോളിയെ പോലീസ് ആക്രമിച്ചതുന്നയിച്ച് പെണ്‍കുട്ടികളെ ആക്രമിക്കുന്നത് സര്‍ക്കാരിന് നിസാരമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ കടന്നാക്രമിച്ചതോടെ ഭരണപക്ഷം അസ്വസ്ഥരായി. ഇതോടെ ഭരണപക്ഷം ബഹളം തുടങ്ങി. അപ്പോഴാണ് മിണ്ടാതിരിക്കണമെന്നും സീറ്റിലേക്ക് മടങ്ങണണെന്നും ഭരണപക്ഷത്തോട് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ആവശ്യപ്പെട്ടത്.

നികുതി വര്‍ധനക്കെതിരായ കോണ്‍ഗ്രസ് സമരത്തെ കളമശ്ശേരിയില്‍ പോലീസ് നേരിട്ട വിഷയത്തിലൂടെ സര്‍ക്കാരിനെ തുറന്നുകാട്ടുകയായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. ചെറിയ നികുതി വര്‍ധനയെന്ന് ജനങ്ങള്‍ക്ക് ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി ന്യായീകരിച്ചു.

താനാക്രമിക്കപ്പെട്ട വിഷയമുള്‍പ്പെടെ അടിയന്തരപ്രമേയത്തില്‍ ഷാഫി പറമ്പില്‍ ഉന്നയിച്ചത് ഭരണപക്ഷത്തെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കും വിധമായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മലയാളപരിഭാഷയായി പിണറായി വിജയന്റെ സര്‍ക്കാര്‍ മാറിയെന്നതിന് ഇതില്‍പ്പരം തെളിവെന്താണ് വേണ്ടതെന്ന് ഷാഫി സഭയില്‍ പറഞ്ഞു. കറുപ്പിനെ പേടിയെന്ന പരിഹാസത്തില്‍ പ്രകോപിതനായ മുഖ്യമന്ത്രി മാധ്യമങ്ങളെ വിമര്‍ശിച്ചു. “കേരളത്തിലെ കുറച്ച് മാധ്യമങ്ങള്‍ക്ക് ഈ സര്‍ക്കാരിനെ വല്ലാതെ അപകീര്‍ത്തിപ്പെടുത്തണമെന്നുണ്ട്. അതിന്റെ ഭാഗമായി അവര്‍ പടച്ചുവിടുന്ന പല കാര്യങ്ങളുണ്ട്. ഇങ്ങനെയുള്ള നിലപാടുകളാണ് അവര്‍ക്ക് കൂടുതല്‍ ഹരം പകരുന്നത്. നമ്മുടെ സംസ്ഥാനത്തെ ഏതെങ്കിലും തരത്തില്‍ മുന്നോട്ടുപോകാന്‍ അനുവദിക്കില്ലെന്നുള്ള നിലപാട് ചിലര്‍ സ്വീകരിക്കുകയാണ്”, മുഖ്യമന്ത്രി പറഞ്ഞു.

പ്ലക്കാഡുകളുമായി പ്രതിപക്ഷം സ്പീക്കറുടെ ഡയസിന് മുന്നിലെത്തിയതോടെ സഭ തത്ക്കാലത്തേക്ക് പിരിഞ്ഞു. 20 മിനിറ്റ് കഴിഞ്ഞ് സഭ പുനരാരംഭിച്ചപ്പോള്‍ പ്രതിപക്ഷം വീണ്ടും മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ചു. ഇരുകൂട്ടരും ബഹളം തുടര്‍ന്നതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker