വാഷിങ്ടൺ: ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിനുണ്ടായ സാങ്കേതികപ്പിഴവ് കാരണം അറുപതിലേറെ ദിവസമായി അന്താരാഷ്ട്രബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്.) കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വംശജ സുനിതാ വില്യംസിന്റെയും സഹയാത്രികൻ ബുച്ച് വിൽമോറിന്റെയും മടക്കയാത്ര ഇനിയും വൈകും. നാലു ബഹിരാകാശസഞ്ചാരികളെയും കൊണ്ട് ഐ.എസ്.എസിലേക്കുള്ള സ്‌പെയ്‌സ് എക്സിന്റെ ക്രൂ-9 ദൗത്യത്തിന്റെ വിക്ഷേപണം നാസ സെപ്റ്റംബർ 24-ലേക്കുനീട്ടിയതോടെയാണിത്.
ക്രൂ-9 ഓഗസ്റ്റ് 18-ന് വിക്ഷേപിക്കുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. അതിനുമുൻപായി സ്റ്റാർലൈനർ പേടകത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനും യാത്രികരെ തിരിച്ചെത്തിക്കാനും നാസ തിരക്കിട്ട ശ്രമം നടത്തിയിരുന്നു. ഐ.എസുമായി ഘടിപ്പിച്ചിരിക്കുന്ന സ്റ്റാർലൈനറിനെ മാറ്റിയിട്ടുവേണം ക്രൂ-9 പേടകത്തെ നിലയവുമായി ഘടിപ്പിക്കാൻ.
28 ത്രസ്റ്ററുകളിൽ അഞ്ചെണ്ണം തുടർച്ചയായി പരാജയപ്പെട്ടതും ഹീലിയം ചോർച്ചയുമാണ് ജൂൺ 14-ന് നിശ്ചയിച്ചിരുന്ന സുനിതയുടെ മടക്കയാത്രയെ അനിശ്ചിതത്വത്തിലാക്കിയത്. സെപ്റ്റംബർ 24-നുമുൻപായി സ്റ്റാർലൈനറിന്റെ പ്രശ്നങ്ങൾ പരിഹരിക്കാനായില്ലെങ്കിൽ സ്‌പെയ്‌സ് എക്സിന്റെ ഡ്രാഗൺ പേടകത്തിൽ സുനിതയെയും വിൽമോറിനെയും തിരികെ കൊണ്ടുവരേണ്ടിവരും.
അമിതതാപം കാരണമാണ് സ്റ്റാർലൈനറിന് കേടുപറ്റിയതെന്ന കണ്ടെത്തലിനെത്തുടർന്ന് അത് പരിഹരിക്കാനുള്ള പരീക്ഷണങ്ങളിലാണ് നാസയും ബോയിങ്ങും.അതിനിടെ ബഹിരാകാശത്തെ ഭാരമില്ലായ്മയെത്തുടർന്ന് അസ്ഥിക്ക് ബലക്കുറവടക്കമുള്ള പ്രശ്നങ്ങൾ സുനിത നേരിടുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.