NationalNews

സോണിയ കൈയ്യൊഴിഞ്ഞു, ഇപ്പോൾ മകനായി വോട്ടുതേടുന്നു; റായ്ബറേലി മണ്ഡലം കുടുംബസ്വത്തല്ലെന്ന് മോദി

റാഞ്ചി: കോൺ​ഗ്രസ് നേതാക്കാളായ സോണിയാ ​ഗാന്ധിയേയും രാഹുൽ ​ഗാന്ധിയേയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റായ്ബറേലിയെ ഉപേക്ഷിച്ച സോണിയ മണ്ഡലം തന്റെ മകന് കൈമാറിയെന്ന് മോദി കുറ്റപ്പെടുത്തി. മണ്ഡലത്തിൽ ദീർഘനാളായി പ്രവർത്തിച്ച ഒരു പാർട്ടി പ്രവർത്തകനെ കണ്ടെത്താൻ അവർക്കായില്ലേയെന്നും ജംഷേദ്പുരിലെ റാലിയിൽ സംസാരിക്കവെ മോദി ചോദിച്ചു.

കോവിഡിനു ശേഷം ഒരിക്കൽപോലും സോണിയ റായ്ബറേലി സന്ദർശിച്ചിട്ടില്ല. ഇപ്പോൾ അവർ സ്വന്തം മകനുവേണ്ടി വോട്ട് ചോദിക്കുകയാണ്. അവരുടെ കുടുംബസ്വത്തായിട്ടാണ് റായ്ബറേലിയെ അവർ കരുതുന്നത്. കോൺ​ഗ്രസിന്റെ രാജകുമാരൻ റായ്ബറേലിയിൽ മത്സരിക്കുന്നതിനായി പറന്നെത്തിയിരിക്കുകയാണ്. ഇത് തന്റെ അമ്മയുടെ സീറ്റാണെന്ന് പറഞ്ഞ് നടക്കുകയാണ് അദ്ദേഹം.

‘അച്ഛൻ പഠിച്ച അതേ സ്കൂളിൽ പഠിക്കാൻ പോകുന്ന എട്ടു വയസ്സുകാരൻ പോലും ഇത് എന്റെ അച്ഛന്റെ സ്കൂളാണെന്ന് പറയില്ല, അതേസമയം, ഈ കുടുംബം പാർലമെന്റ് സീറ്റുകളുടെ വിൽപ്പത്രം എഴുതിവയ്ക്കുകയാണ്. ഇത്തരം പാർട്ടികളിൽനിന്ന് ജാ‍ർഖണ്ഡിനെ രക്ഷിക്കണം’, മോദി പറഞ്ഞു.

നേരത്തെ, ചില ആളുകള്‍ക്ക് ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ പോലും ധൈര്യമില്ലെന്ന് സോണിയയെ ഉന്നംവച്ചുകൊണ്ട് മോദി പറഞ്ഞിരുന്നു. അതുകൊണ്ടാണ് അവര്‍ രാജ്യസഭയിലേക്ക് പോയതെന്നും അന്ന് മഹാരാഷ്ട്രയിലെ നാന്ദെഡില്‍ തിരഞ്ഞെടുപ്പ് പ്രചാരണറാലിയില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം ചൂണ്ടിക്കാട്ടി.

മകനെ റായ്ബറേലിക്കാരായ ജനങ്ങൾക്ക് തരുന്നെന്നായിരുന്നു രാഹുലിന് വേണ്ടി വോട്ട് അഭ്യർഥിച്ചുകൊണ്ട് സോണിയ പറഞ്ഞത്. രാഹുൽ ഒരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ലെന്നും വികാരഭരിതമായി അവർ പറഞ്ഞു. ഇന്ദിരാഗാന്ധിയും റായ്ബറേലിയിലെ ജനങ്ങളും തന്നെ പഠിപ്പിച്ച അതേ പാഠങ്ങളാണ് രാഹുലിനെയും പ്രിയങ്കയെയും പഠിപ്പിച്ചതെന്നും സോണിയ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker