കോട്ടയം: ഈരാറ്റുപേട്ട കടുവാമുഴിയില്‍ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. കടപ്ലാക്കല്‍ ഷെറീഫിന്റെ മരണമാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ഷെഫീക്കിനെ പോലീസ് അറസ്റ്റ് ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിലാണ് ഷെറീഫ് കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിച്ചത്.
വെള്ളിയാഴ്ച രാവിലെ ആയിരുന്നു ഷെറീഫിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഷെറീഫും മകന്‍ ഷെഫീക്കും തമ്മില്‍ വഴക്കുണ്ടായിരുന്നു. ഇതിനിടെ ഷെഫീക്ക് പിതാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വടിയും ഇഷ്ടികയും ഉപയോഗിച്ച് ആയിരുന്നു ഇയാള്‍ പിതാവിനെ മര്‍ദിച്ചത്. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.
പിന്നീട് ഉറങ്ങാന്‍ കിടന്ന ഷെറീഫ് രാവിലെ അഞ്ച് മണിയോടെ ഉണരുകയും ഭാര്യ സഫിയയോട് വെള്ളം ചോദിക്കുകയും ചെയ്തു. സഫിയ കാപ്പി ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. പിന്നീട് ഏഴ് മണിക്ക് തിരികെ എത്തി നോക്കുമ്പോഴാണ് ഷെറീഫിനെ മരിച്ച നിലയില്‍ കണ്ടെത്തി. മകന്‍ ഷെറീഫിനെ മര്‍ദ്ദിച്ചു എന്ന സഫിയയുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
പോസ്റ്റ്മോര്‍ട്ടത്തില്‍ തല, നെഞ്ച് ഉള്‍പ്പടെയുള്ള ആന്തരവായവങ്ങള്‍ക്ക് സാരമായ ക്ഷതമേറ്റതായി കണ്ടെത്തി. മര്‍ദ്ദനം മൂലമാണ് മരണമെന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഷെഫിഖിനെ അറസ്റ്റ് ചെയ്തു.