KeralaNews

സോളാര്‍ കേസില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു; ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ പ്രതിപ്പട്ടികയില്‍

കൊച്ചി: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ.സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ.പി അനില്‍കുമാര്‍, മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബി.ജെ.പി ദേശീയ ഉപാധ്യക്ഷനുമായ എ.പി അബ്ദുള്ളക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരയാണ് എഫ്.ഐ.ആര്‍. തിരുവനന്തപുരം, കൊച്ചി സിജെഎം കോടതികളിലാണ് സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചത്.

പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിരുന്നു. ഏറെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച സോളാര്‍ കേസില്‍ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് എഫ്ഐആര്‍ നല്‍കിയത്. സ്ത്രീപീഡന പരാതി, സാമ്പത്തിക തട്ടിപ്പ് എന്നീ കുറ്റകൃത്യങ്ങളിലാണ് എഫ്ഐആര്‍. തിരുവനന്തപുരം സിബിഐ പ്രത്യേക യൂണിറ്റിനായിരുന്നു അന്വേഷണ ചുമതല.

സോളാര്‍ കേസില്‍ നാല് വര്‍ഷം കേരള പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല. ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി കേസ് സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.പരാതിക്കാരി നേരിട്ട് കേസിന്റെ വിശദാംശങ്ങള്‍ ഡല്‍ഹി സിബിഐ ആസ്ഥാനത്തെത്തി കൈമാറുകയും ചെയ്തിരുന്നു. കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകളില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘംറിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button