ഇഷ്ടം പോലെ മുൻ പങ്കാളികൾ, ആർക്കും ഒരു പരാതിയുമില്ല, ദ റിയൽ കൺവിൻസിങ് സ്റ്റാർ; ഗോപി സുന്ദറിനെ പുകഴ്ത്തി ആരാധകർ
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട സംഗീതസംവിധായകനാണ് ഗോപിസുന്ദർ. തെന്നിന്ത്യൻ ഭാഷകളിലെല്ലാം തന്റെ സാന്നിദ്ധ്യമറിയിച്ച അദ്ദേഹത്തിന്റെ പാട്ടുകൾ എന്നും ആളുകൾ ഓർക്കാൻ ഇഷ്ടപ്പെടുന്നവയും റിപ്പീറ്റ് വാല്യു ഉള്ളവയുമാണ്. ഗോപിസുന്ദർ മാജിക് ഓരോ പാട്ടിലും കാണാമെന്നാണ് ആരാധകരുടെ ഭാഷ്യം.
ടെലിവിഷൻ പരസ്യങ്ങൾക്കായി സംഗീതം രചിച്ചുകൊണ്ട് കരിയർ ആരംഭിച്ച അദ്ദേഹത്തിന് 5,000 ജിംഗിളുകൾ എഴുതിയ സംഗീതസംവിധായകനെന്ന ബഹുമതിയുമുണ്ട്. ഒരു കീബോർഡിസ്റ്റ് എന്ന നിലയിൽ, നിരവധി സംഗീത സംവിധായകരുമായി അദ്ദേഹം ചേർന്നുപ്രവർത്തിച്ചിട്ടുണ്ട്. ഒരു ദേശീയ ചലച്ചിത്ര അവാർഡ് , കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് , രണ്ട് ഫിലിംഫെയർ അവാർഡുകൾ സൗത്ത് എന്നിവയുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച അദ്ദേഹം എറണാകുളം സ്വദേശിയാണ്.കുട്ടിക്കാലത്തെ തബലയോടും കീബോർഡിനോടും താത്പര്യമുണ്ടായിരുന്ന അദ്ദേഹം സംഗീതത്തിന്റെ വഴിയേ സഞ്ചരിക്കുകയായിരുന്നു.
തുറന്ന പുസ്തകം പോലെയാണ് ഗോപിസുന്ദർ ആരാധകർക്ക് മുൻപിൽ എന്നും പ്രത്യക്ഷപ്പെടാറുള്ളത്. തന്റെ പ്രണയബന്ധങ്ങളൊന്നും തന്നെ അദ്ദേഹം മറച്ചുപിടിക്കാറില്ല. ഭാര്യ പ്രിയയുമായി വിവാഹമോചനം നടക്കുന്ന സമയം ഗായിക അഭയ ഹിരൺമയിയുമായി അദ്ദേഹം ലിവ് ഇൻ റിലേഷൻഷിപ്പിലായിരുന്നു. ഇരുവരും ഇത് സന്തോഷത്തോടെ തുറന്നു പറഞ്ഞിരുന്നു.
അഭയ ആയുള്ള ബന്ധം തകർന്നതിന് പിന്നാലെ സുഹൃത്തും ഗായികയുമായ അമൃതസുരേഷുമായും അദ്ദേഹം പ്രണയത്തിലായി. ആരാധകർ ഏറെ ആഘോഷിച്ച പ്രണയബന്ധമായിരുന്നു ഇത്. അതും അടുത്ത കാലത്ത് അവസാനിച്ചു. തങ്ങൾ വേർപിരിഞ്ഞുവെന്ന് അമൃതയാണ് വെളിപ്പെടുത്തിയത്. ഈ ബന്ധത്തിന് ശേഷം ഗോപി സുന്ദറിനൊപ്പം ചേർന്ന് കേൾക്കുന്ന പേര് യുവഗായിക മയോനിയുടെയാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇത്തരമൊരു അഭ്യൂഹത്തിന് കാരണമായത്.
ഇത് ഞങ്ങളുടെ ഹാപ്പി സ്പേസ് എന്നാണ് മയോനിയെ ചേർത്ത് പിടിച്ചുള്ള ഫോട്ടോയ്ക്ക് തലക്കെട്ടായി ഗോപി സുന്ദർ കുറിച്ചത്. ഇരുവരും അവധി ആഘോഷത്തിനിടെ പകർത്തിയ ചിത്രമാണ് പങ്കിട്ടിരിക്കുന്നത്. എന്നാൽ ഇത് വരെ ഇരുവരും തങ്ങൾ ഡേറ്റിംഗിലാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഈ ചിത്രത്തിന് താഴെ ഗോപി സുന്ദറിനെ വിമർശിച്ചും അനുകൂലിച്ചും നിരധി പേർ എത്തിയിട്ടുണ്ട്.
റിയൽ ലൈഫ് കൺവിൻസിങ് സ്റ്റാർ… ആർക്കും ഒരു പരാതിയുമില്ല… എന്നാണ് ഒരാൾ ഗോപി സുന്ദറിനെ പരിഹസിച്ച് കുറിച്ചത്. ഗോപിയിസം, ഗോപി അണ്ണൻ ഉയിർ, അണ്ണൻ പൊളിയാണ് എന്നിങ്ങനെയെല്ലാം കമന്റുകളുണ്ട്. ഇത്രയധികം ബന്ധങ്ങൾ ജീവിതത്തിൽ വന്നുപോയിട്ടും ആരും ഇന്നേ വരെ ഗോപിസുന്ദറിനെ കുറിച്ച് പരാതി പറഞ്ഞിട്ടില്ല എന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.