
തിരുവനന്തപുരം: കുറിപ്പടിയില്ലാതെ ഗുളിക നല്‍കില്ലെന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്‍ പറഞ്ഞതിനെ തുടര്‍ന്ന് പ്രകോപിതരായ യുവാക്കള്‍ മെഡിക്കല്‍ ഷോപ്പ് അടിച്ചുതകർത്തു. നെയ്യാറ്റിന്‍കര ആശുപത്രി ജംക്‌ഷനു സമീപമുള്ള അപ്പോളോ മെഡിക്കല്‍ ഷോപ്പാണ് അടിച്ചു തകർത്തത്.
ലഹരിമരുന്നിനു പകരമായി പോലും ഉപയോഗിക്കാറുള്ള ഉറക്കഗുളികയാണ് സംഘം ആവശ്യപ്പെട്ടതെന്നാണ് മെഡിക്കല്‍ ഷോപ്പ് ഉടമ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇത്തരം മരുന്നുകള്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ നല്‍കരുതെന്നാണ് നിയമം.
ജീവനക്കാരൻ മരുന്ന് നൽകാൻ വിസമ്മതിച്ചതിന് പിന്നാലെ തിരികെ പോയ യുവാക്കൾ പുലർച്ചെ 2 മണിയോടെ വീണ്ടും കടയ്ക്കടുത്തെത്തി. ബൈക്കിലെത്തിയ സംഘം ജീവനക്കാരനായ അനസിനോട് പുറത്തുവരാന്‍ ആവശ്യപ്പെട്ടു. പിന്നാലെ ജീവനക്കാരന്റെ ബൈക്ക് തകർത്തു. ഇതിനു ശേഷമാണ് മെഡിക്കല്‍ ഷോപ്പിന്റെ ഗ്ലാസുകളും അടിച്ചു തകത്തത്. ബഹളം കേട്ട് പരിസരവാസികളും മറ്റും ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ ബൈക്കുകളില്‍ കടന്നുകളയുകയായിരുന്നു. പ്രതികളെ തിരയുകയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണമെന്നും പൊലീസ് അറിയിച്ചു.