KeralaNews

തലച്ചോറിൽ നാല്‌ വെടിയുണ്ടയുമായി ആറുമാസം; അത്യപൂർവ ശസ്ത്രക്രിയ,ജീവിതത്തിലേക്ക് മടങ്ങിയെത്തി പ്രദീപ്‌

കൊച്ചി: “വെടിയേറ്റതാണെന്ന്‌ എനിക്കാദ്യം മനസ്സിലായില്ല. തേനീച്ച കുത്തുന്നതുപോലെ എന്തോ ഒന്ന്‌ തറഞ്ഞുകയറുന്നതായി തോന്നി. പിന്നെ ഒന്നും ഓർമയുണ്ടായിരുന്നില്ല. അബോധാവസ്ഥയിൽ കഴിഞ്ഞ കുറേ ദിവസങ്ങൾക്കു ശേഷം ഡോക്ടർ പറഞ്ഞപ്പോഴാണ് എന്റെ തലച്ചോറിൽ നാല്‌ വെടിയുണ്ടകൾ തറഞ്ഞിരിക്കുന്നുണ്ടെന്ന്‌ മനസ്സിലായത്.

ആറു മാസത്തോളം തലച്ചോറിൽ വെടിയുണ്ടകളുമായാണ് ഞാൻ കഴിഞ്ഞിരുന്നതെന്ന്‌ ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. അദ്ഭുതകരമായി തിരികെക്കിട്ടിയ ഈ ജീവന്‌ ഞാൻ ആരോടൊക്കെയാണ് നന്ദി പറയേണ്ടത്…” നിറഞ്ഞ കണ്ണുകളോടെ പ്രദീപ് ചോദിക്കുമ്പോൾ അരികിലുണ്ടായിരുന്ന ഡോക്ടർ ആ ചുമലിൽ തട്ടി.

ഇടുക്കി മൂലമറ്റം സ്വദേശിയായ പ്രദീപ് കുമാർ (32) അത്യപൂർവമായ ശസ്ത്രക്രിയയിലൂടെ ജീവൻ തിരികെപ്പിടിച്ച കഥ വിസ്മയകരമാണ്. കൂട്ടുകാരനായ സനലിനൊപ്പം ബൈക്കിൽ സഞ്ചരിക്കുമ്പോൾ കഴിഞ്ഞ മാർച്ച് 26-നാണ് പ്രദീപിനു വെടിയേറ്റത്. മൂലമറ്റത്തെ തട്ടുകടയിൽ ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഒരു യുവാവാണ് ചുറ്റുമുണ്ടായിരുന്ന ആളുകളുടെ നേർക്ക്‌ വെടിയുതിർത്തത്. ആ സമയത്ത് ബൈക്കിൽ അതുവഴി വരികയായിരുന്ന പ്രദീപിനും സനലിനുമാണ് വെടിയേറ്റത്. സനൽ സംഭവസ്ഥലത്തുതന്നെ മരിച്ചപ്പോൾ ഗുരുതര പരിക്കുകളോടെ പ്രദീപിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഓർമയും കാഴ്ചയും കേൾവിയുമൊക്കെ കുറഞ്ഞ് ഗുരുതരാവസ്ഥയിലാണ് പ്രദീപിനെ കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. “ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെയായിരുന്നു ആ സമയത്ത് പ്രദീപിന്റെ സഞ്ചാരം. ശസ്ത്രക്രിയ നടത്തുമ്പോഴുള്ള വലിയ വെല്ലുവിളി തലച്ചോറിന്റെ മറ്റു ഭാഗങ്ങളിൽ ക്ഷതമേൽക്കാതിരിക്കുക എന്നതായിരുന്നു.

കാഴ്ചയും കേൾവിയും ഓർമയുമൊക്കെ ഒരിക്കലും തിരിച്ചുകിട്ടാനാകാത്ത വിധം നഷ്ടമായേക്കാമെന്ന ആശങ്കകൾക്കിടയിൽനിന്നായിരുന്നു ഞങ്ങൾക്ക്‌ ശസ്ത്രക്രിയ നടത്തേണ്ടിയിരുന്നത്. ന്യൂറോ നാവിഗേഷൻ എന്ന സംവിധാനത്തിന്റെ സഹായത്തോടെ പല ഘട്ടങ്ങളിലുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കുമ്പോൾ വലിയൊരു അദ്ഭുതമായിട്ടാണ് തോന്നുന്നത്” – ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയ ഡോക്ടർമാരായ ജെയിൻ ജോർജ്, ജേക്കബ് ചാക്കോ, പി.ജി. ഷാജി എന്നിവർ പറഞ്ഞു.

2011-ൽ നോർവേയിൽ നടന്ന 77 പേർ കൊല്ലപ്പെട്ട വെടിവെപ്പിൽ തലച്ചോറിൽ വെടിയുണ്ട കയറി ഇന്നും ചികിത്സയിൽ തുടരുന്ന ആൺകുട്ടിയുടെ കഥയെക്കാൾ വിസ്മയകരമാണ് പ്രദീപിന്റെ കഥയെന്ന്‌ സൺറൈസ് ആശുപത്രി ചെയർമാനായ ഡോ. ഹഫീസ് റഹ്‌മാൻ പറഞ്ഞു. ഇപ്പോൾ ജോലിയിൽ തിരികെ പ്രവേശിക്കാനുള്ള ശ്രമത്തിലാണ് പ്രദീപ്.

കുവൈത്തിൽ മെക്കാനിക്കായി ജോലിചെയ്തിരുന്ന പ്രദീപ് നാട്ടിൽ മടങ്ങിയെത്തി മാൾട്ടയിലേക്കു ജോലിക്കു പോകാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. “ഓർമകൾ നഷ്ടമായി കുഞ്ഞുങ്ങളെപ്പോലെയാണ് ഇത്രയുംകാലം പ്രദീപേട്ടൻ കഴിഞ്ഞിരുന്നത്. മക്കളുടെ പേരുപോലും മറന്ന ആ കാലത്തുനിന്ന്‌ പ്രദീപേട്ടൻ ജീവിതത്തിലേക്ക്‌ തിരികെയെത്തുമ്പോൾ കഴിഞ്ഞതെല്ലാം ഒരു സ്വപ്നംപോലെ തോന്നുന്നു” – അരികിൽ നിന്ന ഭാര്യ പൊന്നു ഇതു പറയുമ്പോൾ പ്രദീപ് ആ കൈകളിൽ മുറുകെപ്പിടിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker