മുണ്ടക്കയം: തെക്കൻ ജില്ലകളിൽ തകർത്തുപെയ്ത പേമാരിയുടെ ദുരിതമൊഴിയുന്നില്ല. കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ ഉരുൾപൊട്ടലിൽ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തു. ഇടുക്കിയിലെ കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങൾക്കൂടി കണ്ടെടുത്തതോടെ സംസ്ഥാനത്ത് ഇന്നലെയും ഇന്നുമായി മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 19 ആയി.
കൊക്കയാറില്‍ ഉരുള്‍പൊട്ടലില്‍ (landslide) കാണാതായ രണ്ടുപേരുടെ മൃതദേഹം (dead body) കൂടി കണ്ടത്തി. ഫൗസിയ (28)
അമീൻ (10) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം ആറായി. അഫ്‍ന ഫൈസൽ (8), അഫിയാൻ ഫൈസൽ (4), അംന (7), ഷാജി ചിറയില്‍ എന്നിവരുടെതാണ് കണ്ടെത്തിയ മറ്റ് മൃതദേഹങ്ങള്‍. മണിമലയാറിലെ മുണ്ടക്കയത്ത് നിന്നാണ് ഷാജി ചിറയിലിന്‍റെ മൃതദേഹം കണ്ടെത്തിയത്.ഇനി കണ്ടെത്താനുള്ളത് മൂന്ന് വയസുള്ള സച്ചു ഷാഹുലിനെ മാത്രമാണ്. കൊക്കയാർ പഞ്ചായത്തിന് സമീപം ഒഴിക്കിൽപ്പെട്ട് കാണാതായ ആൻസി എന്ന വീട്ടമ്മയെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്ത് പരിശോധിക്കുന്നതിന് ഇടയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരേ സ്ഥലത്ത് നിന്നാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ ഏഴുമണി മുതല്‍ എന്‍ഡിആര്‍എഫും പൊലീസും കാണാതായവര്‍ക്കായി പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണ്.
അതേസമയം പെരുവന്താനം നിർമലഗിരിയിൽ മലവെള്ളപാച്ചിലിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശ്ശേരിയിൽ ജോജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് ജോജോ മലവെള്ളപാച്ചിലിൽപ്പെട്ടത്. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽനിന്ന് ഇന്ന് ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. കാവാലിയിലും പ്ലാപ്പള്ളിയിലുമായാണ് ഏഴുപേരുടെ മൃതദേഹം കണ്ടെത്തിയത്. ഒരു കുടുംബത്തിലെ ആറ് പേരടക്കം ഇവിടെ ആകെ മരണം പത്തായി. ഇവിടെ എത്രപേരെയാണ് ഇനി കണ്ടെത്താനുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരമില്ല. കുറഞ്ഞത് മൂന്നുപേരെയെങ്കിലും ഇനിയും കണ്ടെത്താനുണ്ട് എന്നാണ് കരുതുന്നത്.
ഇന്ന് പകൽ സമയത്ത് മഴ കുറഞ്ഞ് നിന്നത് രക്ഷാപ്രവർത്തനം കാര്യക്ഷമമാക്കി. മണ്ണിൽ പെട്ടുപോയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. എന്നാൽ ഉച്ചകഴിഞ്ഞതോടെ മഴയ്ക്കുള്ള ലക്ഷണങ്ങളാണ് പ്രദേശത്തുള്ളത്.
കോട്ടയം-ഇടുക്കി ജില്ലകളെ വേർതിരിക്കുന്ന പുല്ലകയാറിന് സമീപ പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായിരിക്കുന്നത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലും ഇടുക്കി ജില്ലയിൽ ഉൾപ്പെടുന്ന കൊക്കയാറും തമ്മിൽ ഏതാനും കിലോമീറ്ററുകളുടെ മാത്രം വ്യത്യാസമാണുള്ളത്. രണ്ട് ജില്ലകളിലാണെങ്കിലും ഒരേ ഭൂപ്രകൃതി നിലനിൽക്കുന്ന പ്രദേശമാണിവ. മുൻപ് ഒരിക്കലും ഇവിടെ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.