മുംബൈ: ബിജെപിയുമായി ഭാവിയിൽ സഖ്യസാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന് ശിവസേന എംപി സഞ്ജയ് റൗത്ത്. രാഷ്ട്രീയത്തിൽ എന്ത് വേണമെങ്കിലും സംഭവിക്കാമെന്നും രാഷ്ട്രീയത്തിൽ സ്ഥിരം ശത്രുക്കൾ ഇല്ലെന്നും റൗത്ത് പറഞ്ഞു. ശിവസേന ശത്രുവല്ലെന്ന ബി ജെ പി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രതികരണത്തിന് പിന്നാലെയാണ് റൗത്തിന്റെ വാക്കുകൾ.
‘ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കാര്യം തന്നെ നോക്കൂ. നേരത്തേ ബി ജെ പിയുടെ ശത്രുവായ ശക്തനായിരുന്നു അദ്ദേഹം. ഇപ്പോൾ അദ്ദേഹം ബി ജെ പിക്കൊപ്പമാണ്. അതാണ് പറഞ്ഞത് രാഷ്ട്രീയത്തിൽ എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം.
ബി ജെ പിയും ശിവസേനയും 25 വർഷം സഖ്യമായി ഇരുന്നതാണ്. ഫഡ്നാവിസ് രാഷ്ട്രീയത്തിൽ വരുന്നതിന് മുൻപേ തന്നെ ശിവസേനയും ബി ജെ പിയും സഖ്യമായിരുന്നു. ഏറ്റവും വിശ്വസനീയമായ സഖ്യകക്ഷി. പക്ഷേ ബി ജെ പി ഞങ്ങളെ ചവിട്ടി. പക്ഷെ രാഷ്ട്രീയത്തിൽ എന്തും സാധ്യമാകുമെന്ന് ഞാൻ കരുതുന്നു’, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന തങ്ങളുടെ ശത്രുവല്ലെന്ന് ഫഡ്നാവിസ് പറഞ്ഞത്. ‘ഉദ്ധവ് താക്കറെ തന്റെ സുഹൃത്താണ്. രാജ് താക്കറെയും. രാജ് ഇപ്പോഴും എന്റെ സുഹൃത്താണ്. പക്ഷെ ഉദ്ധവ് തന്റെ ശത്രുവല്ല’, എന്നായിരുന്നു ഫഡ്നാവിസിന്റെ വാക്കുകൾ.
നിയമസഭ തിരഞ്ഞെടുപ്പിലെ തിരച്ചടിക്ക് പിന്നാലെ കടുത്ത നിരാശയിലാണ് ഉദ്ധവിന്റെ ശിവസേന പക്ഷം. കോൺഗ്രസുമായി ഉണ്ടാക്കിയ സഖ്യം വിജയിച്ചില്ലെന്ന മാത്രമല്ല തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്ക് കാരണമാകുകയും ചെയ്തു. നിലവിൽ കോൺഗ്രസുമായി അകന്ന് നിൽക്കുന്ന സമീപനമാണ് ശിവസേന സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ശിവസേന ആം ആദ്മിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല വരാനിരിക്കുന്ന മുംബൈ ബൃഹൺ കോർപറേഷൻ തിരഞ്ഞെടുപ്പിൽ തങ്ങൾ തനിച്ച് മത്സരിക്കുമെന്ന് ശിവസേന പ്രഖ്യാപിച്ചിട്ടുണ്ട്.
ശിവസേന വിട്ട് പോയ ഏക്നാഥ് ഷിൻഡെയെ മാറ്റി ഫഡ്നാവിസിനെ തിരഞ്ഞെടുത്തത് മുതൽ തന്നെ ഉദ്ധവ് താക്കറെ നേതൃത്വം ബി ജെ പിയോടുള്ള നിലപാട് മയപ്പെടുത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഉദ്ധവും മകനും ചേർന്ന് ഫഡ്നാവിസിനെ നേരിൽ സന്ദർശിക്കുകയും ബൊക്ക കൈമാറുകയും ചെയ്തിരുന്നു. ഇതെല്ലാം പുതിയ രാഷ്ട്രീയ കളികൾക്കുള്ള സൂചനയായിട്ടാണ് വിലയിരുത്തപ്പെടുന്നത്.