‘അന്നേ നിങ്ങളെ ഞാന്‍ വിലയിരുത്തിയിരുത്തിയതാണ്’; ഫാദര്‍ ജോസഫ് പുത്തന്‍പുരക്കലിനെതിരെ ആഞ്ഞടിച്ച് സിസ്റ്റര്‍ ലൂസി കളപ്പുര
മാനന്തവാടി: ചാനല്‍ പരിപാടിക്കിടെ തനിക്കെതിരെ അപവാദപ്രചരണം നടത്തിയ വൈദികന്‍ ജോസഫ് പുത്തന്‍പുരക്കലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍. ചാനലില്‍ വന്ന് പറയാന്‍ സാധിക്കാത്ത ഒത്തിരി കാര്യങ്ങള്‍ അധികാരികളുടേയും തന്റെയും പക്കല്‍ ഉണ്ടെന്നായിരുന്നു ഫാദര്‍ ജോസഫ് പുത്തന്‍പുരക്കലിന്റെ ആരോപണം.
സ്ത്രീകള്‍ അനങ്ങരുത്, തെറ്റുകളെ ചൂണ്ടികാണിച്ചാല്‍ ഏത് വിധേനയും അവളെ ഇല്ലാതാക്കുന്ന കത്തോലിക്ക പുരുഷമേധാവിത്വമാണുള്ളത്. കന്യാസ്ത്രീകള്‍ ഭയന്ന് എന്തിനും ഈ വര്‍ഗ്ഗത്തിന് കൂട്ടുനില്‍ക്കുകയാണെന്നും സിറ്റര്‍ ലൂസി പറയുന്നു. നിങ്ങള്‍ക്ക് ഈ വാര്‍ത്തകള്‍ എവിടെ നിന്ന് ലഭിച്ചെന്ന് വിശദമാക്കണമെന്നും കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയില്‍ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാന്‍ നിങ്ങളെ വിലയിരുത്തിയിരുത്തിയതാണെന്നും സിസ്റ്റര്‍ ലൂസി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിശദമാക്കുന്നു.
നേരത്തെ വാര്‍ത്തശേഖരണവുമായി ബന്ധപ്പെട്ട് തന്നെ കാണാന്‍ എത്തിയ രണ്ടു പ്രദേശിക മാധ്യമ പ്രവര്‍ത്തകര്‍ കാരയ്ക്കാമല മഠത്തിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ഉപയോഗിച്ച മാനന്തവാടി രൂപത പിആര്‍ഒയും വൈദികനുമായ ഫാദര്‍ നോബിള്‍ തോമസ് പാറക്കലിനെതിരെ ശക്തമായ ഭാഷയിലാണ് സിസ്റ്റര്‍ ലൂസി പ്രതികരിച്ചത്. സംഭവത്തില്‍ വൈദികനെതിരെ കേസ് എടുത്തിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ജോസഫ് പുത്തന്‍പുരക്കല്‍ എന്ന മാന്യദേഹം, കത്തോലിക്കസഭയിലെ വൈദീകന്‍, 24 ന്യൂസ് ജനകീയകോടതിയിലൂടെ പരസ്യമായി എന്നെ അപകീര്‍ത്തിപ്പെടുത്തിയിരിക്കുന്നു..ചാനലില്‍ വന്ന് അലക്കാന്‍ കഴിയാത്ത ഒത്തിരി കാര്യങ്ങള്‍ അധികാരികളുടേയും അദ്ദേഹത്തിന്റേയും കൈവശമുണ്ട് എന്ന് വാദിച്ച് എനിക്ക് മാനഹാനി വരുത്തിയിരിക്കുന്ന നിങ്ങള്‍ മാപ്പ് പറയുക വേണം.ഇല്ലെന്കില്‍ പരാതിയുമായി പോകേണ്ടി വരും.ഇതാണ് സഭയിലെ നീതി .കന്യാസ്ത്രീകള്‍ അനങ്ങരുത് ,തെറ്റുകളെ ചൂണ്ടികാണിച്ചാല്‍ ഏത് വിധേനയും അവളെ ഇല്ലാതാക്കുന്ന കത്തോലിക്ക പുരുഷമേധാവിത്വം.കന്യാസ്ത്രീകള്‍ ഭയന്ന് ഏന്തിനും ഈ വര്‍ഗ്ഗത്തിന് കൂട്ടുനില്ക്കുന്നു. കാര്യങ്ങള്‍ പുറത്ത് പറയൂ പുത്തന്‍പുര.എവിടുന്ന് കിട്ടി നിങ്ങള്‍ക്കീവാര്‍ത്തകള്‍?സി.ആന്‍ജോസഫിന്റെ വകയാണോ? എന്തായാലും കുടുംബജീവിതത്തെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തെക്കുറിച്ചും ടി വി ഷോയില്‍ ഒരു കൊച്ചുകുട്ടിയുടെ ചോദ്യത്തിന് മറുപടി കൊടുത്ത അന്നേ ഞാന്‍ നിങ്ങളെ വിലയിരുത്തിയിരുന്നു.പരസ്യപ്പെടുത്താന്‍ മേലാത്ത നിങ്ങള്‍ പറയുന്ന അനേക കാര്യം വെളിപ്പെടുത്തൂ.വെല്ലുവിളിക്കന്നു…!