തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന്‍റെ കോച്ചിന്റെ സ്ഥാനം ചോദിച്ചതിന് രോഗിയായ യുവാവിന് ക്രൂര മര്‍ദ്ദനം. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് വടക്കാഞ്ചേരി കുറാഞ്ചേരി കിഴക്കേചരുവില്‍ മൂസയുടെ മകന്‍ ഷമീറിന് റെയില്‍വേ ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന റെയില്‍വേ ജീവനക്കാരനെതിരേ ആര്‍.പി.എഫ്. കേസെടുത്തു.
ഞരമ്പുകള്‍ ദുര്‍ബലമാകുന്ന അസുഖത്തിനുള്ള ചികിത്സയുടെ ഭാഗമായി ഷമീര്‍ തിരുവനന്തപുരത്തേക്ക് പോകാനായി തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം. തനിക്ക് കയറേണ്ട എസ്-5 കോച്ച് എവിടെയാണെന്ന് അന്വേഷിച്ചപ്പോള്‍ റെയില്‍വേ ജീവനക്കാരന്‍ മര്‍ദിച്ചെന്നാണ് നല്‍കിയ പരാതിയില്‍ യുവാവ് ആരോപിക്കുന്നത്.
ഞരമ്പുകള്‍ ദുര്‍ബലമാകുന്ന അസുഖം മൂലം ഷമീറിന് നടക്കാന്‍ ബുദ്ധിമുട്ടുണ്ട്. കൂടാതെ സംസാരിക്കുന്നതിനും ചെറിയ പ്രശ്നങ്ങളുണ്ട്. ഇതിനുള്ള ചികിത്സ വര്‍ഷങ്ങളായി തുടരുകയായിരുന്നു. ട്രെയിനിലേക്ക് ഓടിക്കയറാവാത്തത് കൊണ്ടാണ് കോച്ചിന്‍റെ സ്ഥാനം ചോദിച്ചതെന്ന് ഷമീര്‍ പറയുന്നു.
ജീവനക്കാരിലൊരാള്‍ ടോര്‍ച്ച് ഉപയോഗിച്ച് അടിച്ചു. അടിയേറ്റ് നെറ്റിയില്‍ മുറിവുണ്ടായി. ചോരവാര്‍ന്നുകിടന്ന ഷമീറിനെ റെയില്‍വേ പൊലീസാണ് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. നെറ്റിയിലെ മുറിവില്‍ മൂന്ന് സ്റ്റിച്ച് ഇടേണ്ടിവന്നു. ശരീരത്തില്‍ പലഭാഗത്തും മര്‍ദനമേറ്റിട്ടുണ്ട്. കുറ്റക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.