കൊച്ചി: ആലത്തൂര്‍ പോലീസ് സ്‌റ്റേഷനില്‍ അഭിഭാഷകനോട് അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തില്‍ എസ്.ഐ. റെനീഷിന് രണ്ടു മാസം വെറും തടവ് വിധിച്ച് ഹൈക്കോടതി. എന്നാല്‍, ഒരു വര്‍ഷത്തെ നല്ലനടപ്പിന് നിര്‍ദേശിച്ചുകൊണ്ട് ശിക്ഷ നടപ്പാക്കുന്നത് കോടതി മരവിപ്പിച്ചിട്ടുണ്ട്. ഒരു വര്‍ഷത്തിനിടെ സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കാതിരുന്നാല്‍ ശിക്ഷയില്‍ നിന്നൊഴിവാക്കും.
ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. ആലത്തൂരിലെ വാഹനാപകടവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത ബസ് വിട്ടുകിട്ടാനുള്ള കോടതി ഉത്തരവുമായി എത്തിയ അഡ്വ. അക്വിബ് സുഹൈലും എസ്.ഐ. റെനീഷും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. എസ്.ഐയും അഭിഭാഷകനും തമ്മിലുള്ള വാക്കേറ്റത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് കോടതിയലക്ഷ്യം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് റിനീഷിനെതിരേ കേസെടുത്തത്. റിനീഷിനെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.
നേരത്തേ, ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എസ്.ഐ. റെനീഷ് സംഭവത്തില്‍ നിരുപാധികം മാപ്പു പറഞ്ഞിരുന്നു. മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടില്ലെന്നും സാഹചര്യങ്ങളുടെ സമ്മര്‍ദം കാരണമാണ് ചില അനിഷ്ടസംഭവങ്ങളുണ്ടായതെന്നുമാണ് എസ്.ഐ. മാപ്പപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് പരിഗണിച്ച ഹൈക്കോടതി കോടതിയലക്ഷ്യ കേസില്‍ മറുപടി നല്‍കേണ്ടത് ഇങ്ങനെയാണോ എന്നും മോശം വാക്കുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ എന്തിനാണ് മാപ്പ് പറയുന്നതെന്നും എസ്.ഐ.യോട് ചോദിച്ചിരുന്നു.