അമ്മ’യിൽ വീണ്ടും പൊട്ടിത്തെറി;മാല പാർവതിക്ക് പിന്നാലെ ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു
കൊച്ചി: വിജയ് ബാബു വിവാദത്തിൽ താരസംഘടനയായ ‘അമ്മ’യിൽ പൊട്ടിത്തെറിയെന്ന് സൂചന. മാല പാർവതിക്ക് പിന്നാലെ അമ്മയിലെ ഐസിസി കമ്മിറ്റിയിൽ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. വിജയ് ബാബുവിനെതിരെ അമ്മ സ്വീകരിച്ചത് നടപടിയല്ലെന്ന് മാല പാർവതി ഇന്നലെ പ്രതികരിച്ചിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് സ്വയം രാജിവയ‌്ക്കുകയാണെന്ന വിജയ് ബാബുവിന്റെ കത്ത് അമ്മ അംഗീകരിക്കുകയായിരുന്നു. ഇത് നടപടിയായി അംഗീകരിക്കാൻ കഴിയില്ലെന്നും, സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണെന്നും പാർവതി ഇന്നലെ പ്രതികരിച്ചു.
അമ്മയുടെ ആഭ്യന്തര പരാതിപരിഹാര സമിതിയുടെ അദ്ധ്യക്ഷയായിരുന്നു ശ്വേത മേനോൻ. ശ്വേതയും കുക്കു പരമേശ്വരനും ഇന്നലെ തന്നെ രാജി സന്നദ്ധത അറിയിച്ചിരുന്നതായി മാല പാർവതി വെളിപ്പെടുത്തിയിരുന്നു. എക്സിക്യൂട്ടീവ് കൗൺസിലിൽ നിന്നും വിജയ് ബാബുവിനെ മാറ്റണമെന്ന ആവശ്യമാണ് ഐസിസി മുന്നോട്ട് വച്ചത്. നിർവാഹക സമിതി അംഗത്വത്തിൽ നിന്നും മാറിനിൽക്കാമെന്ന് വിജയ് ബാബു അമ്മയ്ക്ക് കത്ത് നൽകിയിരുന്നു. ഇത് സ്വീകരിക്കാനുള്ള സാദ്ധ്യതയുള്ളതായി തങ്ങൾ ചിന്തിച്ചില്ലെന്നും മാലാ പാർവതി പ്രതികരിച്ചിരുന്നു.
വിജയ് ബാബുവിന്റെ പ്രശ്നത്തിൽ ആഭ്യന്തര പരാതി പരിഹാര സമിതി ആവശ്യപ്പെട്ടത് പ്രകാരമാണ് അടിയന്തിരമായി എക്സിക്യൂട്ടീവ് വിളിച്ചുകൂട്ടിയതെന്ന് അമ്മ എക്‌സിക്യൂട്ടീവ് അഗം ബാബു രാജ് പ്രതികരിച്ചു. വിജയ് ബാബുവിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മാറ്റണമെന്നാണ് ഐസിസി കമ്മറ്റി റിപ്പോർട്ട് നൽകിയത്. എക്‌സിക്യൂട്ടീവ് കമ്മറ്റിയിലെ ഭൂരിപക്ഷാഭിപ്രായം വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവിൽ നിന്ന് മാറ്റുക അല്ലെങ്കിൽ അദ്ദേഹം സ്വയം മാറുക എന്നുള്ളതാണ്. കമ്മിറ്റിയുടെ ആവശ്യപ്രകാരം തന്നെയാണ് വിജയ് ബാബു മാറി നിന്നത്. പക്ഷേ അവസാനം വന്ന ലെറ്ററിൽ അദ്ദേഹം മാറി നിൽക്കുന്നു എന്ന് മാത്രമേ വന്നുളൂ അതാണ് എല്ലാവരെയും ചൊടിപ്പിച്ചത്. അത് എഴുത്തുകുത്തിൽ വന്ന പിശക് മാത്രമാണെന്ന് ബാബു രാജ് പറഞ്ഞു.
വൈസ് പ്രസിഡന്റ് മണിയൻ പിള്ള രാജുവിനെതിരെയും താരം പ്രതികരിച്ചു. സ്ത്രീകൾക്ക് മറ്റൊരു സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയണം എന്ന് വൈസ് പ്രസിഡിന്റ് മണിയൻപിള്ള രാജു പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്ന് മനസിലായില്ല. ആ പ്രസ്‌താവനയോടുള്ള മറുപടി തന്നെയാണ് മാലാ പാർവതിയുടെ രാജി എന്നും ബാബുരാജ് പറഞ്ഞു. സ്ത്രീകൾക്കെതിരെ വരുന്ന എന്ത് പ്രശ്‌നങ്ങളിലും അമ്മ അവരോടൊപ്പം ഒറ്റക്കെട്ടായി നിൽക്കും അവർ മറ്റൊരിടത്ത് പോയി പരാതി പറയണം എന്ന് ഒരിക്കലും പറയില്ല. മണിയൻപിള്ള രാജു അങ്ങനെ പറഞ്ഞത് തെറ്റായിപ്പോയി എന്നാണ് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.