KeralaNews

‘154 ദിവസം കഴിഞ്ഞാണോ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കേണ്ടത്? പ്രാഥമിക സഹായം പോലും ലഭിച്ചില്ലെന്ന് മന്ത്രി

തിരുവനന്തപുരം: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായി 154 ദിവസത്തിന് ശേഷം, കേരളം ആദ്യഘട്ടത്തിൽ ആവശ്യപ്പെട്ട മൂന്ന് ആവശ്യങ്ങളിൽ ഒന്ന് തത്വത്തിൽ അംഗീകരിച്ചെന്ന് മന്ത്രി കെ രാജൻ. 154 ദിവസം കഴിഞ്ഞാണോ അതിതീവ്ര ദുരന്തമാണെന്ന് കേരളത്തെ അറിയിക്കേണ്ടത്? വീണ്ടും വീണ്ടും കത്ത് കൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ മറുപടി. രണ്ട് മാസത്തിനകമായിരുന്നു ഈ കത്തെങ്കിൽ എന്തെങ്കിലും ഗുണം ഉണ്ടായേനെ. പുറത്ത് നിന്നുള്ള ഏജൻസികളുടെ എങ്കിലും സഹായം തേടാമായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു.

1202 കോടി രൂപയുടെ പ്രാഥമിക സഹായമോ അതിൽ ഒന്നാം ഘട്ടമായി ആവശ്യപ്പെട്ട തുകയോ കേന്ദ്രം ഇതുവരെ അനുവദിച്ചില്ലെന്ന് മന്ത്രി പറഞ്ഞു. നവംബർ 13 ന് കേരളം റിപ്പോർട്ട് സമർപ്പിച്ചതാണ്. ഇതുവരെ തീരുമാനമായില്ല. എന്തിനാണിത്ര കാലതാമസം എന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. കോടതിയും സർക്കാരും നിരന്തരം ആവശ്യപ്പെട്ടപ്പോൾ 153 കോടി രൂപ എസ്ഡിആർഎഫ് ഫണ്ടിൽ നിന്ന് ഉപയോഗിക്കാൻ അനുവദിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് കേന്ദ്രം ചെയ്തത്. ജനാധിപത്യ മൂല്യങ്ങളോടും ജനങ്ങളോടും ഉള്ള വെല്ലുവിളിയാണിതെന്നും മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കൽ നടപടിയുമായി സർക്കാർ അതിവേഗം മുന്നോട്ട് പോകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. കേരളത്തിന്റെ ആവശ്യം അംഗീകരിച്ച് ആഭ്യന്തര മന്ത്രാലയം കേരളത്തിന് കത്ത് നൽകി. എന്നാൽ പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുന്നതിൽ ഇപ്പോഴും വ്യക്തമായ മറുപടി നൽകിയിട്ടില്ല. ദുരന്തമുണ്ടായി അഞ്ചാം മാസമാണ് കേരളത്തിന്റെ ആവശ്യങ്ങളിലൊന്ന് കേന്ദ്രം അംഗീകരിച്ചത്. കേന്ദ്ര മന്ത്രിസഭാ സമിതിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വയനാട് ഉരുൾപ്പൊട്ടൽ, അതിതീവ്ര ദുരന്തമായി കണക്കാക്കുന്നുവെന്നാണ് കത്തിലുള്ളത്.

ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി, സംസ്ഥാന റവന്യു സെക്രട്ടറിക്ക് കത്ത് കൈമാറി. അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചതോടെ വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള അധിക ഫണ്ടുകൾ സംസ്ഥാനത്തിന് ലഭിക്കുന്നതിന് അവസരമൊരുങ്ങും. എംപി ഫണ്ടുകൾ ഉപയോഗിക്കാനാകും. എന്നാൽ പ്രത്യേക ധനസഹായ പാക്കേജിൽ കേന്ദ്രം ഇപ്പോഴും മൗനം തുടരുകയാണ്.

അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുക, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം നൽകുക, ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുക, പുനർനിർമാണത്തിന് പ്രത്യേക ധനസഹായ പാക്കേജ് അനുവദിക്കുക എന്നീ നാല് ആവശ്യങ്ങളാണ് കേരളം കേന്ദ്രത്തെ അറിയിച്ചത്. ഇതിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം ഇനി അനുവദിക്കില്ലെന്ന സൂചനയാണ് കേന്ദ്രം ആവർത്തിക്കുന്നത്. കടങ്ങൾ എഴുതിത്തള്ളുന്നതിൽ മറുപടിയായിട്ടില്ല. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker