കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സിപിഐ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പൂര്‍ണ തൃപ്തിയില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വനിതാ പ്രാതിനിധ്യം കുറഞ്ഞത് വലിയ പിഴവാണെന്ന് അദ്ദേഹം പറഞ്ഞു. ചിഞ്ചുറാണിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച പ്രശ്‌നം ചടയമംഗലത്ത് പരിഹരിക്കപ്പെട്ടാല്‍ പോലും പട്ടികയിലെ സ്ത്രീസാന്നിധ്യം രണ്ടിലേക്ക് ഒതുങ്ങുന്ന സാഹചര്യത്തിലാണ് പ്രതികരണം. പ്രാദേശികമായ എതിര്‍പ്പുകള്‍ കാര്യമായി എടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
വനിതാ പ്രാതിനിധ്യത്തില്‍ കുറവ് വന്നെന്ന് തുറന്നു സമ്മതിക്കുന്നു. മൂന്ന് വനിതാ സ്ഥാനാര്‍ത്ഥികളെങ്കിലും പട്ടികയില്‍ വേണ്ടതായിരുന്നു. ചടയമംഗലത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കും. ശബരിമല വിഷയത്തില്‍ വിധി വരും മുമ്പ് അത് ചര്‍ച്ചയാക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഇപ്പോള്‍ ശബരിമലയെ സംബന്ധിച്ച് ഒരു പ്രശ്‌നങ്ങളും നിലവില്‍ ഇല്ല. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അതും ഒരു വിഷയമായി വിശ്വാസത്തിന്റെ പ്രശ്‌നമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണ്.
എല്‍ഡിഎഫ് കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം കര്‍ഷകര്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് എല്‍ഡിഎഫുമായി സഹകരിക്കാന്‍ അവര്‍ തയ്യാറായി. അവരുടെ നിലപാട് മാറിയപ്പോള്‍ തങ്ങളുടെ നിലപാടും മാറിയെന്നും കാനം അഭിപ്രായപ്പെട്ടു.